ഹരിപ്പാട്: സൗദിയില്‍ ജോലി വാഗ്ദാനം നല്‍കി കൊണ്ടുപോയ മലയാളികളായ മൂന്ന് യുവാക്കള്‍ക്ക് അറബിയുടെ ക്രൂരമര്‍ദ്ദനവും, അടിമപ്പണിയും. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആശങ്കയിലാണ് ബന്ധുക്കള്‍.
ഹരിപ്പാട് സ്വദേശികളായ കാര്‍ത്തികപ്പള്ളി ബൈജു ഭവനത്തില്‍ ബൈജു (36), മുട്ടംമാല മേല്‍ക്കോട് അന്‍ജു ഭവനത്തില്‍ അഭിലാഷ് (21), മുട്ടം കണിപ്പനല്ലൂര്‍ പുത്തന്‍വീട്ടില്‍ ബിമല്‍ കുമാര്‍ (30) എന്നിവരാണ് കഴിഞ്ഞ ഒരുമാസത്തിലധികമായി സൗദിയിലെ അബഹ എന്ന സ്ഥലത്ത് ആഹാരവും, വെള്ളവും കിട്ടാതെ അറബിയുടെ അടിമപ്പണി ചെയ്ത് ക്രൂര മര്‍ദ്ദനത്തിന് ഇരയായിക്കൊണ്ടിരിക്കുന്നത്. ചിങ്ങോലി സ്വദേശിയായ ഷംനാസ്, കായംകുളം സ്വദേശി ഷാബുമോന്‍, തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ കെ.എന്‍. വിനോദ് കുമാര്‍. എന്നിവര്‍ ചേര്‍ന്നാണ് ജോലി വാഗ്ദാനം നല്‍കി യുവാക്കളെ സൗദിയില്‍ എത്തിച്ചത്. ഹരിപ്പാട്ടെ ഒരു പ്രമുഖ ട്രാവല്‍ ഏജന്‍സിയും തട്ടിപ്പിന് കൂട്ടുനിന്നതായി ഇവര്‍ ആരോപിക്കുന്നു.
പമ്പ് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് നവംബര്‍ ഏഴിനാണ് ബൈജുവിനെ സൗദിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ഒന്‍പതാം തീയതി ബൈജു വീട്ടിലേക്ക് ഫോണ്‍ ചെയ്ത് ചതിയില്‍ അകപ്പെടുകയായിരുന്നുവെന്നും, എത്രയും പെട്ടന്ന് ഇവിടെ നിന്നും രക്ഷപെടുത്തുവാനുളള മാര്‍ഗം ചെയ്യണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടു. മര്‍ദ്ദനം സഹിച്ച് പിടിച്ചുനിന്ന ബൈജുവിനെ കഴിഞ്ഞ ദിവസം സില്‍വര്‍ ഡോട്ട് എന്ന കമ്പിനിയുടെ ഉടമയെന്ന് പറയപ്പെടുന്ന അറബി കരിങ്കല്ലുകള്‍ ചുമ്മിച്ച ശേഷം അലറികൊണ്ട് വടികൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചിങ്ങോലി സ്വദേശി ഷംനാസ് കാറുകയറ്റി കൊല്ലാനുളള ശ്രമവും നടത്തി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മലയാളികള്‍ പകര്‍ത്തി നാട്ടിലെത്തിക്കുകയായിരുന്നു.
ഇവരെ നാട്ടില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹരിപ്പാട്, കായംകുളം, സിഐമാര്‍ക്ക് ആഴ്ചകള്‍ക്ക് മുന്‍പ് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. തട്ടിപ്പില്‍ പോലീസുകാരനും ഉള്‍പ്പെട്ടതിനാല്‍ പോലീസിന്റെ സമ്മര്‍ദ്ദത്തില്‍ സംഭവം പുറംലോകം അറിയാതിരിക്കുകയായിരുന്നു.
















