തിരൂര്‍: തിരൂരില്‍ തുഞ്ചത്താചാര്യന്റെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള അപ്രഖ്യാപിത വിലക്കിനെതിരെ പ്രമുഖ ചരിത്രകാരന് എം.ജി.എസ്. നാരായണന്. തുഞ്ചന്റെ മണ്ണില്‍ ആചാര്യന്റെ പ്രതിമക്ക് എന്തിനാണ് അശുദ്ധിയെന്ന് അദ്ദേഹം ചോദിച്ചു. അമൃതഭാരതി വിദ്യാപീഠത്തിന്റെ ആശീര്‍വാദ സഭയോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എംജിഎസ്.
തുഞ്ചന്‍ പറമ്പില്‍ ആദ്യകാലത്ത് നിലനിന്ന ജനാധിപത്യം സ്ഥിരം ട്രസ്റ്റായതോടെ സര്‍വാധിപത്യത്തിലേക്കും ഏകാധിപത്യത്തിലേക്കും തിരിച്ചുപോയതായി എംജിഎസ് കുറ്റപ്പെടുത്തി. ഇത് മലയാളത്തോടുള്ള അവഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയതും ഇന്നും നിലനില്ക്കുന്നതുമായ കൊളോണിയല്‍ രീതിയിലുള്ള വെറും പരീക്ഷാകേന്ദ്രമായി മാറരുത് നിര്‍ദ്ദിഷ്ട മലയാളം സര്‍വകലാശാലയെന്ന് എംജിഎസ് പറഞ്ഞു. നമ്മുടെ ഭാഷ, കല, പാരമ്പര്യം, സംസ്കാരം, ചരിത്രം, ആചാര സമ്പ്രദായങ്ങള്‍, ഇതര വിഭാഗങ്ങളില്‍ നിന്നും കുടിയേറി കേരളീയരായി മാറിയവരുടെ സംസ്കാരങ്ങള്‍ തുടങ്ങിയവയെല്ലാം പഠിപ്പിക്കുന്നതും സാംസ്കാരിക അടിത്തറയെ അംഗീകരിക്കുന്നതുമായിരിക്കണം മലയാളം സര്‍വകലാശാലയെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സര്‍വകലാശാല ചര്‍ച്ചകളില്‍ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം സാഹിത്യനായകര്‍ക്കും ഇടം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: