അമ്പലപ്പുഴ: മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 14ലക്ഷത്തോളം രൂപ ലോക്കറുള്‍പ്പെടെ കവര്‍ന്നതായി പരാതി. സംഭവത്തില്‍ ദുരൂഹത. കളര്‍കോട് പഴയ നടക്കാവ് റോഡരികില്‍ പുന്നപ്ര വടക്കുപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എസ്‌കെഎസ് എന്ന സ്വകാര്യ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന 13,99,469 രൂപയാണ് നഷ്ടപ്പെട്ടത്. സായിമാനസം എന്ന കെട്ടിടത്തില്‍ വാടകയ്‌ക്കാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് മുറിയിലാണ് ലോക്കറില്‍ പണം സൂക്ഷിച്ചിരുന്നത്. 24 മുതല്‍ ഓപീസ് അവധിയായിരുന്നു. അവധിക്കുശേഷം ഇന്നലെ രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് ഓഫീസ്മുറി തുറന്നുകിടക്കുന്നതായി കണ്ടത്. ലോക്കറും നഷ്ടപ്പെട്ടിരുന്നു. ഈ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ജീവനക്കാര്‍ക്കു താമസിക്കുന്നതിുള്ള സൗകര്യം ഒരുക്കിയിരുന്നു . ഏതാനും ജീവനക്കാര്‍ ഇവിടെയുണ്ടായിരുന്നതായും മാനേജര്‍ പറയുന്നു. ഓഫീസിന്‍രെ താക്കോല്‍ സൂക്ഷിക്കുന്ന സ്ഥലം ഇവിടുത്തെ പത്തു ജീവനക്കാര്‍ക്കും അറിയാമായിരുന്നു. പണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മാനേജര്‍ ജാക്‌സണ്‍ പുന്നപ്ര സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു. മോഷണത്തിനു പിന്നില്‍ ഇപ്പോഴത്തെ ജീവനക്കാരോ മുമ്പ് ഇവിടെ ജോലി ചെയ്തിരുന്നവരോ ആകാമെന്ന സംശയമാണ് പോലീസിനുള്ളത്. കുട്ടനാട്, ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സ്ത്രീകല്‍ക്ക് വായ്‌പ നല്‍കുന്ന എസ്‌കെഎസ് എന്ന സ്ഥാപനം രണ്ടുവര്‍ഷം മുമ്പാണ് കളര്‍കോട് പ്രവര്‍ത്തനം ആരംഭിച്ചത്. ആലപ്പുഴ സൗത്ത് സിഐ മനോജ് കബീറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
പുറക്കാട് പെട്രോള്‍ പമ്പ് കവര്‍ച്ച:
അഞ്ചുപേര്‍ കസ്റ്റഡിയില്‍
അമ്പലപ്പുഴ: പെട്രോള്‍ പമ്പില്‍ നിന്ന് ജീവനക്കാരെ ആക്രമിച്ച പണം കവര്‍ന്ന കേസില്‍ അഞ്ചുപേരെ പോലീസ് പിടികൂടി. ഇന്നലെ എറണാകുളം കളമശേരിയില്‍ നിന്നാണ് അമ്പലപ്പുഴ പോലീസ് ഇവരെ പിടികൂടിയത്.
കവര്‍ച്ചയ്‌ക്ക് ഉപയോഗിച്ച കാര്‍ കഴിഞ്ഞദിവസം എറണാകുളത്തുനിന്ന് കണ്ടെടുത്തിരുന്നു. അമ്പലപ്പുഴ സ്റ്റേഷനിലെത്തിച്ച പ്രതികളെ പിന്നീട് ആലപ്പുഴ ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. ഡിവൈഎസ്പി കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ ചോദ്യം ചെയ്തുവരുന്നു. ഒരാള്ച മുമ്പാണ് പുറക്കാട് പുത്തന്‍നടയിലെ പെട്രോള്‍ പമ്പില്‍ നിന്ന് പുലര്‍ച്ചെ മൂന്നോടെ ജീവനക്കാരെ അക്രമിച്ച് കാറിലെത്തിയസംഘം പണം തട്ടിയെടുത്തത്.
ഈ പമ്പില്‍ ജോലി ചെയ്തിരുന്ന പുറക്കാട് സ്വദേശിയും പ്രതികളുടെ കൂട്ടത്തിലുള്ളതായി സൂചനയുണ്ട്. മലപ്പുറം തിരൂരങ്ങാടി രജിസ്‌ട്രേഷനിലുള്ള കാര്‍ നമ്പര്‍ പിന്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
















