മുഹമ്മ: ജീവനുള്ള അനേകം കഥാപാത്രങ്ങളെ സ്റ്റേജില്‍ അവതരിപ്പിച്ച് കാണികളുടെ ഹൃദയം കവര്‍ന്ന നാടക കലാകാരി സഹൃദയരുടെയും ഉദാരമതികളുടെയും സഹായം തേടുന്നു. മുപ്പത് വര്‍ഷമായി നാടക അഭിനയ രംഗത്ത് മികവ് പുലര്‍ത്തിയ ഗംഗാബോസ്(ദേവകിഅന്തര്‍ജനം)ആണ് ചികില്‍സാ സഹായം തേടുന്നത്.
ബസപകടത്തെ തുടര്‍ന്ന് ഇരുകാലുകളുടെയും മുട്ട് തകരാറിലായ ഇവര്‍ക്ക് നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ചിരട്ട മാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയ നടത്തിയെങ്കില്‍ മാത്രമേ നടക്കാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. രണ്ടുലക്ഷത്തോളം രൂപയാണ് ഇതിനായി വേണ്ടത്. ചില സംഘടനകളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഒരു കാലിന്റെ ശസ്ത്രക്രിയ നടത്തി.
രണ്ടാമത്തെ കാലിന്റെ ശസ്ത്രക്രിയ കൂടി പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമേ ഇവര്‍ക്ക് ജോലിചെയ്ത് ജീവിക്കാനാകൂ. ഭര്‍ത്താവ് മരിച്ചുപോയ ഗംഗാബോസ് മായിത്തറയില്‍ കാക്കേരി വീട്ടില്‍ വാടകയ്‌ക്ക് തനിച്ചാണ് താമസം. നാടകത്തിന് പോകാന്‍ കഴിയാത്തത് കൊണ്ട് വാടക കൊടുക്കാന്‍പോലും നിവര്‍ത്തിയില്ലാത്ത അവസ്ഥയിലാണ്.
ഒട്ടോറെ പ്രമുഖ നാടക ട്രൂപ്പുകളില്‍ പ്രധാന വേഷങ്ങള്‍ ചെയ്ത ഈ കലാകാരി സുമനസ്സുകളുടെ സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്നു. മുഹമ്മ എസ്ബിടിയില്‍ ഇവരുടെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 00000057053300545. ഐഎഫ്‌സി: എസ്ബിടിആര്‍ 0000299. ഫോണ്‍: 9847540765.
















