വിളപ്പില്‍ശാല: ക്രിസ്തുമസ് ആഘോഷത്തിനിടെ മദ്യലഹരിയില്‍ കോണ്‍ഗ്രസ് ജില്ലാ നേതാവും പ്രാദേശിക നേതാക്കളും തമ്മില്‍ സംഘട്ടനം. പുളിയറക്കോണം ജംഗ്ഷനില്‍ ക്രിസ്തുമസ് ദിനമായ വെള്ളിയാഴ്ച വൈകീട്ട് 6.30 നായിരുന്നു സംഭവം. സംഘട്ടനത്തിനിടെ രണ്ടു പേര്‍ക്ക് കുത്തേറ്റു. ഇതില്‍ ഒരാളിന്റെ നില ഗുരുതരമാണ്.
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും മുന്‍ ഡിസിസി ഭാരവാഹിയുമായ കരടി സുരേന്ദ്രന് എന്നറിയപ്പെടുന്ന സുരേന്ദ്രനാണ് പുളിയറക്കോണം ഓട്ടോ സ്റ്റാന്റിലെ തൊഴിലാളികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ അരുണ്‍ (30), അഖില്‍(23) എന്നിവരെ കത്തികൊണ്ട് കുത്തിയത്. അരുണിന്റെ വയറില്‍ ആഴത്തിലുള്ള മൂന്നോളം കുത്തുകളാണുള്ളത്. ഇയാളുടെ നില ഗുരുതരമാണ്. അരുണിനെ കുത്തുന്നതു കണ്ട് പിടിച്ചു മാറ്റാന്‍ എത്തിയതാണ് അഖില്‍. അഖിലിന്റെ പൃഷ്ട ഭാഗത്താണ് കുത്തേറ്റത്.
ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി പുളിയറക്കോണത്ത് ഓട്ടോ തൊഴിലാളികള്‍ വ്യാഴാഴ്ച ക്രിസ്തുമസ് പാപ്പയെ ഒരുക്കി പാട്ടും ഡാന്‍സും നടത്തിയിരുന്നു. ഇതിനിടെ മദ്യലഹരിയിലായിരുന്ന അരുണ്‍ കരടി സുരേന്ദ്രന്റെ സ്കൂട്ടറിനു പുറത്തേക്ക് മറിഞ്ഞു വീണു. വീഴ്ചയില്‍ സ്കൂട്ടറിന് സാരമായകേട് സംഭവിച്ചിരുന്നു. തുടര്‍ന്ന് അരുണും സുരേന്ദ്രനും തമ്മില്‍ വാക്കേറ്റമുണ്ടായി. പിറ്റേന്ന് വീണ്ടും അരുണും കൂട്ടരും സുരേന്ദ്രനുമായി തലേന്നാളത്തെ വിഷയത്തെ ചൊല്ലി വാക്കേറ്റവും ഉന്തും തള്ളും നടന്നു. തുടര്‍ന്ന് ആറിഞ്ച് നീളമുള്ള സ്റ്റീല്‍ കത്തി ഉപയോഗിച്ച് സുരേന്ദ്രന് ഇരുവരെയും കുത്തുകയായിരുന്നു. ഇരുവരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിളപ്പില്‍ശാല എസ്ഐ ഹേമന്ത്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ഉടന്‍ സ്ഥലത്തെത്തിയെങ്കിലും സുരേന്ദ്രന് ഓടി രക്ഷപെട്ടിരുന്നു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. സംഭവ സ്ഥലത്തു നിന്ന് കുത്താന്‍ ഉപയോഗിച്ച കത്തിയും സുരേന്ദ്രന്റെ സ്കൂട്ടറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: