ന്യൂദല്‍ഹി : ജിഹാദി പ്രവര്‍ത്തങ്ങള്‍ക്കായി കമ്പനി ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പണം മാറ്റുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ആറുകോടി രൂപയോളം ഇത്തരത്തില്‍ ഐ എസ് തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.
ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ ജീവനക്കാരുടെ ഇമെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്താണ് ഭീകരര്‍ പണം തട്ടുന്നത്. ഇത്തരത്തില്‍ ആറുകോടി രൂപ ഐ എസ് അക്കൗണ്ടുകളിലേക്ക് മറിഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിയെടുക്കുന്ന പണം കൈമാറ്റം ചെയ്യപ്പെടുന്നത് തുര്‍ക്കിയിലേയ്‌ക്കാണെന്നുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് തട്ടിപ്പിനുപിന്നില്‍ ഐഎസ് ആണെന്ന് വ്യക്തമായത്. ശനിയാഴ്‌ച്ച ദല്‍ഹി പോലിസ് കമ്മീഷ്ണര്‍ ബി എസ് ഭാസി തട്ടിപ്പിനെക്കുറിച്ച് അറിയിച്ചത്.
ഹാക്കിംഗിന് പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായും അദേഹം പറഞ്ഞു. തട്ടിപ്പ് പ്രാരംഭ ഘട്ടത്തിലാണെന്നും അതിനാല്‍ വളരെ വേഗം ഇതിന് തടയിടാന്‍ സാധിക്കുമെന്നും ബസി കൂട്ടിച്ചേര്‍ത്തു.
















