വടശേരിക്കര: ഉത്സവത്തിന്റെ പ്രതീതിയിലായിരുന്നു ഇന്നലെ പെരുനാട് കൂനംകര ശബരി ശരണാശ്രമത്തിലെ അന്തേവാസികളും, ഭക്തന്മാരും. ബിജെപി സംസ്ഥാന അധ്യക്ഷ പദം ഏറ്റെടുത്ത ശേഷം രാജേട്ടന് ആദ്യമായി ആശ്രമത്തിലെത്തുന്നതാണ് ഉത്സവഛായ പകര്‍ന്നത്.
അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിന്റെയും, കാരുണ്യ പ്രവര്‍ത്തങ്ങളുടെയും മറ്റൊരു മിഴിവുറ്റ ഉദാഹരണമാണ് ശബരി ശരണാശ്രമം. പതിനാറോളം വനവാസി കുട്ടികളുടെ ആശ്രയ കേന്ദ്രം. പമ്പയില്‍ ജഡായു ബലിതര്‍പ്പണം നടത്തിയതിനു ശേഷം കാനന വാസന്റെ അനുഗ്രഹം നേടാനായി പതിനെട്ടാം പടി ചവിട്ടാനുള്ള യാത്രക്കിടയിലാണ് ആശ്രമം സന്ദര്‍ശിച്ചത്. ഇന്നലെ രാവിലെ ചടയമംഗലത്തുള്ള ജഡായു പാറ സന്ദര്‍ശിച്ചതിനു ശേഷം ചടയമംഗലം മഹാദേവ ക്ഷേത്രത്തിലാണ് ഇരുമുടി കെട്ട് മുറുക്കിയത്.
പതിനൊന്നരയോടു കൂടി ആശ്രമകവാടത്തിലെത്തിയ കുമ്മനം രാജശേഖരന് അയ്യപ്പസേവാസമാജം പ്രവര്‍ത്തകര്‍ സ്നേഹോഷ്മള സ്വീകരണം നല്കി. തുടര്‍ന്ന് അയ്യപ്പ കോവിലിലെത്തി കൂപ്പു കയ്യോടെ മിഴികളടച്ചു പ്രാര്‍ഥിച്ചു, പ്രസാദം സ്വീകരിച്ചു. ഉറക്കെ ശരണം വിളിച്ചു. പിന്നെ പാചകപ്പുര നിരീക്ഷിച്ച്, വിവിധ നിര്‍ദ്ദേശങ്ങള്‍ നല്കി. പരിസരവും ശ്രദ്ധയോടെ വീക്ഷിച്ചു. തുടര്‍ന്ന് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്തെത്തി അയ്യപ്പഭക്തര്‍ക്ക് ചോറ് വിളമ്പി നല്കി. അവസാനം ഒരുപാത്രത്തില്‍ ചോറ് വിളമ്പി സാംബാറൊഴിച്ചു മറ്റു ഭക്തന്മാരോടൊപ്പം ഭക്ഷണം കഴിച്ചു. അതിനിടയില്‍ ഒപ്പമിരുന്നു കഴിച്ച ഓരോ കുട്ടികളോടും കുശലം ചോദിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഒന്നരയോടു കൂടി യാത്ര പുനരാരംഭിച്ചു. കുട്ടികളും മുതിര്‍ന്ന സ്ത്രീകളുമടക്കം 200 ഓളം സ്വാമിമാര്‍ കുമ്മനത്തെ അനുഗമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: