ചുവര് ചിത്രകലയില്‍ നൂതന പരീക്ഷണങ്ങളിലൂടെ പുതിയമാനങ്ങള്‍ നല്കുമ്പോഴും സാജു തുരുത്തിലിന്റെ വരകളില്‍ നിറയുന്നത് ആത്മീയ ചൈതന്യത്തിന്റെ സൗരഭ്യമാണ്. 28 വര്‍ഷത്തെ കലാപ്രവര്‍ത്തനത്തിലൂടെ ചിത്രകാരന്മാരുടെ മുന്‍നിരയില്‍ പരിലസിക്കുമ്പോഴും ജന്മാന്തരങ്ങളായ ഒരു നിയോഗമാണ് തന്നെ ഈ മേഖലയില്‍ എത്തിച്ചതെന്നാണ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ചുവര് ചിത്രകലാവിഭാഗം അധ്യക്ഷനും അസി. പ്രൊഫസറുമായ സാജു തുരുത്തില് പറയുന്നത്.
പതിനേഴോളം ക്ഷേത്രങ്ങളിലും ആറ് പള്ളികളിലും ചുവര് ചിത്ര രചന നടത്തുവാനായത് വലിയ പുണ്യമായി സാജു കരുതുന്നു. ചങ്ങനാശ്ശേരിയിലെ ചരിത്ര പ്രസിദ്ധമായ പെരുന്ന ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ കുമാരസംഭവം ആവിഷ്ക്കരിച്ചത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല സാജുവിന്. 2007ല്‍ പെരുന്ന ക്ഷേത്രത്തില്‍ ചുവര്‍ചിത്ര രചനക്കായി വിളിച്ചപ്പോള്‍ മനസ്സ് ശൂന്യമായിരുന്നു. വട്ട ശ്രീകോവിലോടെയുള്ള ആ മഹാക്ഷേത്രത്തിലെത്തി ഭഗവാനെ തൊഴുത് നില്ക്കുമ്പോള് മേല്‍ശാന്തി കുഴിക്കാട്ട് ഇല്ലത്ത് നാരായണന് ഭട്ടതിരിപ്പാട് ചോദിച്ചു എന്താണ് വരയ്ക്കാന്‍ ഉദ്യേശിക്കുന്നതെന്ന്. എല്ലാത്തിനും ഭഗവാന് വഴിക്കാണിക്കണെ എന്ന പ്രാര്‍ത്ഥനയോടെ നോക്കുമ്പോള്‍ സ്കന്ദ ഷഷ്ഠി വ്രതത്തിന്റെ അറിയിപ്പാണ് കാണുന്നത്. സ്കന്ദ പുരാണം വരയ്ക്കാമെന്ന ആശയം മനസ്സില്‍ വരികയും അത് തിരുമേനിയോട് പറയുകയും ചെയ്തു. വളരെ ഉചിതമായ തീരുമാനമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചിത്രങ്ങളുടെ സ്പോണ്സര് നാരായണന് നായര്‍ സ്കന്ദ പുരാണം നല്‍കാമെന്നും ഏറ്റു. ഉടനെതന്നെ അദ്ദേഹം തന്റെ വീട്ടില്‍ നിന്നും അത് എത്തിക്കുകയും ചെയ്തു.
വീട്ടില്‍ എത്തി പൂജകള്‍ക്ക് ശേഷം ഭക്തിപൂര്‍വ്വം സ്കന്ദ പുരാണം തുറന്നപ്പോള്‍ കിട്ടിയത് ഒന്നാം അധ്യായത്തില്‍ പച്ചക്കിളികളെ പൂട്ടിയ രഥത്തില്‍ വെള്ളിമേഘക്കീറുകള്ക്കിടയിലൂടെ തന്റെ നാഥനായ ബ്രഹ്മദേവന്റെ അടുത്തേക്ക് പോകുന്ന കാമദേവന്റെ വ്യാഖ്യാനമായിരുന്നു. ആ സമയത്ത് ക്ഷേത്രത്തില്‍ നിന്നും ഒരു ഫോണ്‍ വന്നു. ഇനാമല്‍ പെയിന്റടിച്ച ഭാഗങ്ങള്‍ ചുരണ്ടിക്കളഞ്ഞപ്പോള്‍ പഴയ ചിത്രങ്ങള്‍ കണ്ടതായിട്ടായിരുന്നു അറിയിപ്പ്. ചിത്രങ്ങള്‍ ഒന്നും നശിപ്പിക്കരുതെന്ന് നിര്‍ദ്ദേശിച്ച് ക്ഷേത്രത്തിലെത്തി ആ ചിത്രം കണ്ടപ്പോള്‍ സ്തംഭിച്ചുപോയതായി സാജു പറയുന്നു. കാരണം മുന്നൂറോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് എതോ ചിത്രകാരന് ആ ക്ഷേത്ര ഭിത്തിയില്‍ വരച്ച് പൂര്‍ത്തീകരിക്കാനാവാത്ത ചിത്രത്തിന്റെ തുടര്‍ ചിത്രകാരനാവാനുള്ള നിയോഗമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് അപ്പോഴാണ് മനസിലായത്.
സ്കന്ദ പുരാണത്തിലെ അവിശ്വസനീയമായ കാഴ്ചയായിരുന്നു അത്. തന്ത്രിയും ഭക്തജനങ്ങളുമെല്ലാം അപ്പോള്‍ മനസില്‍ നിന്നും മറഞ്ഞു. ഒരു ചിത്രകാരന് സത്യം തിരിച്ചറിഞ്ഞ നിമിഷം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഏതോ ചിത്രകാരന് ആവാഹിച്ച്പൂര്ത്തിയാക്കാതെ പോയതിന്റെ ബാക്കി പത്രം. ജന്മാന്തരങ്ങള്‍ക്കിപ്പുറത്ത് തീര്‍പ്പ് കല്‍പ്പിക്കേണ്ട നിയോഗം നല്ലതിനോ ചീത്തക്കോ എന്ന് ഭയപ്പെട്ടു. വീട്ടിലെത്തി പ്രാര്‍ത്ഥിച്ചപ്പോള്‍ ഭഗവാന്റെ ഒരുപദേശം മനസില്‍ വന്നു, ആ ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കണം. ഒമ്പതടി നീളത്തിലുള്ള 18 പാനലുകളിലായി 300 ഓളം ചിത്രങ്ങളാണ് പൂര്‍ത്തീകരിച്ചത്. കുമാരസംഭവം മുഴുനീള കഥയായി ചിത്രീകരിച്ചിട്ടുള്ളതും ഈ ക്ഷേത്രത്തില്‍ മാത്രമാണ്.
ശ്രീപെരുമ്പത്തൂരിലെ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ അഞ്ച് കിലോ സ്വര്‍ണ്ണം പൊതിഞ്ഞതും സാജുവിന് മറക്കാനാവില്ല. ഒരു വര്‍ഷം ശ്രീകോവിലും ഭഗവാനെയും കൈയ്യില്‍ തരികയാണ്. 1997ലാണ് ആദ്യമായി ഇങ്ങനെയൊരവസരം ലഭിച്ചത്. പുണ്യദായകമായ നിയോഗം എന്നേ ഇതിനേക്കുറിച്ചും സാജുവിന് പറയാനുള്ളു. അവിടെ നിന്നും ലഭിച്ച ആ അനുഗ്രഹ പുണ്യമാണ് ജീവിതത്തെ ഇന്നും മുന്നോട്ട് നയിക്കുന്നതെന്നാണ് സാജുവിന്റെ വിശ്വാസം. അഷ്ടമംഗല വിധിപ്രകാരം കലാകാരനെ തേടിയിരുന്ന ഈ ക്ഷേത്രത്തില്‍, സാജുവിന്റെ തലക്കുറി പരിശോധിച്ച ശേഷമായിരുന്നു ഈ ചുമതല ക്ഷേത്ര അധികാരികള്‍ ഏല്‍പ്പിച്ചത്. അവിടെ നിന്നും പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തുടര്‍ന്ന് ശ്രീരംഗം മുതലുള്ള ക്ഷേത്രങ്ങളില്‍ നിന്നും ക്ഷണം എത്തിയെങ്കിലും കാലടി സര്‍വകലാശാലയില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച് പ്രൊബേഷന്‍ പിരീഡായതിനാല്‍ ഏറ്റെടുക്കുവാനായില്ല.
കര്‍ണാടകയില്‍ മംഗലാപുരത്ത് പരശുരാമന് സ്ഥാപിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന പ്രസിദ്ധമായ ക്ഷേത്രത്തില്‍ നൂറ് കല്യാണങ്ങള്‍ വരെ നടക്കാറുണ്ട്. കല്യാണങ്ങളെക്കുറിച്ച് ഒരു ചിത്രീകരണം നടത്തുവാന്‍ ഇവിടെ നിന്നും ആവശ്യപ്പെട്ടു. പത്തടി ഉയരത്തിലും 60 അടി നീളത്തിലുമായി 500 ഓളം കഥാപാത്രങ്ങളെ അണിനിരത്തിയായിരുന്നു ആ ചിത്രം വരച്ചത്. ഉമാകല്യാണം എന്ന പേരിലുള്ള ഈ കല്യാണചിത്രം ലോകത്തിലെ ഏറ്റവും വലിയ കല്യാണചിത്രമാണെന്ന് സാജു അഭിമാനപൂര്‍വ്വം പറയുന്നു.
2003ല്‍ ഹൈദരാബാദില്‍ മൈത്രി മലയാളി അസോസിയേഷന്റെ പരിപാടിയില്‍ എസ്. ജാനകി പാട്ടുപാടുവാനെത്തുന്നു. വളരെ തിരക്കിട്ട് ഒരുപാട്ട് പാടി പോകുവാന്‍ തയ്യാറായി നില്ക്കുകയിരുന്നു അവര്‍. പാട്ട് പാടിയപ്പോള്‍ സ്റ്റേജില്‍ നിന്നും അതിനനുസൃതമായി വരച്ച ചിത്രം ജാനകിയമ്മക്ക് സമര്‍പ്പിച്ചപ്പോള്‍ അവര്‍ക്കത് വളരെ അത്ഭുതമായിരുന്നു. തനിക്കിത്തരത്തിലുള്ള ഒരു സമ്മാനം ആദ്യമായിട്ടാണ് ലഭിക്കുന്നതെന്ന് ജാനകിയമ്മ പറഞ്ഞു. പിന്നീടവര്‍ ആറോളം പാട്ടുകള്‍ പാടി. അതിന്റെയെല്ലാം ചിത്രരചനയും ആ നിമിഷം തന്നെ നടത്തി അവര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു.
28 വര്‍ഷത്തെ കലാജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ അപൂര്‍വ്വമായ നിയോഗങ്ങളാണ് തന്റെ ജീവിതത്തെ എന്നും മാറ്റിമറിച്ചതെന്ന് തുരുത്തില് വിശ്വസിക്കുന്നു. ഇത്തരത്തിലൊരു നിയോഗത്താലാണ് സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹത്തോടൊപ്പം ചുവര്‍ചിത്രകല പഠിക്കാന്‍ ഗുരുവായൂരിലേക്ക് പോകുന്നത്. എന്നാല്‍ ഇന്റര്‍വ്യൂവില്‍ സുഹൃത്ത് പുറത്തായി. പഠിക്കാനുള്ള നിയോഗമാവട്ടെ സാജുവിനും. 1989ലെ വിജയദശമിദിനത്തിലായിരുന്നു ഹരിശ്രീ കുറിക്കല്‍. പീന്നീടങ്ങോട്ട് കലക്കായുള്ള ഒരു തപസ്യയായിരുന്നു. മുഖ്യഗുരുവായ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടിനായരുടെ ശിക്ഷണത്തില്‍നിന്നും ഉള്‍ക്കൊണ്ട ജ്ഞാനം പിന്നീട് ജീവിതത്തിലും പകര്‍ത്തി.
എറണാകുളം ജില്ലയിലെ മൂത്തകുന്നം സ്വദേശിയായ സാജുതുരുത്തില്‍ ഒരിക്കലും കരുതിയിരുന്നില്ല ഈ കലയിലൂടെ ഇത്രദൂരം സഞ്ചരിക്കാനാകും എന്ന്. അത്രമാത്രം അവഗണിക്കപ്പെട്ടിരുന്ന ഒരു കലാശാഖയായിരുന്നു ഇത്. ചിത്രകലാ വിദ്യാഭ്യാസത്തിനുശേഷമായിരുന്നു സാജുതുരുത്തില്‍ ചുമര്‍ചിത്രകല പഠിക്കുവാനായി വന്നത്. ”ഇതില്‍ നിന്നും ചില മോട്ടീഫുകള്‍ എടുത്ത് പുതിയതൊന്ന് ഉണ്ടാക്കാം എന്നു മാത്രമേ അപ്പോള്‍ തീരുമാനിച്ചുള്ളൂ. വെറും കൗതുകത്തിനപ്പുറം ഒട്ടുമാകില്ല എന്ന വിശ്വാസമായിരുന്നു ആദ്യം. എന്നാല്‍ പിന്നീട് അത് തന്റെ ജീവവായുപോലെയായി മാറി.” സാജു കൂട്ടിച്ചേര്‍ക്കുന്നു. ”കാഴ്ചക്കാരനെ അമ്പരപ്പിക്കുന്ന ഒരുതരം അഭൗമ സൗന്ദര്യം. അതാണ് തന്നെ ഈ കലയുമായി കൂട്ടിവിളക്കിയത്. അതിന്റെ രേഖകളുടെ താളവിളമ്പത്തിനൊപ്പമുള്ള വര്‍ണ്ണത്തിന്റെ സങ്കലനം, കാഴ്ചക്കാരനെ ഒരു തരം മോഹിപ്പിക്കലിന്റെ ചുഴിയില്‍ കറക്കുന്നു. ഇരുപത്തിയെട്ടുവര്‍ഷമായി താന്‍ ഈ ചുഴിയില്‍ത്തന്നെയാണ്”.
ആളുകള്‍ കണ്ണുകൊണ്ട് കാണുന്ന ദേവീദേവ സങ്കല്പങ്ങളുടെ അപ്പുറത്തേക്ക് മിഴികള്‍ പായിച്ചാല്‍ സ്ത്രൈണ സൗന്ദര്യത്തിന്റെ ഒരുതരം ആലംങ്കാരികമായ താളബോധവും, ഭ്രമണാത്മകമായ ശൃംഗാര ചടുലതയും സാജുവിന്റെ ചിത്രങ്ങളില്‍ നമുക്ക് കാണാം. മോഹിപ്പിക്കലിന്റെ ഒരു തരം കൊടുക്കല്‍ വാങ്ങലുകള്‍ തയൊണ് ചിത്രങ്ങള്‍ക്കും കാഴ്ചക്കാരനും ഇടയില്‍ ഉണ്ടാകുന്നത്. ഒരുതരം തുരുത്തില് ‘ടച്ച്’.
പഠിക്കുമ്പോള്‍തന്നെ ഗുരുവിന്റെ ശ്രദ്ധ തന്നിലുണ്ടെന്ന് സാജു വിശ്വസിക്കുന്നു. അതുകൊണ്ടാകണം ആദ്യംതന്നെ 1991ല്‍ ഇടപ്പള്ളി മാധവന് നായര്‍ ഫൗണ്ടേഷന് (എംഎന്‍എഫ് ആര്‍ട്ട് ഗാലറി) ‘ശാകുന്തളം’ ചിത്രീകരണത്തില്‍ ഗുരുവിനോടൊപ്പം സാജുതുരുത്തിലും പങ്കാളിയായത്. അക്കാലത്തെ കേരളത്തിലെ ഏറ്റവും വലിയ ചിത്രീകരണം ആയിരുന്നു അത്. ഒരര്‍ത്ഥത്തില്‍ ‘ഗുരുകുല’ വിദ്യാഭ്യാസം ആയിരുന്നു ഗുരുവായൂരിലേത്. അവിടുത്തെ അഞ്ചുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി ഗുരുവിനോടൊപ്പം നേരെ പോയത് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമീ ക്ഷേത്രത്തിലേക്ക്.
കുറച്ചുനാള്‍ അവിടെ വരച്ചു. എന്നാല്‍ ഗുരുവിന്റെ മരണ ശേഷം അവിടെനിന്ന് പോരുകയും ചെയ്തു. പിന്നീടാണ് ഇത്തരം ക്ഷേത്രങ്ങളുടേയും പള്ളികളുടേയും വര്‍ക്കുകള്‍ സാജു ഒറ്റയ്ക്ക് ഏറ്റെടുക്കുന്നത്. ‘ഗുരുകുല’ രീതി തന്നിലെ ചിത്രകാരനെ മികവുറ്റതാക്കി. ക്ഷേത്ര കലകളുടെ അറിയാപ്പൊരുളുകള്‍, അതിന്റെ തനത് രഹസ്യങ്ങള്‍. ഏതു ശിഷ്യനും അത് ഗുരുമുഖത്ത് നിന്നുതന്നെ കിട്ടണം. എങ്കിലെ ഒരു രാശി ഉണ്ടാവുകയുള്ളൂ. അതിന്റെ താലപ്രമാണങ്ങളും, വര്‍ണ്ണങ്ങളുടെ കടുപ്പവും, ഭിത്തി നിര്‍മ്മാണത്തിലെ പാകതയും അങ്ങിനെ പോകും കുറെ കാര്യങ്ങള്‍. അതെല്ലാം പ്രാക്ടിക്കല്‍ ആണ്. അല്ലാതെ വാമൊഴിയല്ല’. ഈ ഒരു ഭാഗ്യം തനിക്കുകിട്ടിയെന്ന് സാജു വിശ്വസിക്കുന്നു.
1995ല്‍ കേരള പുരാവസ്തു വകുപ്പിന് വേണ്ടി പിറവം പാഴൂര്‍ ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങള്‍ പുതുക്കിയാണ് സാജു കസര്വ്വേഷന് രംഗത്ത് സജീവമാകുന്നത്. ചുമര്‍ചിത്രങ്ങളുടെ സംരക്ഷണത്തോടൊപ്പം പുതിയത് വരച്ചുചേര്ക്കലുംകൂടി ഉള്‍പ്പെട്ടതാണ് ചുവര്‍ചിത്രങ്ങളുടെ ശാസ്ത്രീയസംരക്ഷണം. ലോക പ്രശസ്ത കസര്വേഷണിസ്റ്റ് ഡോ. വേലായുധന് നായരുടെ കീഴിലായിരുന്നു സാജു ശ്രദ്ധേയമായതും ശ്രമകരവുമായ ഈ ജോലി ചെയ്തുതീര്‍ത്തതും. പിന്നീട് അങ്ങോട്ട് പുതിയതും പഴയതുമായ ക്ഷേത്രചിത്രങ്ങളുടെ ധാരാളമായുള്ള വര്‍ക്കുകള്‍ സാജുവിനെത്തേടി വന്നു.
ഈ അടുത്തകാലത്ത് കസര്‍വേഷന്‍ രംഗത്ത് വലിയ വിപ്ലവം തന്നെ ഉണ്ടാക്കിയ ഒരു വലിയ പ്രോജക്ട് ആയിരുന്നു തുറവൂര്‍ മഹാക്ഷേത്രത്തിലേത്. ഏകദേശം 350 വര്‍ഷത്തിന് മുമ്പ് വരച്ചതെന്ന് വിശ്വസിക്കുന്ന അതിഗംഭീരങ്ങളായ ചുമര്‍ചിത്രങ്ങള്‍ പാടെ നാശോന്മുഖമായികൊണ്ടിരിക്കുന്ന അവസരത്തില്‍ കാലടി ശ്രീശങ്കരാചാര്യസര്വകലാശാലയുടെ ഫൈന്‍ ആര്‍ട്സ് കസോഷ്യത്തിന് വേണ്ടി സാജുതുരുത്തിലും അദ്ദേഹത്തിന്റെ ശിഷ്യന്മാരും ചേര്‍ന്ന് പഴയ ചിത്രങ്ങള്‍ തെളിയിച്ചെടുക്കുകയുണ്ടായി. ഡോ. എം.ജി.ശശിഭൂഷണ്‍ അതിന്റെ ഉപദേഷ്ടാവായിരുന്നു.
ഒരുതരം ഭ്രമമാണ് സാജുവിന് ചിത്രങ്ങളോട്. ഇരുപത്തിയെട്ട് വര്‍ഷം കൊണ്ട് തന്റെ വിരല്‍ത്തുമ്പിലൂടെ മദനമയൂരികമാരുടെ ഒരു നിരതന്നെ ആരാധകരുടെ സ്വീകരണമുറികളിലേക്ക് പറഞ്ഞുവിടാന്‍ സാജുവിന് സാധിച്ചത് അതുകൊണ്ടായിരുന്നു. ആരും നോക്കിനിന്നുപോകുന്ന സ്ത്രീ സൗന്ദര്യം ആണ് സാജു തന്റെ ചിത്രങ്ങളില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്.
ഇരുപത്തിയെട്ട് വര്‍ഷം കൊണ്ട് ഒരു കലയുടെ ഉയര്‍ച്ചക്കും, അതുപയോഗിച്ചുകൊണ്ടുള്ള ഉപജീവനത്തിനും, വേണ്ടി കഠിനശ്രമം ആയിരുന്നു സാജുവിന്റേത്. ‘പടച്ചോറുണ്ണു ചിത്രകാരന്മാര്’ എന്നാണ് തുടക്കകാലത്ത് തങ്ങളെ കളിയാക്കി മറ്റു ചിത്രകാരന്മാര് വിളിച്ചിരുന്നത്. തുച്ഛമായ സ്റ്റൈപന്റ് മാത്രമായിരുന്നു അത്താണി.
പഠനം കഴിഞ്ഞ് ആല്‍ബം ഡിസൈനിംഗ്. പിന്നേം പണി ബാക്കിയാണ്. ക്ലാസ്സ് റൂം അടിച്ചുവാരുന്ന പണി. അപ്പോള്‍ 150 രൂപ കൂടി കിട്ടും. എന്തുവന്നാലും വീട്ടില്‍നിന്ന് പണം വാങ്ങില്ല. അഞ്ച് വര്‍ഷം പഠിക്കുകയും വേണം. ഒരുതരം വാശിയായിരുന്നു. അഞ്ചാം വര്‍ഷത്തില്‍ എപ്പോഴോ കൂട്ടുകാര്‍ക്കിടയില്‍ ഇറങ്ങിയ ഒരു കാര്‍ട്ടൂണ്‍ സാജു ഇപ്പോഴും ഓര്‍ക്കുന്നു. ”സ്വീപ്പര്‍ ആയവന് ഇപ്പോള്‍ സൂപ്പര്‍ ആയി” അതായിരുന്നു സാജു. വരച്ച് വരച്ച് സൂപ്പര്‍ ആയ ആള്. ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് കലയുടെ കൂട്ടുപിടിച്ച് ഒരു യാത്ര. എന്തായാലും അത് വൃഥാവില്‍ ആയില്ല. കേരള ലളിതകല അക്കാദമിയുടെ കഴിഞ്ഞ വര്‍ഷത്തെ സ്റ്റേറ്റ് ഫെല്ലോഷിപ്പ് സാജുതുരുത്തില്‍ നേടുമ്പോള്‍ അത് കലയോടുള്ള ആദരവിനോടൊപ്പം ഗുരുനാഥനുള്ള ദക്ഷിണകൂടിയാണ്. കലയുടെ അറിയാപ്പൊരുളുകള്‍ തന്റെ ശിഷ്യന്മാര്ക്ക് പകര്‍ന്നു നല്കി കാലയവനികക്കുള്ളില്‍ മറഞ്ഞ ആ ഗുരുനാഥനുള്ള അര്‍ച്ചനയാണിത്.
ഈ പ്രായത്തിനുള്ളില്‍ 17 ക്ഷേത്രങ്ങളും പള്ളികള്‍, കോര്‍പ്പറേറ്റ് ഓഫീസുകള്‍ തുടങ്ങിയിടങ്ങളില്‍ വര്‍ണ്ണത്തിന്റെ പ്രത്യേക ‘ടച്ച്’ ഉണ്ടാക്കിയെടുക്കുവാന്‍ സാജുവിന് സാധിച്ചു. ലോകത്തില്‍ 33 രാജ്യങ്ങളില്‍ ഇതിനോടകം സാജു തന്റെ ചിത്രങ്ങള്‍ എത്തിച്ചു കഴിഞ്ഞു. ലോകത്തിന്റെ എല്ലായിടത്തും കേരളീയ ശൈലിയിലുള്ള ചിത്രങ്ങളുടെ വ്യാപനം…… അതിലൂടെ കേരളീയ ചുവര്‍ചിത്രങ്ങളുടെ പ്രശസ്തി അതാണ് ചിത്രകാരന് ലക്ഷ്യമിടുന്നത്. 1992 ല്‍ കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന്റെ ചുവര്ചിത്രകലക്കുള്ള ജൂനിയര്‍ ഫെല്ലോഷിപ്പ് സാജു തുരുത്തിലിനായിരുന്നു.
ചുവര്‍ചിത്രകലയെ ചുവരില്‍ മാത്രം ഒതുക്കാതെ ആസ്ബറ്റോസ് ഷീറ്റ്, മരപ്പലക, ടെറോക്കോ തുടങ്ങിയ മീഡിയങ്ങളില്‍ പരീക്ഷിച്ചു വിജയിച്ചു. 1992 ല്‍ ലളിതകലാ അക്കാദമിയുടെ ചിത്രകലാ വിദ്യാര്‍ത്ഥികള്‍ക്കുള്ള സകോളര്‍ഷിപ്പില്‍ തുടങ്ങി 1994 അക്കാദമിയുടെ ബഹുമതി പത്രം, 2006ല്‍ സംസ്ഥാന അവാര്‍ഡും നേടിയിരുന്നു.
‘ഛായാമുഖി’ എന്ന ചിത്രസങ്കല്പത്തിലൂടെ സാധാരണക്കാരന്റെ ‘കാഴ്ചപ്പാടുകളിലേക്ക്’ ഇറങ്ങിവരികയും ചെയ്ത ഒരു ചിത്രമായിരുന്നു അത്. ബേഡ്വിത്ത് ലേഡി, യക്ഷി തുടങ്ങിയ സീരിസുകള്‍ വ്യത്യസ്തങ്ങളായിരുന്നു. ഏകദേശം 400 ഓളം ചിത്രങ്ങളായിരുന്നു ആ പരമ്പരയില്‍ വരച്ചത്. ഇരുപത്തിയഞ്ചോളം ‘സോളോഷോയും 60 ല്‍ അധികം ഗ്രൂപ്പ് ഷോകളിലും സാജു പങ്കെടുത്തിട്ടുണ്ട്.
കാലടിയില്‍ മാണിക്യമംഗലത്ത് പാഞ്ചജന്യം റസിഡന്‍ഷ്യല്‍ ആര്‍ട്ട് ഗാലറിയില്‍ താമസിക്കുന്നു. കേരളത്തിലെ ആദ്യത്തെ റസിഡന്‍ഷ്യല്‍ ആര്‍ട്ട് ഗാലറി ആണിത്. വരയ്ക്കുകയും അതിനിടയില്‍ ജീവിക്കുകയും ചെയ്യുന്ന ഒരു കുടുംബം. ചുവര്‍ചിത്രകലക്ക് വേണ്ടി മാത്രം സജ്ജീകരിച്ചിരിക്കുന്ന ഈ വീട്ടില്‍ എവിടെ തിരിഞ്ഞു നോക്കിയാലും നേര്‍ത്ത കാവിചുവപ്പിന്റേയും, കാവി മഞ്ഞയുടേയും കാവിപച്ചയുടേയും ശീതളിമ മാത്രം. സൗന്ദര്യത്തിന്റെ പൂര്‍ണ്ണതയാര്‍ന്ന മികവുകള്‍. ഇതേ സര്‍വകലാശാലയില്‍ സോഷ്യല്‍വര്‍ക്ക് ഡിപ്പാര്ട്ടുമെന്റില് അദ്ധ്യാപികയായ സീനയാണ് സാജു തുരുത്തിലിന്റെ ഭാര്യ. മകന് മാധവന് ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: