ആലപ്പുഴ: ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളഎല്ലാ തൊഴില്‍ രഹിതര്‍ക്കും ശമ്പള വ്യവസ്ഥയില്‍ സുസ്ഥിരമായ തൊഴില്‍ ലഭ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ സൗജന്യ തൊഴില്‍ പരിശീലനവും നിയമനവും എന്ന പദ്ധതി നടപ്പാക്കുന്നു.
ജില്ലയില്‍ ആലപ്പുഴ നഗരത്തില്‍ മാത്രമാണ് പദ്ധതി. മൂന്നു വര്‍ഷംകൊണ്ട് കുറഞ്ഞത് 1800 പേര്‍ക്ക് തൊഴില്‍ നല്‍കുകയെന്നതാണ് ലക്ഷ്യമെന്ന് നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫും ദേശീയ നഗര ഉപജീവന മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ വി. ദീപ്തിയും പത്രസമ്മേളനത്തില്‍ അറിയിച്ചു.
18നു മുകളില്‍ പ്രായമുള്ള ആര്‍ക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാം. അവരവരുടെ വിദ്യാഭ്യാസ യോഗ്യതയ്‌ക്കനുസരിച്ചുള്ള കോഴ്‌സുകളും തെരഞ്ഞെടുക്കാം. തൊഴില്‍ സാദ്ധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ സര്‍ട്ടിഫൈഡ് കോഴ്‌സുകളിലൂടെ തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായവര്‍ക്ക് സൗജന്യ പരിശീലനവും നിയമനവും പദ്ധതി ഉറപ്പാക്കുന്നു.
സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹി#്കുന്നവര്‍ക്ക് അതിനുള്ളസഹായവും നല്‍കും. ദേശീയ സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരുമുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ഏജന്‍സികള്‍ പരീക്ഷ നടത്തി നല്‍കുന്നത്. ആലപ്പുഴ നഗരത്തില്‍തന്നെയാണ് പരിശീലന കേന്ദ്രം.
ഉയര്‍ന്ന യോഗ്യത ആവശ്യമുള്ള പരിശീലനങ്ങള്‍ക്കായി തൊട്ടടുത്ത നഗരത്തിലോ സംസ്ഥാന തലത്തിലോ പരിശീലന കേന്ദ്രം ഏര്‍പ്പെടുത്തും. ഓരോ പരിശീലന ബാച്ചിലും കുറഞ്ഞത് 50 ശതമാനം പേര്‍ക്കെങ്കിലും തൊഴില്‍ നിയമനം നല്‍കും. നഗരസഭാഓഫീസിലും കുടുംബശ്രീ യുണിറ്റുകള്‍ മുഖാന്തിരവും അപേക്ഷകള്‍ സമര്‍പ്പിക്കാം. കുടുംബശ്രീ വെബ് സൈറ്റിലും അപേക്ഷാഫോറം ലഭ്യമാണ്.















