പത്തനംതിട്ട: ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന നിരവധി പദ്ധതികള്‍ക്ക് മില്‍മ രൂപം നല്‍കിവരുന്നതായി തിരുവനന്തപുരം മേഖലാ ക്ഷീരോല്പാദകയൂണിയന് ചെയര്മാന് കല്ലട രമേശ് പറഞ്ഞു.
തിരുവനന്തപുരം മേഖലയുടെ കീഴിലുള്ള പാവപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കും. മേഖലയിലെ നാല് ജില്ലകളിലും രണ്ട് മില്‍മ ഭവനങ്ങള്‍ വീതം നിര്‍മിച്ച് നല്‍കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ക്ഷീര കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പശുവിനെ കറക്കാന്‍ കറവക്കാരില്ലാത്തത് ക്ഷീരകര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു.ഇതിന് പരിഹാരമായി ജില്ലയില്‍ കറവ മെഷീന് നല്‍കും.
ഇതിന് രണ്ട് ജീവനക്കാരെയും നിയോഗിക്കും. ഓരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെടുന്ന ഓരോ മാതൃകാ ക്ഷീര സംഘങ്ങള്‍ക്കാണ് മെഷിന് നല്‍കുന്നത്. മെഷിനും വാഹനത്തിനും കൂടി നാല് ലക്ഷത്തോളം രൂപ ചെലവ് വരും. നിശ്ചിത സ്ഥലത്ത് പശുക്കളെ എത്തിച്ചാല്‍ വാഹനത്തില്‍ ജീവനക്കാര്‍ കറവ മിഷനുമായി എത്തും.
മുന്‍കാലങ്ങളെ അപേക്ഷിച്ച് പാല് ഉല്പാദനം വര്‍ദ്ധിച്ചിട്ടുണ്ട്.ഇപ്പോള്‍ മൊത്തം ഉല്പാദനം 10,50,000 ലിറ്ററാണ്. ഇതോടെ സംസ്ഥാനത്തിന് പുറത്തുനിന്നും വാങ്ങുന്ന പാലിന്റെ അളവ് രണ്ട് ലക്ഷത്തില്‍ താഴെ ലിറ്ററായി കുറക്കാനും കഴിഞ്ഞിട്ടുണ്ട്. റബറിന് വില കുറഞ്ഞപ്പോള്‍ എറണാകുളം മലബാര്‍ മേഖലകളില്‍ കൂടുതല്‍ കര്‍ഷകര്‍ പാല് ഉല്പാദന മേഖലയിലേക്ക് പ്രവേശിക്കുകയും ഇവിടങ്ങളില്‍ പാല് ഉല്പാദനം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പത്തനംതിട്ട ജില്ലയില്‍ വര്‍ധനവ് ഉണ്ടായിട്ടില്ല. ജില്ലയില്‍ ഇപ്പോള്‍ 37,000 ലിറ്ററോളം പാല് സംഭരിക്കുകയും 57000 ലിറ്ററോളം വിതരണം നടത്തുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: