മുഹമ്മ: അരയ്‌ക്ക് കീഴ്‌പ്പോട്ട് തളര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി നവ്യയെ ജീവിതത്തിലേയ്‌ക്ക് തിരികെ കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് കുട്ടിപ്പോലീസ്.മുഹമ്മ എ ബി വിലാസം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന നവ്യ കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാര്‍ഡ് പാണിച്ചിറ ലാല്‍-ശോഭന ദമ്പതികളുടെ മകളാണ്. മാസം തികയാതെ അരയ്‌ക്ക് താഴോട്ട് ചലനമില്ലാതെയായിരുന്നു നവ്യയുടെ ജനനം. വിവിധ ആശുപത്രികളില്‍ ചികില്‍സ നടത്തിയെങ്കിലും കാര്യമായ പ്രയോജനം ലഭിച്ചില്ല. പിന്നീട് ശസ്ത്രക്രിയ നടത്തി.
അമൃത ആശുപത്രിയിലെ വിദഗ്ധ ചികില്‍സയെ തുടര്‍ന്ന് പരസഹായത്തോടെ നടക്കാന്‍ കഴിയും. എന്നാല്‍ മൂത്രം നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയാത്തതിനാല്‍ സ്‌കൂളില്‍ പോകുന്നില്ല. രണ്ടുവര്‍ഷമായി വീടുതന്നെയാണ് നവ്യയ്‌ക്ക് സ്‌കൂള്‍. ഫ്രണ്ട്‌സ് അറ്റ് ഹോം എന്ന പദ്ധതിയിലൂടെ കുട്ടിപ്പോലീസ് ഒഴിവുദിവസങ്ങളില്‍ നവ്യയെ പഠിപ്പിക്കാന്‍ വീട്ടിലെത്തും. അസുഖം മാറി സ്‌കൂളില്‍ പോകണമെന്നാണ് നവ്യയുടെ സ്വപ്നം. പിതാവ് ലാലിന്റെ തുച്ഛമായ വരുമാനമാണ് ഏക ആശ്രയം. ഫിസിയോതെറാപ്പി ചെയ്യാന്‍ ദിവസേന 300 ഓളം രൂപ വേണ്ടിവരും.
ഇവരുടെ ദയനീയാവസ്ഥ മനസിലാക്കി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ മുഹമ്മ,പുത്തനങ്ങാടി പ്രദേശങ്ങളിലെ കടകളും സ്ഥാപനങ്ങളും കയറിയിറങ്ങി അരലക്ഷം രൂപ സമാഹരിച്ച് നവ്യയുടെ വീട്ടിലെത്തി തുക കൈമാറി. പി ടി എ വൈസ് പ്രസിഡന്റ് കെ എസ് ലാലിച്ചന്‍,മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ജെ ജെയലാല്‍,സി ഐ കെ ജി അനീഷ്. എസ് ഐ എം എം ഇഗ്നേഷ്യസ്,ഹെഡ്മാസ്റ്റര്‍ പി പ്രസന്നകുമാര്‍,കലാദേവി,രജിത്,ശ്രീലത,വി സവിനയന്‍,അശ്വതി,അനുപമ തുടങ്ങിയവര്‍ പങ്കെടുത്തു.















