പേപ്പട്ടിയുടെ ആക്രമണത്തില്‍ വൃദ്ധരുള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്ക് . മുക്കോലയ്ക്കല്‍ മുരുക്കറവട്ടം രാമചന്ദ്രന്‍നായര്‍(83),തെക്കുംകര ആനന്ദവിലാസത്തില്‍ ഗിരീന്ദ്രന്(49),പറണ്ടോട് തെക്കുംകര പാറയില്‍ പുത്തന്‍വീട്ടില്‍ രാമചന്ദ്രന്(60),പറയരുകാവ് ചാമുണ്ഡി ക്ഷേത്രത്തിനു സമീപം ചായക്കട നടത്തുന്ന സരസ്വതി(58)എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. കൂടാതെ മറ്റു വഴിയാത്രക്കാരെയും ആക്രമിച്ചു. രാവിലെ 7.30 ന് തുടങ്ങിയ പേപ്പട്ടി ആക്രമണം രാത്രി 9 മണിക്കും തുടര്‍ന്നു. നാട്ടുകാര്‍ പട്ടിയെപിടികൂടാന് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
രാവിലെ 7.30 ന് മരണാനന്തരചടങ്ങില്‍ പങ്കെടുക്കാനായി വീട്ടില്‍നിന്നും ബസ്സ്റ്റാന്റിലേക്ക് പോകാന്‍ പുറപ്പെട്ട രാമചന്ദ്രനാണ് ആദ്യം പട്ടിയുടെ കടിയേറ്റത്. രാമചന്ദ്രനുനേരെ ചാടിയടുത്ത പട്ടി ഇടതുകൈയ്യില്‍ കടിച്ചു. തുടര്‍ന്ന് മല്പിടിത്തത്തിലൂടെ പട്ടിയെ പിടിച്ച് വലിച്ചെറിഞ്ഞതിനാല്‍ സാരമായ പരിക്കാണ് പറ്റിയത്. ഇതിനുശേഷം പറയരുകാവ് ക്ഷേത്രത്തിനുസമീപം ചായക്കട നടത്തുന്ന സരസ്വതിയുടെ തുട കടിച്ചെടുത്തു. നിലവിളികേട്ട് സമീപത്തുണ്ടായിരുന്നവര്‍ എത്തി പട്ടിയെപിടികൂടാന് ശ്രമം നടത്തിയെങ്കിലും ഓടിരക്ഷപ്പെടുകയായിരുന്നു. അതിനു ശേഷം ഉച്ചക്ക് 12 മണിയോടെ മുക്കോലയ്ക്കല്‍ മുരുക്കറവട്ടത്തെ രാമചന്ദ്രന്‍നായരുടെ വീട്ടില്‍ കയറിയത്. ഉച്ച ഊണ് കഴിക്കാനായി ഊണ് മേശമേല്വച്ചിട്ട് വരാന്തയിലേക്ക് എത്തിയ രാമചന്ദ്രന്‍നായരെ മുറ്റത്തുനിന്നിരുന്ന പട്ടി ചാടിപിടിക്കുകയായിരുന്നു. ആദ്യം ചുണ്ടില്കടിച്ചു തുടര്‍ന്ന് കയ്യിലും ഇതിനെ പ്രതിരോധിക്കാനായി പട്ടിയെപിടികൂടിയപ്പോഴാണ് മൂക്ക്കടിച്ച്പറിച്ചത്. ഈ സമയം വീട്ടിലുള്ളവര്‍ കല്യാണത്തില്പങ്കെടുക്കാന് പോയിരുന്നു. സമീപത്തെ സഹോദരപുത്രനെവിളിച്ചാണ് പട്ടിയില്നിന്നുള്ള ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ടത്. അതിനുശേഷം വൈകിട്ടോടെ പനച്ചമൂട്ടില്‍ മുറുക്കാന്‍കട നടത്തുന്ന ഗിരീന്ദ്രനെയാണ് പട്ടി ആക്രമിച്ചത്. കടയുടെ പുറക് വശത്ത് സൂക്ഷിച്ചിരുന്ന വാഴക്കുല മൂടിയിടാനായി കുനിഞ്ഞ് ചാക്കെടുക്കുന്നതിനിടയിലായിരുന്നു ഓടിവരികയായിരുന്ന പട്ടി കടിച്ചത്. ചുണ്ടിലും കവിളിലും കൈയ്യിലും കടിക്കുകയായിരുന്നു. 9 മണിക്കും പട്ടിയെ കുളവിക്കോണം ഭാഗങ്ങളില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പുറകേപോയെങ്കിലും പിടികൂടാനായില്ല. പരിക്കേറ്റവര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സതേടി.
പട്ടിയുടെ ആക്രമണത്തില്‍ പരിക്കേറ്റവിവരം നഗരസഭ ഇന്നലെ ഉച്ചവരെ അറിഞ്ഞിരുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചറിയിച്ചപ്പോഴാണ് സംഭവം നഗരസഭസെക്രട്ടറി അറിയുന്നത്. ഉടനെ തന്നെ പട്ടിപിടിത്തക്കാരെ വിട്ട് പട്ടിയെ പിടികൂടാനുള്ള നടപടികളാരംഭിച്ചു. നെയ്യാറ്റിന്‍കരയില്‍ നിന്നും ഇന്ന് രാവിലെ 6 മണിക്ക് പട്ടിപിടിത്തക്കാര്‍ എത്തും. നഗരസഭ ചെയര്മാന് തൃശൂരിലാണെന്നും അദ്ദേഹം വന്നാല്‍ മാത്രമേ തുടര്‍ നടപടികൈകൊള്ളാന് സാധിക്കുകയുള്ളുവെന്നും സെക്രട്ടറി ജഹാംഗീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: