ദിനങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോകുമ്പോള്‍ കൊഴിഞ്ഞുവീഴുന്ന വര്‍ഷം. തോരാതെ പെയ്ത മഴയും വേനലറുതിയും ഇലപൊഴിയും കാലവുമെല്ലാം കടന്ന്, വീണ്ടുമൊരു തനിയാവര്ത്തനത്തിന് മുമ്പൊരു ചെറിയ ഇടവേളയെടുത്ത് ഊഴം കാത്തുനില്ക്കുന്നു ഋതുഭേദങ്ങള്‍. മാറ്റം ഒഴികെ മറ്റൊന്നും ശാശ്വതമല്ലെന്ന് പറഞ്ഞ തത്വചിന്തകന്‍ ഹെറാക്ലീറ്റസിന് വന്ദനം. കാലവും പ്രകൃതിയും മനുജനും മാറിക്കൊണ്ടേയിരിക്കുന്ന ചുറ്റുപാടില്‍ നാളെയെന്തെന്നറിയാതെ ഉഴലുന്നതിനിടയില്‍ ദാ ഒരു വര്‍ഷം കൂടി തൊട്ടടുത്തെത്തിയിരിക്കുന്നു. നാളുകള്‍ ചെല്ലുന്തോറുംം അശാന്തിയുടെ വിളനിലങ്ങളായി ലോകത്തിലെ പലഭാഗങ്ങളും മാറിക്കൊണ്ടിരിക്കുമ്പോഴും പ്രതീക്ഷയുടെ പ്രകാശം പരത്താന്‍ ലോകരാജ്യങ്ങളു തയ്യാറായിക്കഴിഞ്ഞു.
ഭൗതികമായ സുഖലോലുപതയുടെ മടിത്തട്ടില്‍ ഇരുന്നവര്‍ പുതുവര്‍ഷത്തെ
വരവേല്‍ക്കും. നുരഞ്ഞുപൊങ്ങുന്ന ഷാംപെയിനുകള്‍ക്കു മുന്നില്‍, മുകളില്‍ ആകാശത്ത് വിരിയുന്ന വര്‍ണ തീപ്പൊട്ടുകള്‍ സാക്ഷി നിര്‍ത്തി ആഘോഷത്തിമിര്‍പ്പിലാകും. പല നാടുകള്‍, ഇവിടങ്ങളിലെ പുതുവര്‍ഷാഘോഷങ്ങള്‍ക്കുമുണ്ട് ഏറെ പുതുമ. പ്രതീക്ഷ നിറഞ്ഞ മനസ്സുകള്‍ക്ക് മാത്രം എവിടേയും മാറ്റമില്ല. ലോകത്തൊരുവിധം എല്ലായിടങ്ങളിലും പിന്തുടരുന്ന
ഗ്രിഗോറിയന്‍ കാലഗണനാ രീതിയനുസരിച്ച് ജനുവരിയില്‍ തുടങ്ങുന്നു ഒരു വര്‍ഷം. വ്യത്യസ്ത നാടുകള്‍ പുതുവര്‍ഷത്തെ സ്വീകരിക്കുന്നത് അവരുടെ പാരമ്പര്യവും സംസ്കാരവും അനുസരിച്ചാണ്. പുതുമ നിറഞ്ഞ ആ ആഘോഷരാവുകളിലൂടെ
ഒരു രാപ്പാടിയെപ്പോലെ പാറിപ്പറക്കാം.
പുതുവര്‍ഷം ആഘോഷിക്കാംബ്രസീലില്‍
പാരമ്പര്യവും സംസ്കാരവും കാത്തുസൂക്ഷിച്ചുകൊണ്ട് നവവത്സരം ആഘോഷിക്കുന്നവരാണ് ബ്രസീലിയന്‍ ജനത. ഭാഗ്യവും സമ്പല്‍ സമൃദ്ധിയും കൊണ്ടുവരുമെന്ന വിശ്വാസത്താല്‍ ധാന്യവും ചോറും കഴിക്കുകയെന്ന പരമ്പരാഗത രീതി ഇന്നും ഇവര്‍ പുതുവര്‍ഷാരംഭത്തില്‍ പിന്തുടരുന്നുണ്ട്. ശുഭ്രവസ്ത്രം ധരിച്ച്, സമുദ്രത്തിന്റെ ദേവതയായി ആരാധിക്കുന്ന ലെമഞ്ഞയ്യ്ക്ക് പൂക്കളും സമ്മാനങ്ങളും അര്‍പ്പിച്ചാണ് നവവര്‍ഷം ബ്രസീലുകാര്‍ ആഘോഷിക്കുന്നത്.
ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് പുതുവര്‍ഷം സമസ്ത ഭംഗിയോടെ ആഘോഷിക്കപ്പെടുന്നത്. വര്‍ണപ്പടക്കങ്ങള്‍ ഇല്ലാതെ അത് പൂര്ണമാവുകയുമില്ല. സംഗീതപരിപാടികളാലും നൃത്തത്താലും രാവിനെ അവര്‍ കൂടുതല്‍ മനോഹരമാക്കും. ബ്രസീലിയന്‍ കാര്‍ണിവലാണ് മറ്റൊരു പ്രത്യേകത.
പോവാം സൈപ്രസിലേക്ക്
ക്രിസ്തുമസിനേക്കാള്‍ വലിയ ആഘോഷമായിട്ടാണ് സൈപ്രസ് ജനത ന്യൂ ഇയറിനെ സ്വാഗതം ചെയ്യുന്നത്. അവര്‍ക്ക് ആ ദിനം സെന്റ് ബേസില്‍സ് ദിനം കൂടിയാണ്. സാന്താക്ലോസിന് ഒപ്പമാണ് സെന്റ് ബേസിലിനുള്ള സ്ഥാനം. പുതുവര്‍ഷ ദിനം സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും വീട് സന്ദര്‍ശിച്ച് അവര്‍ക്ക് സമ്മാനങ്ങള്‍ നല്കുന്ന പതിവുമുണ്ട്. സമൃദ്ധമായ വിരുന്നുസല്ക്കാരവും സംഗീതവും ആസ്വദിച്ചാണ് പുതുവര്‍ഷത്തിന്റെ തുടക്കം. ഏറ്റവും പ്രധാനപ്പെട്ട ഡിഷാണ് സെന്റ് ബേസിലിന്റെ പേരിലുള്ള കേക്. വാസിലോപിറ്റ എന്നാണ് ഈ കേക്ക് അറിയപ്പെടുന്നത്. കേക്കിന്റെ ഉള്ളില്‍ സ്വര്‍ണത്തിന്റേയോ വെള്ളിയുടേയോ ഒരു നാണയവും ഒളിപ്പിച്ചിട്ടുണ്ടാവും. ഈ നാണയം കിട്ടുന്നയാള്‍ക്ക് വര്‍ഷം മുഴുവന്‍ ഭാഗ്യം കൂടെയുണ്ടാകുമെന്നാണ് വിശ്വാസം.
ഫിന്‍ലാന്റ്
പൈന്മരങ്ങളില് തങ്ങി നില്ക്കുന്ന മഞ്ഞുതുള്ളികള്‍പോലും കൂടുതല്‍ മനോഹരിയായിരിക്കുന്നു, പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍. കുട്ടികളും യുവാക്കളുമാണ് ഈ ദിനം ആഘോഷമാക്കുന്നത്. വര്‍ണാഭമായ കരിമരുന്ന് പ്രയോഗത്താല്‍ രാവ് കൂടുതല്‍ സുന്ദരിയാകുന്ന നിമിഷം. വിവിധ നിറത്താല്‍ ദീപാലംകൃതമാകും ഓരോ തെരുവും. മഞ്ഞുപൊഴിയുന്ന നിശയില്‍ ആഹ്ലാദനൃത്തം ചെയ്യും ഫിന്‍ലാന്റ് ജനത.
പോകാം ഫാഷന്റെ നാട്ടിലേക്ക്, ഫ്രാന്‍സിലേക്ക്
എത്രയേറെ പുരോഗമിച്ചാലും ന്യൂ ഇയര്‍ ആഘോഷത്തിന്റെ കാര്യം വരുമ്പോള്‍ പുരാതന വിശ്വാസങ്ങള്‍ കൈവിടാത്തവരാണ് ഫ്രഞ്ച് ജനത. ലാ സെയിന്റ് സില്‍വസ്റ്റര്‍ എന്നാണ് ഇവിടുത്തെ പുതുവര്‍ഷാഘോഷം അറിയപ്പെടുന്നത്. പ്രത്യേക ഡിന്നര്‍ പോലും ചില വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിരുന്നില്‍ ഒരുക്കുന്ന വിഭവങ്ങളായ പാന്‍കേക്കും പ്രത്യേകതരം താറാവ് കറിയും ഷാംപെയിനും വീട്ടില്‍ സമൃദ്ധി കൊണ്ടുവരുമെന്നാണ് ഇവരുടെ വിശ്വാസം. ഏറെക്കുറെ സ്വകാര്യമായ ആഘോഷങ്ങളാണ് ഫ്രാന്‍സില്‍. പ്രിയപ്പെട്ടവരോടൊത്ത് അത്താഴം കഴിച്ചുകൊണ്ടുള്ള ആഘോഷം. പരസ്പരം സമ്മാനങ്ങള്‍ കൈമാറുന്ന ചടങ്ങുമുണ്ട്. ന്യൂ ഇയര്‍ കാര്‍ഡും കേക്കുമൊക്കെയാണ് സമ്മാനമായി നല്‍കുക. ഫാഷന്റെ നഗരമായി അറിയപ്പെടുന്ന പാരീസിലെ ന്യൂ ഇയര്‍ പരേഡാണ് ശ്രദ്ധേയം. രണ്ട് ദിവനസം നീണ്ടുനില്‍ക്കുന്ന ഈ ആഘോഷത്തില്‍ നിരവധി ഗായകരും നര്‍ത്തകരും ഒക്കെയാണ് പരേഡ് ഗ്രാന്റാക്കാന്‍ എത്തുന്നത്. വിവിധ നിരത്തുകളിലൂടെ പരേഡ് മാര്‍ച്ച് ചെയ്യും. ഡിസംബര്‍ 31 ന് ആരംഭിക്കുന്ന പരേഡ് ജനുവരി ഒന്നിന് ഈഫല്‍ ടവറിന് കീഴിലെത്തിയാണ് സമാപിക്കുന്നത്.
ജര്‍മനി
പാട്ടും ആട്ടവും കളിയും കൊണ്ട് ജര്‍മന്‍ ജനത നവവര്‍ഷത്തെ വരവേല്‍ക്കും. ജീവിതത്തിലേക്ക് കൂട്ടിച്ചേര്‍ക്കേണ്ടതോ അല്ലെങ്കില്‍ ഒഴിവാക്കേണ്ടതോ ആയ കാര്യങ്ങളില്‍ പ്രതിജ്ഞയെടുക്കും. ആശംസകള്‍ കൈമാറും. ഇതെല്ലാം മറ്റുപലയിടങ്ങളിലും പതിവുള്ളതുതന്നെ. തലമുറകളായി കൈമാറി വരുന്ന വിശ്വാസങ്ങളും ജര്‍മന്‍ ജനത പിന്തുടരുന്നു. അതില്‍ പ്രധാനമാണ് ഈയം ഉരുക്കി, തണുത്ത വെള്ളത്തിലേക്ക് തുള്ളിതുള്ളിയായി ഇറ്റിക്കുകയെന്നത്. അപ്പോള്‍ രൂപം കൊള്ളുന്ന ആകൃതിക്കനുസരിച്ച് വരും വര്‍ഷം അവര്‍ക്ക് എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കും. ഹൃദയത്തിന്റേയോ മോതിരത്തിന്റേയോ ആകൃതിയാണ് കിട്ടുന്നതെങ്കില്‍ അത് വിവാഹത്തെ സൂചിപ്പിക്കുന്നു. കപ്പലിന്റെ ആകൃതിയാണെങ്കില്‍ യാത്രയെ സൂചിപ്പിക്കുന്നു.
ഇന്ത്യയും വരവേല്‍ക്കുന്നു പുതുവര്‍ഷത്തെ
പുതുവര്‍ഷാഘോഷം എന്നത് പാശ്ചാത്യ സങ്കല്പമാണെങ്കിലും ഇന്ത്യക്കാരും ഒരേ മനസ്സോടെ പുതുവര്‍ഷത്തിനായി കാത്തിരിക്കുന്നു. നടപ്പുവര്‍ഷത്തിന് യാത്രയയപ്പുനല്കി നവവര്‍ഷത്തെ ഹൃദയം തുറന്നുസ്വീകരിക്കും. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം സന്തോഷം പങ്കിടും. നിശാക്ലബ്ബുകളും ഡിസ്കോതെക്കുകളും തിയേറ്ററുകളും ആളുകളെക്കൊണ്ട് നിറയും. പണ്ട് നഗരങ്ങളിലാണ് ആഘോഷത്തിമിര്‍പ്പുകള്‍ കണ്ടിരുന്നതെങ്കില്‍ ഇന്ന് ഗ്രാമങ്ങളും ആടിയും പാടിയും പടക്കം പൊട്ടിച്ചുമെല്ലാം പുതുവര്‍ഷത്തെ സ്വീകരിക്കുന്നു. ചിലര്‍ വീട്ടില്‍ത്തന്നെയിരുന്ന് വേണ്ടപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കുമ്പോള്‍ മറ്റു ചിലര്‍ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച് പുതുവര്‍ഷം ശോഭനമാകാന്‍ വേണ്ട അനുഗ്രഹം തേടും.
ഇന്ത്യയില്‍ ന്യൂ ഇയര്‍ ഒരു സംഭവമാകുന്നത് ഗോവയിലെത്തുമ്പോഴാണ്. സംഗീതവും നൃത്തവും നേരമ്പോക്കുമായി ന്യൂ ഇയര്‍ ആഘോഷിക്കാന്‍ സ്വദേശികള്‍ മാത്രമല്ല വിദേശികളും ഇവിടേക്ക് ഒഴുകിയെത്തുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും വരെ നൃത്തശാലകള്‍ സജ്ജീകരിച്ചിട്ടുണ്ടാകും. ഇഷ്ടപ്പെട്ട രുചികളും ബീച്ചിന്റെ സൗന്ദര്യവുമെല്ലാം ആസ്വദിച്ച് വരും വര്‍ഷത്തെ സ്വീകരിക്കാം.
പുതുവര്‍ഷത്തിലെ ഇറ്റാലിയന്‍ ടച്ച്
ഇറ്റാലിയന്‍ ആഘോഷങ്ങളില്‍ ഭക്ഷണത്തിനാണ് പ്രധാനപങ്ക്. പുതുവര്‍ഷാഘോഷത്തിലും അതിന് മാറ്റമില്ല. ധാന്യവര്‍ഗങ്ങളാണ് പുതുവര്‍ഷ വിരുന്നിലെ താരം. വരും വര്‍ഷം സമ്പല്‍സമൃദ്ധമാകണം എന്നതിന്റെ പ്രതീകമെന്ന നിലയില്‍ ധാന്യവര്‍ഗങ്ങള്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് അവര്‍ക്ക്. കരിമരുന്ന് പ്രയോഗവും നൃത്തവും ഇല്ലാതെ ഇറ്റലിക്കാര്‍ക്കുമില്ല പുതുവര്‍ഷാഘോഷം.
ന്യൂ ഇയറിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിന് ഏറെ പേരുകേട്ട സ്ഥലങ്ങളിലൊന്നാണ് നേപ്പിള്‍സ്. പോപ്, റോക് ബാന്‍ഡുകളുടെ ഔട്ട്ഡോര്‍ ഷോകളും പുതുവര്‍ഷ രാവിനെ സംഗീത സാന്ദ്രമാക്കുന്നു. പുതുവര്‍ഷമെന്നാല്‍ പുലരുംവരെ നീളുന്ന ആഘോഷമാണ് ഇറ്റലിക്കാര്‍ക്ക്. പുതുവര്‍ഷപിറവിയിലെ ആദ്യ സൂര്യോദയം കണ്ടശേഷമേ ഇറ്റലിക്കാര്‍ കൂടണയൂ എന്ന് ചുരുക്കം. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനായി പണ്ടുതൊട്ടേ പിന്തുടരുന്ന ഒരാചാരവുമുണ്ട് ഇറ്റലിയില്‍. പഴയ വസ്തുക്കള്‍ ജനലിലൂടെ പുറത്തേക്ക് എറിയും. പുതുവര്‍ഷത്തെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായി എന്നതിന്റെ സൂചനയാണിത്.
ജപ്പാന്
1873 മുതലാണ് ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി ഒന്നിന് ഇവര്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ തുടങ്ങിയത്. പുതുവര്‍ഷദിനത്തില്‍ ജപ്പാനിലെ പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്ക് പിടിപ്പതു പണിയുണ്ടാകും. അന്നേദിനം പുതുവര്‍ഷ ആശംസാ കാര്‍ഡുകള്‍ അയക്കുന്ന തിരക്കിലാവും അവര്‍. പുതുവര്‍ഷ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ഗ്രീറ്റിങ് കാര്‍ഡ് അയക്കുന്നത് ഭാഗ്യം നല്‍കുമെന്നാണ് ജപ്പാന് ജനതയുടെ വിശ്വാസം. ന്യൂ ഇയറിന് മുന്നേതന്നെ കാര്‍ഡുകള്‍ പോസ്റ്റ് ചെയ്യുമെങ്കിലും ന്യൂ ഇയര്‍ ദിനത്തിലാണ് ശേഖരിച്ച കാര്‍ഡുകളെല്ലാം അയക്കുന്നത്.
നമ്മുടെ നാട്ടില്‍ കര്‍ക്കടക സംക്രമത്തിന് തൊട്ടുമുമ്പ് വീട് കഴുകി വൃത്തിയാക്ക് ജ്യേഷ്ഠാദേവിയെ പുറത്താക്കി മഹാലക്ഷ്മിയെ സ്വീകരിക്കാനൊരുങ്ങുന്നതിന് സമാനമായ ചടങ്ങ് ജപ്പാനിലും നടത്താറുണ്ട്. പുതുവര്‍ഷത്തോടനുബന്ധിച്ച് ദിവസങ്ങള്‍ക്കുമുന്നേതന്നെ അവര്‍ വീടുകള്‍ ശുദ്ധമാക്കും. പോയവര്‍ഷത്തെ എല്ലാ മാലിന്യങ്ങളും ഒഴിവാക്കി വരുംവര്‍ഷത്തെ സ്വീകരിക്കാന്‍ ജപ്പാന് ജനത തയ്യാറായി എന്നതിന്റെ സൂചനയാണിത്.
അമ്പലങ്ങളില്‍ നിന്നുള്ള മണിനാദം ശ്രവിക്കുന്നത് ശുഭകരമായും കരുതുന്നു. ജാപ്പനീസ് വിശ്വാസം അനുസരിച്ച് 108 തവണ മണിനാദം മുഴങ്ങുന്നത് കേട്ടാല്‍ പാപമെല്ലാം അതകറ്റുമെന്നും പുതുജീവന്‍ നല്‍കുമെന്നുമാണ് വിശ്വാസം. ന്യൂ ഇയറിന്റെ അന്ന് ന്യൂഡില്‍സ് കഴിക്കുകയെന്നതാണ് മറ്റൊരു രസകരമായ കാര്യം. കൂടുതല്‍ അടുപ്പത്തിന്റേയും ശ്രേയസിന്റേയും പ്രതീകമാണത്രേ ഇത്. പന്നപ്പുല്ലുകള്‍കൊണ്ടും മറ്റ് വിശേഷവസ്തുക്കള്‍ക്കൊണ്ടും അന്നേ ദിവസം ഓഫീസുകളും തെരുവുകളും വീടുകളുമെല്ലാം ജപ്പാന്‍കാര്‍ അലങ്കരിക്കും.
നേപ്പാളിന്റെ സ്വന്തം നവവര്‍ഷം
ഒരു വര്‍ഷം മൂന്ന് പുതുവര്‍ഷം ആഘോഷിക്കുന്ന ഭാഗ്യവാന്മാരാണ് നേപ്പാളികള്‍. ഒന്ന് ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരമുള്ളത്, മറ്റൊന്ന് ടിബറ്റന്‍ ന്യൂ ഇയര്‍, അടുത്തത് നവവര്‍ഷ. എന്തായാലും ഇതെല്ലാം അവര്‍ ഒരേപോലെ ആഘോഷിക്കുന്നു. രാജ്യത്തിനകത്തുള്ളവര്‍ക്കും നേപ്പാള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും സന്തോഷിക്കാനുള്ള സമയമാണിത്. ക്ഷേത്രങ്ങളിലെത്തി പൂജയര്‍പ്പിക്കാതെ ഇവിടെ ഒരാളും ഉണ്ടാവില്ല.
പുതുവര്‍ഷ രാവില്‍ തിളങ്ങി അമേരിക്ക
ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷമാക്കുന്ന അമേരിക്കക്കാരും വളരെ വ്യത്യസ്തമായ രീതിയിലാണ് നവവല്സരത്തെ വരവേല്‍ക്കുന്നത്. കടന്നുപോകുന്ന വര്‍ഷത്തിലെ അവസാന മിനിട്ടുവരെ ആഘോഷമാക്കുന്ന അവര്‍ പുതുവര്‍ഷത്തെ സ്വീകരിക്കുന്നത് ശബ്ദകോലാഹലത്തോടെയാണ്. രാജകീയമായ ഡിന്നറും നിശാപാര്‍ട്ടികളും സംഗീത പരിപാടികളും എല്ലാം കൂടി ആഘോഷം ഗംഭീരമാക്കും. എല്ലാവര്‍ഷവും ന്യൂയോര്‍ക്കിലെ ടൈം സ്ക്വയറില്‍ ഒരു വലിയ ബോള്‍ സജ്ജീകരിച്ചിരിക്കും. ആയിരക്കണക്കിനാളുകളാണ് ഇവിടുത്തെ ന്യൂ ഇയര്‍ ആഘോഷം വീക്ഷിക്കാനെത്തുന്നത്. പുതുവര്‍ഷം ആരംഭിക്കുന്നതിന് ഒരു മിനിട്ട് മുമ്പ് പ്രകാശിക്കുന്ന ഈ പന്ത് ഒരു ദണ്ഡിന്റെ മുകളില്‍ നിന്നും താഴേക്ക് ഒഴുകിയിറങ്ങും. ബോള്‍ ഭൂമിയില്‍ സ്പര്‍ശിക്കുമ്പോള്‍ അത് പുതുവര്‍ഷം വന്നണഞ്ഞതിന്റെ അടയാളമായി. യുഎസില്‍ നടക്കുന്ന ന്യൂ ഇയര്‍ പാര്‍ട്ടികള്‍ക്കെല്ലാം തന്നെ ഒരു ഡ്രസ്കോഡോ അല്ലെങ്കില്‍ ഒരു തീമോ ഉണ്ടായിരിക്കും.
മണി പന്ത്രണ്ടടിക്കുമ്പോള്‍ ഷാംപെയിന് ബോട്ടില്‍ തുറന്ന് നുരഞ്ഞുപൊങ്ങുന്ന ഷാംപെയിന് നുണഞ്ഞ് പുതുവര്‍ഷ രാവ് ഉത്സവമാക്കാന്‍ തുടങ്ങും അമേരിക്കന്‍സ്.
വ്യത്യസ്തവും രസകരവുമായ രീതിയില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നവരാണ് ഡെന്മാര്ക്കുകാര്. ക്ലോക്കില്‍ മണി 12 അടിക്കുമ്പോള്‍ കസേരയ്ക്കുമുകളില്‍ നിലയുറപ്പിച്ച ശേഷം താഴേക്ക് ഒറ്റച്ചാട്ടം കൊടുക്കും ഡെന്മാര്ക്കിലെ ജനത. അതേപോലെ തന്നെ മണി 12 അടിക്കുമ്പോള്‍ ഓരോ മണിയടിക്കും ഓരോ മുന്തിരിപ്പഴം കഴിച്ചുകൊണ്ടാണ് സ്പെയിനിലെ ആളുകള്‍ നവവര്‍ഷത്തെ വരവേല്‍ക്കുന്നത്. ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസമാണ് ഇതിന് പിന്നില്‍. ഇത്തരത്തിലെല്ലാം കൗതുകമുണര്‍ത്തുന്ന കാര്യങ്ങള്‍ക്കൊണ്ട് സമ്പന്നമാണ് വിവിധ രാജ്യങ്ങളിലെ പുതുവര്‍ഷാഘോഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: