മുഹമ്മ: പ്രാര്‍ത്ഥന ജീവിതത്തിലെ അഴുക്കുകള്‍ മാറ്റാന്‍ സഹായിക്കുമെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി. മുഹമ്മ അയ്യപ്പന്‍ പഠന കളരിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുടുംബത്തില്‍ സ്വസ്ഥതയ്‌ക്കും സമാധാനത്തിനും പ്രാര്‍ത്ഥന ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രമുറങ്ങുന്ന ചീരപ്പന്‍ചിറ ഭാവിയില്‍ തീര്‍ത്ഥാടന കേന്ദ്രമായി മാറും.
മാളിപ്പുറത്തമ്മയുടെ നാട്ടില്‍ ജനിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കരുതണമെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്തുവും നബിയും ജനിച്ച നാട് പിന്നീട് ലോക പ്രശസ്തമായതുപോലെ അയ്യപ്പന്‍ പൂഴിയങ്കം പഠിക്കാനെത്തിയ ചീരപ്പന്‍ച്ചിറ ചരിത്രഭൂമിയായി കാലം ഏറ്റെടുക്കും. ശ്രീനാരായണ ഗുരുവിന്റെ സന്ദര്‍ശനം കൊണ്ട് പുണ്യഭൂമിയായി മാറിയ നാടാണിത്.
പരസ്പരം സ്‌നേഹം നഷ്ടപ്പെട്ട കാലത്താണ് നാം ജീവിക്കുന്നത്. മക്കള്‍ക്ക് അമ്മമാരെ സ്‌നേഹിക്കാന്‍ കഴിയുന്നില്ല. വിവാഹം വെറും കൊടുക്കല്‍വാങ്ങല്‍ മാത്രമായി. നൂറും ഇരുന്നൂറും കോടികള്‍ മുടക്കിയുള്ള ആഡംബര വിവാഹമാണ് ഇന്ന് നടക്കുന്നത്. പണ്ടു നഗരങ്ങളില്‍ മാത്രമായിരുന്നു ഇത്തരം വിവാഹം.
ഇപ്പോള്‍ അത് ഗ്രാമങ്ങളിലേയ്‌ക്കും വ്യാപിച്ചിരിക്കുന്നു. പലരും കോടികള്‍ മുടക്കിയാണ് വീടുകള്‍ നിര്‍മിക്കുന്നത്. എത്ര കോടികള്‍ മുടക്കിയാലും പ്രകൃതി ദുരന്തങ്ങളെ നേരിടാനാവില്ല എന്ന് ചെന്നൈ ദുരന്തം പോലുള്ളവ നമ്മെ ഓര്‍മിപ്പിക്കുന്നു. ദുരന്ത ഭൂമിയില്‍ പണക്കാരനും പാവപ്പെട്ടവനും തുല്യ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. മാധവബാലസുബ്രഹ്മണ്യം സ്വാഗതം പറഞ്ഞു. പത്മജ, കെ. വി. ദയാല്‍, എ. വി . പ്രകാശന്‍,മനോഹരന്‍ നന്തികാട് എന്നിവര്‍ പങ്കെടുത്തു.
















