കെയ്റോ: ലുലുഗ്രൂപ്പിന്റെ 119ാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കെയ്റോ ട്വിന്‍ പ്ലാസാ മാളില്‍ നടന്ന ചടങ്ങില്‍ ഈജിപ്ത് വ്യാപാരമന്ത്രി ഖാലിദ് ഹനാഫി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെയ്റോ ഗവര്‍ണര്‍ ഗലാല്‍ അല്‍ സയിദ്, ഈജിപ്ത് പ്രധാനമന്ത്രിയുടെ ഉപദേശകന് മുഹമ്മദ് അബ്ദുള്‍ സയ്ദ്, ഈജിപ്തിലെ യുഎഇ ചാര്‍ജ്ജ് ഡി അഫയേഴ്സ് ഖലീഫ തുനൈജി, ഈജിപ്തിലെ ഇന്ത്യന്‍ സ്ഥാനപതി സജ്ഞയ് ഭട്ടാചാര്യ എന്നിവരടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു.
ലുലുഗ്രൂപ്പ് മേധാവി എം.എ. യൂസഫലി, സിഇഒ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്റഫ് അലി എം.എ., ഗ്രൂപ്പ് ഡയറക്ടര്‍മാരായ മുഹമ്മദ് അല്‍ത്താഫ്, എം.എ. സലീം എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. റീട്ടെയില്‍ രംഗത്തെ നാല് ദശകങ്ങളായുള്ള തങ്ങളുടെ പ്രവര്‍ത്തന പരിചയം ഈജിപ്തിലെ റീട്ടയില്‍ മേഖലയില്‍ പ്രമുഖസ്ഥാനം നേടാന്‍ സഹായിക്കുമെന്ന് ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കവേ ലുലുഗ്രൂപ്പ് മേധാവി എം.എ. യൂസഫലി പറഞ്ഞു.
ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഈജിപ്ത് വളരെ പ്രധാനപ്പെട്ട മാര്‍ക്കറ്റാണ്. ലുലു ബ്രാന്‍ഡ് ഈജിപ്ത്കാര്ക്കിടയില് പ്രസിദ്ധമാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 10 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്നും യൂസഫലി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: