സമ്പൂര്‍ണ്ണമായ ത്യാഗമാണ് സന്ന്യാസം. അനുകൂലമായ പൂര്‍വ്വസംസ്‌കാരങ്ങളുടെ പിന്‍ബലത്താല്‍ ഈശ്വരപ്രാപ്തിയാണ് ജീവിതലക്ഷ്യമെന്നു ബോധംവന്ന ജീവന്‍ മറ്റെല്ലാം ത്യജിക്കുമെന്നത് വാസ്തവം. കര്‍മ്മംകൊണ്ടോ സന്തതിയെക്കൊണ്ടോ ധനംകൊണ്ടോ അല്ല, ത്യാഗം കൊണ്ടു മാത്രമാണ് അമൃതത്വം അനുഭവവേദ്യമാകുന്നതെന്ന് വേദവാക്യം.
അത്യാശ്രമികളും ആത്മാരാമന്മാരും ബ്രഹ്മനിഷ്ഠരുമായ സന്ന്യാസിശ്രേഷ്ഠന്മാര്‍ ഒരിടത്ത് വസിച്ചാല്‍ മതി. ആര്‍ത്തന്മാരും അര്‍ഥാര്‍ത്ഥികളും ജ്ഞാനജിജ്ഞാസുക്കളുമായ ഭക്തന്മാര്‍ അത്തരം മഹാത്മാക്കളാല്‍ അനുഗൃഹീതരായി തീരും. എന്നാല്‍ അര്‍ഹതയും യോഗ്യതയും ഇല്ലാത്തവര്‍ സന്ന്യസിച്ചാല്‍ സന്ന്യാസധര്‍മ്മത്തിന് ച്യുതിയുണ്ടാവുമെന്നതിന്റെ പ്രധാന തെളിവാണ് അന്നത്തെ ജൈനബുദ്ധ സന്ന്യാസിമാര്‍. ആചാര്യസ്വാമികളുടെ കാലഘട്ടത്തിലെ ജൈനബൗദ്ധ ഭിക്ഷുക്കളുടെ സ്ഥിതി അത്യന്തം ശോചനീയമായിരുന്നു.
അനുയായികളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ലോക വ്യാപക മതമാകാന്‍ വെമ്പല്‍കൊള്ളുമ്പോള്‍ തന്നെ മതമമതയും മതമൗലികത്വവും സ്വാഭാവികമായും ഉയര്‍ന്നുവരും. വ്യക്തിജീവിതത്തില്‍ ധാര്‍മ്മികത ശോഷിച്ചുകൊണ്ടിരിക്കുകയും ചെയ്യും. സന്ന്യാസജീവിതത്തിലെ പ്രമാദവും ധര്‍മ്മച്യുതിയും വികലമായ സമുദായത്തെ സൃഷ്ടിക്കും. വിഘടനമനോഭാവമായിരിക്കും അത്തരം സമുദായത്തിന്റെ മുഖമുദ്ര.
ധര്‍മ്മബോധമില്ലാത്ത സമുദായത്തിന്റെയും സംസ്‌കാരശൂന്യമായ നേതൃത്വത്തിന്റെയും ആപത്കരമായ അവസ്ഥ ആവിര്‍ഭവിക്കാതിരിക്കാനാണ് ആചാര്യസ്വാമികള്‍ നാലു മഠങ്ങള്‍ സ്ഥാപിക്കുകയും അവയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി നിയമങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ‘മഠാമ്‌നായം’, ‘മഠാനുശാസനം’ എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചതും. മഠങ്ങളിലെ അധിപന്മാര്‍ അതാതിടങ്ങളില്‍ സഞ്ചരിച്ച് ജനങ്ങളുടെ ഇടയില്‍ ധാര്‍മ്മികാവബോധം വളര്‍ത്തണമെന്നു മഠാനുശാസനത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.
















