കുട്ടനാട്: കഴിഞ്ഞ രണ്ടാംകൃഷി സീസണിലെ നെല്ലു സംഭരണം പൂര്‍ത്തിയായി. ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നായി 42,647 ടണ്‍ നെല്ലാണു സപ്ലൈകോ സംഭരിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ 1040 ടണ്‍ അധികം നെല്ല് കൂടുതലായി ഇത്തവണ സംഭരിച്ചു. എന്നാല്‍ മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഇത്തവണ കൃഷിയിറക്കിയിരുന്നു.
മുന്‍ വര്‍ഷങ്ങളിലെപ്പോലെ 19 രൂപ പ്രകാരമുള്ള നെല്ലുവിലയാണ് ഇപ്പോള്‍ വിതരണം ചെയ്തിരിക്കുന്നത്. നേരത്തെ സര്‍ക്കാര്‍ നെല്ലുവില 21.50 രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. സംഭരിച്ച മുഴുവന്‍ നെല്ലിനും 2.5 രൂപ വീതമുള്ള തുകയാണ് ഇനിയും കൊടുത്തു തീര്‍ക്കാനുള്ളത്.
സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറു മൂലമാണു മുഴുവന്‍ തുകയും ഒന്നിച്ചു വിതരണം ചെയ്യാനാകാത്തതെന്നു പാഡി മാര്‍ക്കറ്റിങ് അധികൃതര്‍ പറയുന്നു. പഴയ നിരക്കിന്‍പ്രകാരമുള്ള മുഴുവന്‍ തുകയും വിതരണം ചെയ്തു കഴിയുമ്പോള്‍ പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തശേഷം ശേഷിക്കുന്ന തുകയും വിതരണം ചെയ്യും.
രണ്ടാംകൃഷിക്കു ഇത്തവണ കുട്ടനാട്ടില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ നെല്ലു സംഭരിച്ചിരിക്കുന്നത്. 26,287 ടണ്‍ നെല്ലാണു കുട്ടനാട്ടില്‍ നിന്നും സംഭരിക്കപ്പെട്ടത്. 3.5 ടണ്‍ സംഭരിക്കപ്പെട്ട ചെങ്ങന്നൂരിലാണു ഏറ്റവും കുറവ്. അമ്പലപ്പുഴ 13,939.4, കാര്‍ത്തികപ്പള്ളി 2,119.5, മാവേലിക്കര 5.5 ടണ്‍ എന്നിങ്ങനെയാണു സംഭരണം നടന്നത്.
10,500 ഹെക്ടറിലാണു ഇത്തവണ രണ്ടാം കൃഷിയിറക്കിയിരുന്നത്. ജില്ലയില്‍ വ്യത്യസ്ഥ സമയങ്ങളിലായാണു കഴിഞ്ഞ തവണ രണ്ടാംകൃഷിയിറക്കിയത്. ആദ്യഘട്ടത്തില്‍ കൃഷിയിറക്കിയ സ്ഥലങ്ങളില്‍ വളരെനേരത്തേ വിളവെടുപ്പു പൂര്‍ത്തിയായിരുന്നു.














