തിരുവനന്തപുരം: മദ്യപിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ പോലീസ് പിടികൂടിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ സര്‍വീസ് സ്തംഭിപ്പിച്ചു. തുടര്‍ന്ന് പ്രക്ഷുബ്ധരായ യാത്രക്കാര്‍ ഡിപ്പോ ആക്രമിച്ചു.
ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം. ബാലരാമപുരം പെരമ്പഴുതൂര് വഴി നെയ്യാറ്റിന്‍കരയ്ക്ക് പോകുന്ന ഓര്‍ഡിനറി ബസിന്റെ ഡ്രൈവര്‍ എസ്.കെ. മണിയെയാണ് മദ്യപിച്ചെന്ന് പറഞ്ഞ് പോലീസ് പിടികൂടിയത്. പോലീസിന് കിട്ടിയ വിവരത്തെ തുടര്‍ന്നാണ് ട്രാഫിക്ക് പോലീസ് പരിശോധനയ്ക്കെത്തിയത്. ബസ്സിനെ തടഞ്ഞുനിര്‍ത്തിയ പോലീസ് ബ്രീത്ത് അനലൈസറില്‍ ഊതാന്‍ പറഞ്ഞപ്പോള്‍ ഇയാള്‍ വിസമ്മതിക്കുകയും പരിശോധനയ്ക്കെത്തിയ പോലീസിനെ തള്ളിമാറ്റിക്കൊണ്ട് ഡിപ്പോയ്ക്കുള്ളിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയുമായിരുന്നു. പിന്തുടര്‍ന്ന പോലീസ് ഇയാളെ പിടികൂടി ട്രാഫിക് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതോടെ ഡിപ്പോയിലെ മുഴുവന്‍ ഡ്രൈവര്‍മാരും യാത്രക്കാര്‍ ഇരിക്കവെ ബസ്സിനുള്ളില്‍ നിന്നിറങ്ങി ഡിപ്പോയ്ക്കുള്ളില്‍ കയറി പണിമുടക്കുകയായിരുന്നു. തുടര്‍ന്ന് പ്രക്ഷുബ്ധരായ യാത്രക്കാര്‍ കണ്ടക്ടര്മാരുായി വാഗ്വാദത്തിലേര്‍പ്പെട്ടു. ഇത് ഉന്തും തള്ളിലുമാണ് കലാശിച്ചത്. കല്ലേറുവരെയുണ്ടായി. രാത്രി 8.30 വരെ യാത്രക്കാരും കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മില്‍ പരസ്പരം നടത്തിയ കല്ലേറില്‍ നിരവധി ബസ്സുകളുടെ ചില്ലുകള്‍ തകര്‍ന്നു.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ തന്നെ ബസ്സുകള്‍ ചില്ലുകള്‍ എറിഞ്ഞ് തകര്‍ക്കുന്നതും കാണാമായിരുന്നു. തുടര്‍ന്ന് തമ്പാനൂര്‍ സിഐ സുരേഷ് ജി. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡിപ്പോയ്ക്കുള്ളില്‍ കയറി ജീവനക്കാരുടെ കല്ലേറിനെ തടഞ്ഞു. ഗുണ്ടാസംഘങ്ങളെ പോലുള്ള വിളയാട്ടമായിരുന്നു ജീവനക്കാര്‍ ഡിപ്പോയ്ക്കുള്ളില്‍ നടത്തിയത്. അതേ സമയം പോലീസ് പിടികൂടിയ ഡ്രൈവറെ മെഡിക്കല്‍പരിശോധന പോലും നടത്താതെ വിട്ടയയ്ക്കുകയായിരുന്നു. ആഭ്യന്തര ഉന്നതങ്ങളില്‍ നിന്ന് വിളി വന്നതിനെത്തുടര്‍ന്ന് എസ്.കെ. മണിയെ വിട്ടയച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് 9 മണിക്ക് ബസ് സര്‍വീസ് പുനരാരംഭിച്ചു. പാപ്പനംകോട് എസ്റ്റേറ്റ് വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ബീനയുടെ ഭര്‍ത്താവും ഐഎന്‍ടിയുസി സംസ്ഥാന കമ്മറ്റിയംഗവുമാണ് മണി. പാപ്പനംകോട് ഡിപ്പോയുടെ നേതൃത്വത്തില്‍ പിആര്‍എസിന് മുന്നില്‍ വച്ച് യാത്രക്കാരനെ ബസ്സിടിച്ച് കൊന്ന കേസില്‍ ജയിലില്‍ കിടക്കുന്ന സഹജീവനക്കാരന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ധര്ണയിലുള്ള പ്രതിഷേധമാണ് പോലീസ് കാണിച്ചതെന്ന് കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: