ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തില്‍ ഭ്രൂണാവസ്ഥ കൈവരിച്ച് മനുഷ്യരൂപത്തിലേക്കുള്ള പ്രയാണം ആരംഭിക്കുമ്പോള്‍ ഏതൊരമ്മയുടേയും മനസ്സില്‍ നിറയുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്, തന്റെ കുഞ്ഞിന് പൂര്‍ണാരോഗ്യം നല്കണേയെന്ന്. പക്ഷേ പ്രാര്‍ത്ഥനകള്‍ എല്ലായ്പ്പോഴും ഫലിക്കണമെന്നില്ലല്ലോ?. ശാരീരിക പരിമിതികളോടെ പിറന്നുവീഴുന്ന കണ്മണികള് സമൂഹത്തിന് മുന്നില്‍ ഒരു നൊമ്പരക്കാഴ്ചയാണെങ്കിലും അവരെ മാറ്റിനിര്‍ത്തിയിരിക്കുന്ന അവസ്ഥ. അവര്‍ സാധാരണ മനുഷ്യനെപ്പോലെ സമൂഹത്തില്‍ ജീവിക്കേണ്ടവരാണെന്ന ധാരണയില്ലാതെയുള്ള പെരുമാറ്റമാണ് പലപ്പോഴും അഭ്യസ്തവിദ്യരും സംസ്കാര സമ്പന്നരെന്നും അഭിമാനിക്കുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
സമൂഹത്തില്‍ വേര്‍തിരിവ് എന്നത് അനാദികാലം മുതലേ ഉള്ളതുതന്നെ. സമ്പന്നനും ദരിദ്രനും എന്ന വേര്‍തിരിവ്, ജാതീയമായ വേര്‍തിരിവ് മറ്റൊന്ന്, വിദ്യാഭ്യാസമുള്ളവനും ഇല്ലാത്തവനുമെന്ന വേര്‍തിരിവ്, അങ്ങനെ ഏതു തട്ടില്‍ നോക്കിയാലും അവിടെയെല്ലാമുണ്ട് വേര്‍തിരിവ്. വൈകല്യം അത് ആരുടേയും കുറ്റമല്ല. അതൊരു അവസ്ഥയാണ്. ഒരു മനുഷ്യന് പൂര്‍ണത കല്പിക്കുന്ന ഘടകങ്ങളില്‍ ചിലതിന്റെയെല്ലാം അഭാവംകൊണ്ടുമാത്രം മാറ്റി നിര്‍ത്തപ്പെടുന്നവര്‍. ആദ്യകാലത്ത് ഇവരെ യാതൊരു ദയാദാക്ഷിണ്യവും ഇല്ലാതെ വികലാംഗര്‍ എന്ന് വിളിച്ചു.
അപകര്‍ഷതാബോധത്തിന്റെ പടുകുഴിയിലേക്ക് എടുത്തെറിയപ്പെട്ട അവസ്ഥയില്‍ നിന്നും കരകയറാന്‍ പിന്നെയും എടുത്തു ഏറെനാള്‍. എങ്കിലും അവരുടെ പരിമിതിയെ ഒഴിവാക്കി നിര്‍ത്തിക്കൊണ്ട് ചിന്തിക്കാന്‍ ആരും തയ്യാറായില്ല. അവര്‍ അംഗപരിമിതരും ഭിന്നശേഷിക്കാരുമായി അറിയപ്പെട്ടു. അവരുടെ പരിമിതികളെ നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ട് സമൂഹത്തില്‍ നിങ്ങള്‍ മറ്റൊരു വിഭാഗമാണെന്ന് അടിവരയിട്ടു. മുന്നോട്ട് കുതിക്കുന്നതിനുള്ള ഊര്‍ജം പകരുന്നതിന് പകരം നമ്മളില്‍ ഒരാളായി മാറേണ്ടവരെ പിന്നോട്ടടിച്ചു.
പക്ഷേ ഇപ്പോഴിതാ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി ഒരാള്‍ സംസാരിച്ചിരിക്കുന്നു, സുന്ദരമായ പദംകൊണ്ട് അവരെ വിശേഷിപ്പിച്ചിരിക്കുന്നു. മറ്റാരുമല്ല,
ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി. നാളിതുവരെ നാം ചിന്തിച്ചതില്‍ നിന്നെല്ലാം വ്യത്യസ്തമായ ചിന്താധാരയിലൂടെ അദ്ദേഹം അവരെ വിളിക്കുന്നു, ദിവ്യാംഗര്‍ എന്ന്. എല്ലാ പരിമിതികളേയും മറികടന്ന് മുന്നോട്ട് പോകുന്നതിനുള്ള ഊര്‍ജമത്രയും നിറഞ്ഞിരിക്കുന്നു ഈ വാക്കില്‍ എന്ന് നിസംശയം പറയാം. കഴിഞ്ഞ ദിവസത്തെ മന്‍കിബാത്ത് റേഡിയോ പരിപാടിയിലൂടെയാണ് ദിവ്യാംഗര്‍ എന്ന വാക്ക് അദ്ദേഹം ഭാരതീയര്‍ക്ക് സമ്മാനിച്ചത്.
ഒട്ടനവധി വെല്ലുവിളികള്‍ നിറഞ്ഞ ജീവിതത്തിലൂടെ കടന്നുപോകുന്നവര്‍. സാധാരണ ഒരു മനുഷ്യന് അനായാസമായി ചെയ്യുന്ന കാര്യങ്ങള്‍ പലതും ഇവര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല എന്നത് ഒരു യാഥാര്‍ത്ഥ്യം. പക്ഷേ അതൊരു പോരായ്മയായി മറ്റുള്ളവര്‍ കാണുമ്പോഴാണ് പ്രശ്നം.
നമ്മുടെ പഴമക്കാര്‍ പറഞ്ഞുവച്ച ഒരു വാചകമുണ്ട്. ഈശ്വരന് ഒരു കുറവുതരുമ്പോള് ആ കുറവ് പരിഹരിക്കാനായി എന്തെങ്കിലുമൊരു കഴിവ് കൂടുതലായി തരുമെന്ന്. ശരിയാണ്, പൂര്‍ണ ആരോഗ്യവാനെന്ന് ധരിക്കുന്ന ഒരാളെക്കാള്‍ ഒരുപടി മുന്നില്‍ത്തന്നെയാണ് ഇവരുടെ സ്ഥാനം. കുറവുകളൊന്നും ഇല്ലാതിരുന്നിട്ടും സാധിക്കാത്ത പല കാര്യങ്ങളും അംഗപരിമിതിയുടെ പേരില്‍ മാറ്റി നിര്‍ത്തിയിരിക്കുന്നവര്‍ക്ക് സാധിക്കും. പഞ്ചേന്ദ്രിയങ്ങളില്‍ ഏതെങ്കിലുമൊന്നിന് തകരാറുണ്ടെങ്കില്ക്കൂടി മറ്റൊരിന്ദ്രിയം ആ കുറവുകളെ മറികടക്കും. അത്തരം കഴിവുകളുള്ളവരെ വികലാംഗരെന്നോ അംഗപരിമിതരെന്നോ അല്ല വിളിക്കേണ്ടത്. അവരുടെ കഴിവുകളെ മാനിച്ചുകൊണ്ട് , ശ്രേഷ്ഠമായ ഇന്ദ്രിയങ്ങള്‍ ഉള്ളവര്‍ എന്ന അര്‍ത്ഥത്തില്‍ ദിവ്യാംഗര്‍ എന്നുതന്നെയാണ്.
ഇതിന് എത്രയെത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചൂണ്ടിക്കാട്ടാന്‍ സാധിക്കുകയും ചെയ്യും. പരിമിതികളെയെല്ലാം മറികടന്ന് ആത്മവിശ്വാസവും കഴിവുംകൊണ്ട് നേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കിയവര്‍. പക്ഷേ, തനിക്ക് ചുറ്റും ആരൊക്കയോ തീര്‍ത്ത വേലിക്കെട്ടുകള്‍ മറികടക്കാന്‍ സാധിക്കാതെ തനിച്ചായിപ്പോയവരും ഉണ്ട്. അതിന് കാരണങ്ങള്‍ പലതാണ്.
ആള്‍ക്കൂട്ടത്തിനിടയില്‍ ഒറ്റപ്പെട്ടുപോയവര്‍
എല്ലാവര്ക്കും തീയില്‍ കുരുത്തവരാകാന് കഴിയില്ല. ഒരിളം കാറ്റേറ്റാല്‍ പോലും അണഞ്ഞുപോകുന്ന തീനാളങ്ങള്പ്പോലെയാകും ചിലര്‍. അവര്‍ തങ്ങളുടെ പരിമിതിയെക്കുറിച്ച് മാത്രം ആലോചിക്കും. തനിക്ക് മറ്റുള്ളവരെപ്പോലെയാകാന്‍ കഴിയില്ലെന്നോര്‍ത്ത് ജീവിതം തള്ളിനീക്കും. സന്തതിക്ക് വന്നുചേര്‍ന്ന അംഗവൈകല്യത്തെയോര്ത്ത് വേദനിക്കുന്ന മാതാപിതാക്കളും, മറുവശത്ത് നാണക്കേടായി കരുതുന്നവരുമുണ്ട്. വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ജീവിച്ചുതീരാന് വിധിക്കപ്പെട്ടവരുണ്ട്. വൈകല്യമുള്ള മക്കള്‍ക്കായി ജീവിതം തന്നെ ഉഴിഞ്ഞുവച്ചവരുമുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ പരിഹാസവാക്കുകളും ഒറ്റപ്പെടുത്തലുകളും അനുഭവിക്കേണ്ടിവരുന്ന വേദനയില്‍ സ്വയം ഉള്വലിഞ്ഞുപോകുന്നവരാണ് പലരും. സ്വന്തം കുറവുകളിലേക്ക് മാത്രം കണ്ണോടിക്കുമ്പോള്‍ കഴിവുകള്‍ വിസ്മരിച്ചുപോകുന്നവര്. ആള്‍ക്കൂട്ടത്തിനിടയില്‍ ഒറ്റപ്പെട്ടുപോകുന്ന ഇങ്ങനെയുള്ളവരേയും അവരില്‍ ഒളിഞ്ഞുകിടക്കുന്ന വാസനകളെക്കുറിച്ച് ഓര്‍മപ്പെടുത്താനുതകുന്ന വാക്കാകും ദിവ്യാംഗര്‍ എന്നത്.
വെയിലേറ്റാലും വാടാത്തവര്‍
മനുഷ്യന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ശാരീരിക ശേഷി മാത്രമല്ല ഘടകം. ആത്മവിശ്വാസവും ദൃഢനിശ്ചയവും ഒപ്പമുണ്ടാവണം. ജീവിത വിജയം നിര്‍ണയിക്കുന്ന ഈ ഘടകങ്ങള്‍ കൈമോശം വരാതെ സുക്ഷിച്ചുകൊണ്ട് സ്വന്തം പരിമിതികളെ മറന്നവര്‍ എത്രയോ പേരുണ്ട്. ഉള്ളില്‍ കഴിവിന്റെ ഒരു ചെറുകനലെങ്കിലുമുണ്ടെങ്കില് അത് ഊതിയൂതി ജ്വലിപ്പിച്ചവര്‍. അന്ധതയേയും ബധിരതയേയും മൂകതയേയും മറ്റ് ശാരീരിക വൈകല്യങ്ങളേയും തോല്‍പ്പിച്ച് മുന്നേറുന്നവര്‍. അകറ്റി നിര്‍ത്തിയവര്‍ പോലും അത്ഭുതത്തോടെയും ആദരവോടെയും നോക്കുന്ന സാഹചര്യത്തിലേക്ക് ഇവര്‍ ഉയര്‍ത്തപ്പെട്ടത് ദൃഢനിശ്ചയം കൊണ്ടുമാത്രം. ഇവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതിനും ആത്മാഭിമാനത്തോടെ തന്നെത്തന്നെ നോക്കിക്കാണുന്നതിനും ദിവ്യാംഗര്‍ എന്ന വാക്ക് ഏറെ സഹായിക്കും.
പരിമിതികളെ മറികടന്നവര്‍
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രജ്ഞന് എന്നറിയപ്പെടുന്ന ആല്‍ബര്‍ട്ട് ഐന്സ്റ്റീന്. ക്ലാസില്‍ കണക്ക് ചെയ്യാന്‍ ഏറെ സമയം എടുത്തിരുന്ന കുട്ടി പിന്നെ ലോകം അറിയപ്പെടുന്ന ഗണിതശാസ്ത്രജ്ഞനായത് മറ്റൊരു അത്ഭുതം. മൂന്നു വയസുവരെ സംസാരിക്കാത്ത ബാലന്. പഠന വൈകല്യമാണ് ഐന്‍സ്റ്റീനെ അലട്ടിയിരുന്നത്. എന്നാല്‍ അതെല്ലാം അതിജീവിച്ച് ശാസ്ത്രലോകത്തിന് ഒട്ടേറെ സംഭാവനകള്‍ നല്കി കാലത്തെയും ജയിച്ചുനില്‍ക്കുന്നു ഐന്സ്്റ്റീന്.
അലക്സാണ്ടര്‍ ഗ്രഹാംബെല്‍, മഹത്തായ ആയിരത്തോളം കണ്ടുപിടുത്തങ്ങളുടെ പേറ്റന്റ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത തോമസ് ആല്‍വ എഡിസണ്, അമേരിക്കയുടെ ആദ്യ പ്രസിഡന്റ് ജോര്‍ജ് വാഷിങ്ടണ്‍ ഇവരെല്ലാം പഠന വൈകല്യത്തെ അതിജീവിച്ചവരാണ്.
പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരന് ജോണ്‍ മില്‍ട്ടണ്‍, ഹെലന് കെല്ലര്‍ എന്നിവര്‍ അന്ധതയെ തോല്‍പ്പിച്ച് തങ്ങളുടെ മേഖലയില്‍ മികവ് തെളിയിച്ചവരാണ്. സ്റ്റീഫന്‍ ഹോക്കിങ്സ്, ടോം ക്രൂയിസ്, വാള്‍ട്ട് ഡിസ്നി, റോബിന് വില്യംസ് ആ നിരപിന്നെയും നീണ്ടുകിടക്കുന്നു.
മനോഹരമായ വരികളെഴുതി, ഈണം നല്കി ഇന്ത്യന്‍ ചലച്ചിത്രലോകത്ത് ഗാനവിസ്മയം തീര്‍ത്ത് വിടപറഞ്ഞ രവീന്ദ്ര ജയിനും അന്ധതയെ തന്റെ വൈഭവംകൊണ്ട് കീഴടക്കിയ പ്രതിഭയാണ്.
അപകടത്തില്‍പ്പെട്ട് ഒരു കാല്മുറിച്ചുമാറ്റിയിട്ടും കൃത്രിമക്കാലില്‍ ചിലങ്കയണിഞ്ഞ് നൃത്തവേദിയില്‍ അത്ഭുതമാകുന്ന സുധാ ചന്ദ്രന്, മനോഹരമായ ആലാപനമാധുര്യം കൊണ്ട് ശ്രദ്ധേയയാകുന്ന ഗായിക വൈക്കം വിജയലക്ഷ്മി, ശാരീരിക പരിമിതികളെ അതിജീവിച്ച് കായികരംഗത്ത് മെഡലുകള്‍ വാരിക്കൂട്ടിയ ജോബി മാത്യു ഇവരൊക്കെ തങ്ങളുടെ വൈകല്യം എന്ന അവസ്ഥയെ മറികടന്നവരാണ്. ഈ വര്‍ഷം വാര്‍ത്തകളില്‍ ഇടം നേടിയ ഇറ സിംഗാളിനെ ഓര്‍മയില്ലേ?. ഐപിഎസ് പരീക്ഷയില്‍ ഒന്നാം റാങ്കോടെ പാസായ ഇറ നട്ടെല്ലിനെ ബാധിക്കുന്ന സ്കോളിയോസിസ് എന്ന രോഗം ബാധിച്ച് അന്‍പതു ശതമാനത്തിലേറെ ശരീരം തളര്‍ന്നുപോയ പെണ്‍കുട്ടിയാണ്. പ്രതിസന്ധികളില്‍ തളരാതെ പുഞ്ചിരിതൂകുന്ന മുഖവുമായി ജീവിത വിജയം നേടിയ ഇറയെപ്പോലുള്ളവരെയാണ് നാം മാതൃകയാക്കേണ്ടതും.
വൈകല്യം ബാധിച്ചവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനാ പ്രവര്‍ത്തകരും പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുന്നു.
സുഭാഷ്.പി
സക്ഷമ സംസ്ഥാന ജന.സെക്രട്ടറി
പോസിറ്റീവായ കാഴ്ചപ്പാടാണ് ദിവ്യാംഗര്‍ എന്ന വാക്ക് നല്‍കുന്നത്. നിസാരമായ കാര്യങ്ങള്‍പ്പോലും നമ്മുടെ പ്രധാനമന്ത്രി ശ്രദ്ധിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. പരിമിതികളുള്ളവര്‍ക്ക് ഈ ദിവ്യാംഗര്‍ എന്ന വാക്ക് ഏറെ സന്തോഷം നല്‍കും. വൈകല്യം ബാധിച്ചവര്‍ പങ്കെടുക്കുന്ന വേദികളിലും മറ്റും വികലാംഗരെന്നും ഭിന്നശേഷിക്കാരെന്നും കൂടെക്കൂടെ പറയേണ്ടിവരുന്ന അവസ്ഥ വൈഷമ്യം ഉണ്ടാക്കിയിരുന്നു. അവരും ഒട്ടേറെ കഴിവുള്ളവരാണ്. സക്ഷമയുടെ നേതൃത്വത്തില്‍ വൈകല്യവും ഒപ്പം സാമ്പത്തിക ബുദ്ധിമുട്ടും നേരിടുന്നവരെ കണ്ടെത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരവും ഒരുക്കുന്നു.
അന്ധതയെ ഹൃദയത്തില്‍ നിറഞ്ഞ ഭക്തികൊണ്ടും സംഗീതം കൊണ്ടും കീഴടക്കിയ ഭക്തകവി സൂര്‍ദാസിന്റെ പേരിലുള്ള ഭജന മണ്ഡലിയില്‍ സംഗീത വാസനയുള്ള 65 ഓളം പേരാണ് ഇന്നുള്ളത്. പാലക്കാട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ ഇതിന് ശാഖകളുണ്ട്. നിരവധി ക്ഷേത്രങ്ങളിലും മറ്റും ഇവര്‍ ഭജന അവതരിപ്പിച്ചുവരുന്നു. അതൊരു ജീവിത മാര്‍ഗ്ഗം കൂടിയാണ്. ഇത്തരത്തില്‍ ശാരീരികമാനസിക പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്ക് മുന്നോട്ട വരാനുള്ള പ്രേരണയാകും ദിവ്യാംഗര്‍ എന്ന പ്രയോഗം.
1999 ലാണ് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ അഖില ഭാരതീയ ദൃഷ്ടിഹീന്‍ കല്യാണ്‍ സംഘ് എന്ന സന്നദ്ധ സംഘടനയ്ക്ക് രൂപം കൊടുത്തത്. അന്ധരായവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം. പിന്നീട് 2008 മുതലാണ് ശാരീരിക-മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സക്ഷമ എന്ന പേരുനല്‍കിയത്.
പരിമിതികളുടെ പേരില്‍ ജനങ്ങള്‍ക്ക് ഇവരോടുള്ള സഹതാപമാണ് അംഗപരിമിതരെ ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്നത്. അവര്‍ക്കാവശ്യം പരിഗണനയാണ്. സക്ഷമ നല്‍കുന്നതും ഈ പരിഗണനയും പ്രോത്സാഹനവുമാണെന്നും സുഭാഷ് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം പ്രവര്‍ത്തനത്തിലൂടെ പ്രകടമാക്കാനാണ് സക്ഷമ ആഗ്രഹിക്കുന്നതും.
അബ്ദുള്‍ സലാം കെ.വി.
പ്രൊജക്ട് ഡയറക്ടര്‍, അസോസിയേഷന് ഫോര്‍
ദ വെല്‍ഫെയര്‍ ഓഫ് ദ ഹാന്‍ഡികാപ്ഡ്
ഭിന്നശേഷിയുള്ളവരോടുള്ള പെരുമാറ്റത്തിലാണ് ആദ്യം മാറ്റം ഉണ്ടാകേണ്ടത്. അവരുടെ കുറവുകളെ മാറ്റിനിര്‍ത്താന്‍ സാധിക്കില്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. അതിന്റെ പേരില്‍ സമൂഹത്തില്‍ നിന്നും അവരെ മാറ്റിനിര്‍ത്താന്‍ പാടില്ല. മാനസികമായി അവരെ വെറുക്കരുത്. അംഗപരിമിതര്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു മുന്‍ കാലങ്ങളില്‍. എന്നാല്‍ ഇപ്പോള്‍ സമീപനത്തില്‍ കുറേയേറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദിവ്യാംഗര്‍ എന്ന പ്രയോഗം ഗുണകരമായ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കാം. സാധാരണക്കാരില്‍ നിന്നും ഭിന്നമായ ശേഷി ഇവര്‍ക്ക് ഉണ്ടാകും. അതിനാണ് പ്രോത്സാഹനം നല്‍കേണ്ടത്. ഭിന്നശേഷിയുള്ളവര്‍ക്കായി ഇപ്പോള്‍ സ്പെഷ്യല്‍ സ്കൂളുകള്‍ ധാരാളമുണ്ട്. അത് അവരിലെ കഴിവിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ സഹായിക്കും.
മാനസികവും ശാരീരികവുമായ വിഷമതകള്‍ ആരുടേയും കുറവല്ല. സംസ്ഥാനത്ത് 2.2 ശതമാനം അംഗപരിമിതര്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ശാരീരികവും മാനസികവുമായി തകരാറൊന്നുമില്ലെന്ന് അവകാശപ്പെടുന്നവര്‍ തന്നെയാണ് സമൂഹത്തില്‍ കൂടുതലും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതും. അങ്ങനെനോക്കുമ്പോള്‍ ശാരീരികമായ പൂര്‍ണതയല്ല ഒരുവനെ മനുഷ്യനാക്കുന്നത്. അവന് കുടുംബത്തില്‍, സമൂഹത്തില്‍ എങ്ങനെ പെരുമാറുന്നു എന്നതാവണം അതിന്റെ മാനദണ്ഡം. ആരോഗ്യത്തിന്റേയും അനാരോഗ്യത്തിന്റേയും അടിസ്ഥാനത്തില്‍ മാറ്റിനിര്‍ത്തപ്പെടുന്നത് ഒരിക്കലും ശരിയായ പ്രവണതയുമല്ല. മാറ്റി നിര്‍ത്തേണ്ടത് സമൂഹത്തിന് ദോഷകരമായി പ്രവര്‍ത്തിക്കുന്നവരേയും പെരുമാറുന്നവരേയുമാണ്. ആ തിരിച്ചറിവാണ് നമുക്കുവേണ്ടതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: