ന്യൂദല്‍ഹി:ഭാരതത്തിന്റെ ഊര്‍ജ്ജ ഉപഭോഗം 2040ഓടെ ഇരട്ടിക്കുമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. 2040ല്‍ എത്തുന്നതോടെ നിലവിലെ സമ്പദ്‌വ്യവസ്ഥയില്‍ നിന്നും രാജ്യം അഞ്ചിരട്ടി വികസനം കൈവരിക്കും. അന്താരാഷ്‌ട്ര എനര്‍ജി ഏജന്‍സി പുറത്തിറക്കിയ വേള്‍ഡ് എനര്‍ജി ഔട്‌ലുക്കില്‍ ഇതു സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ടെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു.
ലോക്‌സഭ സമ്മേളനത്തിനിടെ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് പ്രധാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വേള്‍ഡ് ഔട്‌ലുക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഭാരതത്തിന്റെ സാമ്പത്തിക മേഖലയുടെ വളര്‍ച്ച വളരെ വേഗത്തിലാണ്. പ്രതിവര്‍ഷം 6.5 ശതമാനം വീതമാണ് വളര്‍ച്ച കൈവരിക്കുന്നത്. അറ് ദശലക്ഷം ബാരല്‍ ഓയിലാണ് പ്രതിദിനം ഭാരതത്തില്‍ ഉപയോഗിക്കുന്നത്. 2040ഓടെ ഇത് ഇരട്ടിക്കുന്നതാണ്.
ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള എല്‍പിജി ഉപഭോഗത്തിലും ഈ വര്‍ധനവുണ്ടാകും. 2040ഓടെ ഭാരതത്തിലെ ഗ്യാസ് ഉത്പ്പാദനം 90 ബില്യണ്‍ ക്യുബിക് മീറ്ററായി ഉയരും. ഈ കാലയളവില്‍ പ്രകൃതി വാതകത്തിന്റെ ആവശ്യകത 149 മില്യണ്‍ ടണ്ണാകുന്നതിനാല്‍ ഊര്‍ജ്ജോല്‍പ്പാദനത്തിനായി 2.8 ലക്ഷം കോടിയുടെ നിക്ഷേപം ആവശ്യമാണ്. ഇതില്‍ 75 ശതമാനവും വൈദ്യുതി മേഖലയിലാണ് വേണ്ടത്. 0.8ലക്ഷം കോടിയുടെ നിക്ഷേപമെങ്കിലും ഈ മേഖലയിലെ വികസനത്തിന് ആവശ്യമാണെന്നും പ്രധാന്‍ കുട്ടിച്ചേര്‍ത്തു.
















