ശബരിമല: ദേവസ്വം-മലിനീകരണ നിയന്ത്രണ ബോർഡുകളെ നോക്കുകുത്തിയാക്കി ശബരിമലയിലും പരിസരപ്രദേശത്തും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുന്നു. ഹൈക്കോടതിയുടെ ഉത്തവ് പ്രകാരം സന്നിധാനത്ത് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണ്ണമായും നിയന്ത്രിക്കണമെന്ന് പറയുബോഴും പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ പലയിടങ്ങളിലും കുന്നുകൂടിയിരിക്കുകയാണ്. ശബരിമലയിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തിയ അറിയിപ്പുകൾപോലും ഫ്‌ളെക്‌സ് ബോർഡുകളിലാണ്.
പമ്പ, നിലയ്‌ക്കൽ, സന്നിധാനം, എരുമേലി എന്നിവിടങ്ങളിൽ അയ്യപ്പഭക്തർ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൊണ്ടുവരുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് പാലിക്കപെടാൻ കഴിയാതെ വന്നതാണ് വീണ്ടും പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ കുന്നുകൂടാൻ കാരണമാകുന്നത്.
വിവിധ പാനിയങ്ങളുടെയും കുടിവെളള കുപ്പികളുമാണ് കുന്നുകൂടുന്നതിലേറെയും. പ്രതിദിനം സന്നിധാനത്ത് മാത്രമായി ഒരു ടണ്ണിൽപരം പ്ലാസ്റ്റിക് കുപ്പികളാണ് എത്തുന്നത്. തീർത്ഥാടനകാലം ആരംഭിച്ചതിന് ശേഷംമാത്രമാണ് കുപ്പികൾ നീക്കംചെയ്യാനുള്ള കരാർനൽകിയത്.
ഈ വീഴ്ചയാണ് കുപ്പികൾ നീക്കംചെയ്യുന്നതിൽ കാലതാമസം ഉണ്ടാക്കിയിരിക്കുന്നത്. സന്നിധാനം, മരക്കൂട്ടം, അപ്പാച്ചിമേട് എന്നിവിടങ്ങളിൽനിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ പാണ്ടിത്താവളത്തെ മാലിന്യസംസ്‌കരണപ്ലാന്റിൽ തരംതിരിച്ചാണ് സംസ്‌കരിക്കുന്നത്. കുപ്പികൾപോലുള്ള കട്ടികൂടിയ പ്ലാസ്റ്റിക്കുകൾ ഇവിടെതന്നെ നിക്ഷേപിച്ചിരിക്കുകയാണ്.
തിരുവനന്തപുരം സ്വദേശിയാണ് ഇവ നീക്കംചെയ്യാൻ കരാറെടുത്തിട്ടുള്ളത്. കുപ്പികൾ മാത്രം കൊണ്ടുപോകുബോൾ മറ്റ് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കുന്നുകൂടുന്നതും പ്രശനങ്ങ ൾക്ക് കാരണമാകുന്നുണ്ട്. വനത്തിനുളളിൽ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്. മണ്ഡലകാലം കഴിഞ്ഞാൽ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാകുന്ന ഇവിടങ്ങളിലുള്ള പ്ലാസ്റ്റിക് മൃഗങ്ങൾക്കും ഭീഷണിയാണ്. നിലയ്‌ക്കലിൽ മൂന്നുവർഷംമുമ്പ് ചരിഞ്ഞ പിടിയാനയുടെ ഉദരത്തിൽനിന്ന് പത്തുകിലോയോളം തൂക്കംവരുന്ന പ്ലാസ്റ്റിക് കവറുകൾ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: