ന്യൂദല്‍ഹി: കനത്ത എതിര്‍പ്പുകള്‍ക്കിടയില്‍, കൂട്ടബലാത്സംഗക്കേസിലും കൊലപാതകത്തിലും പ്രതിയായ കുട്ടിക്കുറ്റവാളിയെ തടവില്‍നിന്നു വിട്ടു. സുരക്ഷാ കാരണങ്ങളാല്‍ ഇയാളെ രഹസ്യ കേന്ദ്രത്തിലേക്ക് പേരുവെളിപ്പെടുത്താത്ത ഒരു സന്നദ്ധ സംഘടനയുടെ ഭാരവഹികള്ക്കൊപ്പമാണയച്ചിരിക്കുന്നത്. ഇയാളുടെ മോചനത്തിനെതിരേയുള്ള പരാതി ഇന്ന് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് കേള്‍ക്കും.
മോചനത്തിനെതിരെ ഇന്നലെ തലസ്ഥാനത്ത് പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്ത്യാഗേറ്റില്‍ പ്രതിഷേധിച്ച പെണ്‍കുട്ടികളടക്കം ആയിരത്തോളം എബിവിപി പ്രവര്‍ത്തകരെ ദല്‍ഹി പോലീസ് ക്രൂരമായി കൈകാര്യം ചെയ്തു. അതേസമയം, നിര്‍ഭയ കേസില്‍ ജനവികാരം ഇളക്കി രാഷ്ട്രീയ മുതലെടുപ്പു നടത്തിയ കേജ്രിവാളിന്റെയും എഎപിയുടെയും നിലപാടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കുട്ടിക്കുറ്റവാളിക്ക് തയ്യല്‍മെഷീനും 10,000 രൂപയും നല്‍കുമെന്നായിരുന്നു കേജ്രിവാളിന്റെ തീരുമാനം.
കൊടും ക്രൂരകൃത്യത്തിന് പതിനേഴാം വയസ്സില്‍ അറസ്റ്റിലായ ഇയാള്‍ മൂന്നുവര്‍ഷം നിരീക്ഷണ ഭവനത്തിലെ തടവു ശിക്ഷയ്ക്കു ശേഷം ഇരുപതാം വയസിലാണ് പുറത്തിറങ്ങിയത്. യുപിയിലെ ബദൗന്‍ സ്വദേശിയായ ഇയാള്‍ക്ക് സ്വന്തം വീട് സുരക്ഷിത താവളമല്ലെന്നു വിലയിരുത്തിയാണ് എന്ജിഒയോടൊപ്പം അയച്ചതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. മോചനം പ്രതിഷേധക്കുഴപ്പങ്ങള്ക്കു കാരണമാകുമെന്നു വിലയിരുത്തി ഇന്ത്യാ ഗേറ്റിലും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
കുട്ടിക്കുറ്റവാളി ജയില്മോചിതനാകുന്നതിനെതിരെ ദല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ശനിയാഴ്ച അര്‍ധരാത്രി സമര്‍പ്പിച്ച സ്പെഷ്യല്‍ ലീവ് ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കുറ്റവാളിക്ക് ഇപ്പോള്‍ 20 വയസാണെന്നും അതിനാല്‍ പ്രായപൂര്‍ത്തിയായതാണെന്നും ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. എ. കെ. ഗോയല്‍, യു. യു. ലളിത് എന്നിവരടങ്ങുന്ന സുപ്രീംകോടതി അവധിക്കാല ഡിവിഷന് ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്.
മോചനം സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ട് ശനിയാഴ്ച കേസ് രാത്രിതന്നെ പരിഗണിക്കണമെന്ന് അറിയിച്ചെങ്കിലും സുപ്രീം കോടതി തള്ളി. പ്രതിയെ സ്വതന്ത്രമായി വിടാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മാലിവാള്‍ ചീഫ് ജസ്റ്റിസ് ് ടി.എസ്. ഠാക്കൂറിനേയും സന്ദര്‍ശിച്ചു. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ ചീഫ് ജസ്റ്റിസ്ഹര്ജി വെക്കേഷന് ബഞ്ചിന് കൈമാറുകയായിരുന്നു. അതിനിടെയാണ് കാലാവധി കഴിഞ്ഞതിനാല്‍ ഇയാളെ മോചിപ്പിച്ചത്. പ്രതിയുടെ മനോനിലയില്‍ മാറ്റം വന്നിട്ടില്ല, സമൂഹത്തിന് ഭീഷണിയുയര്‍ത്തുന്ന കുറ്റവാളിയുടെമാനസിക നിലയെകുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, കുട്ടിക്കുറ്റവാളിയുടെ മോചനം തടയണമെന്നാവശ്യപ്പെട്ട് ജുവനൈല്‍ ഹോമിനു മുന്നില്‍ പ്രതിഷേധവുമായെത്തിയ നിര്‍ഭയ (ജ്യോതി സിങ്)യുടെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മോചനം തടയാനോ ഈ വിഷയത്തില്‍ പ്രതികരിയ്ക്കാനോ ഇത്ര വൈകിയതെന്തുകൊണ്ടാണെന്ന് നിര്‍ഭയയുടെ അച്ഛന് ബദ്രി സിങ് ചോദിച്ചു.
2012 ഡിസംബര്‍ 16-നായിരുന്നു സംഭവം. ആറുപേര്‍ ചേര്‍ന്ന് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു. മറ്റ് നാലു പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. ഇവരുടെ അപ്പീല്‍ സുപ്രീം കോടതിയില്‍ പരിഗണനയിലാണ്. കുട്ടിക്കുറ്റവാളിക്ക് മൂന്നുവര്‍ഷം തടവായിരുന്നു ശിക്ഷ.
കുറ്റവാളിയുടെ പ്രായം നോക്കി നിയമം നടപ്പാക്കുന്ന സമ്പ്രദായം ഉപേക്ഷിക്കണമെന്നും ജൂവനൈല്‍ ജസ്റ്റീസ് ആക്ട് ഭേദഗതി ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു. കുറ്റം ഏതുപ്രായക്കാര്‍ ചെയ്താലും ശിക്ഷ കിട്ടുമെന്ന സന്ദേശമാണ് സമൂഹത്തിനു നല്‍കേണ്ടതെന്ന് പാര്‍ട്ടി വൈസ് പ്രസിഡന്റ് ശ്യാം ജാജു പറഞ്ഞു.
നിര്‍ഭയ കേസില്‍ സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ നിയമത്തിന്റെ ആനുകൂല്യം നേടുന്ന കുട്ടിക്കുറ്റവാളിയ്ക്കു കൂടുതല്‍ ശിക്ഷ കൊടുക്കണമെന്ന വാദം ശക്തമാണ്. ഈ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും സന്നദ്ധ സംഘടനകളും എബിവിപി പോലുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും കോടതി പുനരാലോചന നടത്തണമെന്ന നിലപാടിലാണ്.
ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയാണ് ഈ കേസില്‍ തുടക്കം മുതലേ കുറ്റവാളിക്ക് പ്രായത്തിന്റെ ആനുകൂല്യം നല്കരുതെന്നു വാദിച്ചത്.
ഇപ്പോള്‍ ഈ കേസില്‍ മോചനത്തെ എതിര്‍ക്കുന്ന വക്കീല്‍ സംഘത്തില്‍ പ്രധാന ദേവദത്ത് കാമത്ത് പറയുന്നു:
- കുട്ടിക്കുറ്റവാളിയുടെ മനോനില ശാസ്ത്രീയമായി വിലയിരുത്തിയിട്ടില്ല.
- നിരീക്ഷണ ഭവനത്തില്‍ കഴിഞ്ഞ കാലത്തും ഇയാളുടെ പ്രവര്‍ത്തനവും പെരുമാറ്റവും ഏറെ കുഴപ്പം നിറഞ്ഞതായിരുന്നു. അതിനാല്‍ ഇയാളുടെ മോചനം സമൂഹത്തിനു വിപത്തായിത്തീരും.
- മൂന്നു വര്‍ഷം ശിക്ഷ വിധിച്ചത് ജൂവനൈല്‍ കോടതിയിലെ വിചാരണ പ്രകാരമാണ്.
- ഇപ്പോള്‍ 20 വയസായ ഇയാള്‍ പ്രായപൂര്‍ത്തിയായ സാഹചര്യത്തില്‍ സാധാരണകോടതിയില്‍ പുനര്‍ വിചാരണ ചെയ്യണം.
















