ശബരിമല: ചെമ്പട രണ്ടുകാലം കൊട്ടിക്കയറി പാണ്ടിമേളത്തിലേക്ക് കടന്നപ്പോള്‍ സന്നിധാനം രൗദ്രസംഗീതത്തിന്റെ മേളപ്പെരുക്കത്തില്‍ മുഖരിതമായി. ചെണ്ടയും ചേങ്ങിലയും കൊമ്പും കുഴലും തീര്‍ത്ത താളത്തില്‍ അയ്യപ്പന് സംഗീതാര്‍ച്ചന.
എക്സൈസ് ജീവനക്കാരാണ് ശബരീശന് സംഗീതം കൊണ്ട് കാണിക്ക സമര്‍പ്പിച്ചത്. തൃശ്ശൂരില്‍ നിന്നുള്ള 101 അംഗമേളസംഘമാണ് സന്നിധാനത്ത് കൊട്ടിക്കയറിയത്. തിരുവമ്പാടി പാറമേക്കാവ് മേളസംഘത്തിലുള്ളവരാണ് സന്നിധാനത്ത് ഇന്നലെ വൈകിട്ട് നടന്ന സംഗീതാര്‍ച്ചനയില്‍ പങ്കെടുത്തത്. തൃശ്ശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറമേളത്തിന് സമാനമായാണ് സന്നിധാനത്ത് കൊട്ടിയത്. പാറമേക്കാവ് ഭഗവതി കൊട്ടിയിറങ്ങുന്ന ചെമ്പടയിലാണ് സന്നിധാനത്ത് മേളം തുടങ്ങിയത്. തിരുവമ്പാടി സംഘത്തിലെ സഹപ്രമാണിയും ഊരകം പ്രമാണിയുമായ ചെറുശ്ശേരി കുട്ടന്മാരാരുടെ നേതൃത്വത്തിലായിരുന്നു മേളം. പാറമേക്കാവ് വിഭാഗത്തിലെ സഹപ്രമാണിയായ കൊമ്പത്ത് അനിലും സംഘത്തിലുണ്ടായിരുന്നു. തൃശ്ശൂര്‍ എക്സൈസ് ഡിവിഷണല്‍ ഓഫീസിലെ ഇന്‍സ്പെക്ടര്‍ ടൈറ്റസ് ആണ് സംഘത്തെ സന്നിധാനത്തേക്ക് എത്തിച്ചത്. തൃശ്ശൂരില്‍ നിന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് രണ്ട് ബസ്സുകളിലായാണ് മേളസംഘം പുറപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ന് പമ്പയിലെത്തി. സോപാനത്ത് കൊടിമരത്തിന് സമീപത്തായി മേല്‍ശാന്തി തിരിതെളിയിച്ചതോടെയാണ് മേളം തുടങ്ങിയത്. കഴിഞ്ഞ കൊല്ലം എക്സൈസ് ജീവനക്കാര്‍ക്കായി 51 അംഗ സംഘം സന്നിധാനത്ത് പാണ്ടിമേളം അവതരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: