അധികാരവും പണവും പ്രശസ്തിയുമാണ് സാധാരണ മനുഷ്യരെ മുന്നോട്ടുനയിക്കുന്നത്. ആരെങ്കിലും ഇതില്‍ വിമുഖത കാണിക്കുന്നുണ്ടെങ്കില്‍ അത് കഴിവുകേടുകൊണ്ടും, അവസരം ലഭിക്കാത്തതുകൊണ്ടുമാകാം. അത്യപൂര്‍വം ആളുകള്‍ മാത്രമാണ് അധികാരത്തിലും പണത്തിലും പ്രശസ്തിയിലും നിഷ്തത് പരത്വം കാണിച്ചിട്ടുള്ളത്. ഋഷിമാരും ചിന്തകന്മാരും ദാര്ശനികന്മാരും, യോഗികളുമാണ് ഇവ മൂന്നും വെടിഞ്ഞ് സത്യത്തിന്റെയും അഹിംസയുടെയും പ്രകാശം പരത്തി ജീവിച്ചിട്ടുള്ളത്. ലോകം സഞ്ചരിക്കേണ്ടത് ഇവര്‍ തെളിച്ച മാര്‍ഗത്തിലൂടെയാണ്.
ഓരോ ഋഷിയും കാലധര്‍മ്മം പ്രാപിക്കുമ്പോള്‍ അവര്‍ ജ്വലിപ്പിച്ച പ്രകാശം അണഞ്ഞുപോവുകയും വീണ്ടും ലോകം അന്ധകാരാവൃതമാവുകയും ചെയ്യും. ഈ സമയത്ത് ചെറിയ ചെറിയ ദീപ്തിസ്തംഭങ്ങളാണ് മിന്നാമിനുങ്ങിന്റെ വെളിച്ചം നല്കി ഇരുട്ടിനെ ലഘൂകരിക്കുന്നത്. ഈ ദീപ്തിസ്തംഭങ്ങളാണ് കവികളും കലാകാരന്മാരും. ഇവര്‍ അനാസക്തന്മാരായ ഋഷിമാരല്ലെങ്കിലും അവര്‍ സഞ്ചരിച്ച ത്യാഗപഥങ്ങളില് നെയ്ത്തിരികളായി പ്രകാശിക്കുന്നവരാണ്. അധികാരവും പണവും പ്രശസ്തിയും അഭിലഷിക്കത്തക്കതല്ലെന്ന് അന്ധകാരത്തിന്റെ ദിനങ്ങളില്‍ അവര്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കും. അവര്‍ സമൂഹത്തിന്റെ സ്വയം നിയുക്തരായ ആചാര്യന്മാരാണ്. അവരെ ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നത് സമകാലീനമായ ഇരുട്ടിന്റെ ദൂരീകരണത്തിനു സഹായകമാണ്. ഇത്തരമൊരു പവിത്രമായ യത്നത്തിനാണ് തപസ്യ കലാസാഹിത്യവേദി ജനുവരി മൂന്നിന് ശാന്തമായ തുടക്കംകുറിക്കുന്നത്.
ജനാധിപത്യം ഏറ്റവും സ്വീകാര്യമായ ഭരണസമ്പ്രദായമാണ്. അതിന്റെ അനുഭവം പൂര്‍ണ്ണമായി ലഭിക്കണമെങ്കില്‍ ജനങ്ങളും തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടവും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരസ്പരാശ്രിതമായ നിയമങ്ങള്‍ പാലിക്കുകതന്നെ വേണം. പൈതൃകവും പാരമ്പര്യവും അനുസരിക്കണം. ഭരണഘടനയോട് കൂറുവേണം. നിസ്വാര്‍ത്ഥമായി ജീവിക്കാന്‍ സാധിക്കുകയില്ലെങ്കിലും നിസ്വാര്‍ത്ഥരാവാന്‍ ശ്രമിക്കുകയെങ്കിലും വേണം. ജനാധിപത്യത്തിന്റെ വിജയത്തിന് ഇത്രയെങ്കിലും സന്നദ്ധത നാം പുലര്‍ത്തണം. അതിനുപകരം വിപരീത ജനാധിപത്യത്തില്‍ക്കിടന്നാണ് നാം വിഹരിക്കുന്നത്. ഈ ഉന്മത്തവികാരം അതിന്റെ പരമകാഷ്ഠയിലെത്തിയത് അടിയന്തരാവസ്ഥക്കാലത്താണ്. അന്ന് ജനാധിപത്യം, കര്ണ്ണന് തുടങ്ങിയ ആറു മഹാരഥന്മാര് കുരുക്ഷേത്രയുദ്ധത്തില്‍ കൊന്നുവീഴ്ത്തിയഅഭിമന്യുവിനെപ്പോലെ കിടന്നു.
അന്ന് വിപ്ലവകാരികളെല്ലാം സഹ്യപര്‍വ്വതത്തിന്റെ ഗുഹയിലൊളിച്ചു. ഇടതുപക്ഷക്കാരും വലതുപക്ഷക്കാരും തിരുവാതിരകളി നല്ല വ്യായാമമാണെന്ന് ഉദ്ഘോഷിച്ചു. പ്രഭാഷകന്മാര് മൗനം കരുത്താണെന്ന് പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥന്മാര്, ഉദ്യോഗം ജനസേവനത്തിനുള്ളതാണെന്ന് തിരിച്ചറിഞ്ഞ് ഫയലുകളില്‍ തല പൂഴ്ത്തി. സാഹിത്യകാരന്മാരും കലാകാരന്മാരും തപസ്സനുഷ്ഠിച്ചു. ജനാധിപത്യത്തിന്റെ നെടുംതൂണായ വാര്‍ത്താമാധ്യമങ്ങള്‍, തെങ്ങിന്റെ താഴെക്കൂടി നടക്കുന്നവര്‍, തലയില്‍ തേങ്ങ വീഴാതെ ശ്രദ്ധിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു.
ജനാധിപത്യത്തിന്റെ ഈ മൃത്യുസന്ദര്‍ഭത്തില്‍ മനസ്സ് നീറി, ദേഹം പുകഞ്ഞ്, മസ്തിഷ്കമുണര്‍ന്ന് ഒരാള്‍ ഒറ്റക്ക് നടന്ന് തന്റെ സുഹൃത്തുക്കളെയെല്ലാം കണ്ട് കത്തിപ്പടരുന്ന വേദനയും ജ്വലിക്കുന്ന അമര്‍ഷവും പങ്കുവെച്ചു. അപ്രശസ്തനും ശാന്തശീലനുമായ ആ മനുഷ്യന്റെ പേരാണ് എം.എ. കൃഷ്ണന്. അദ്ദേഹം അന്ന് കേസരിയുടെ പത്രാധിപരായിരുന്നു. ഈ പങ്കുവയ്ക്കലും ഒത്തുചേരലും പിന്നീട് സാഹിത്യം, കല, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള സായാഹ്നചര്‍ച്ചകളായി മാറി. കോഴിക്കോട്ടെ ബുദ്ധിജീവികളെല്ലാം ആ ചര്‍ച്ചയില്‍ പങ്കെടുത്തു. അടിയന്തരാവസ്ഥക്കുശേഷം ആ ചര്‍ച്ചാവേദി ഒരു സംഘടനയുടെ രൂപം സമാര്‍ജിച്ചു. ഇതാണ് തപസ്യ കലാസാഹിത്യവേദിയുടെ ജന്മപത്രിക. സ്വാതന്ത്ര്യത്തിന്റെ നാവ് സ്തംഭിച്ചപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ രണ്ടാംനാവായിനിന്നുകൊണ്ട് സൗമ്യമായി സംസാരിച്ച ഋഷിരസനയാണ് തപസ്യ. ഇതാണ് തപസ്യയുടെ ദൗത്യവും പ്രസക്തിയും.
70 വര്‍ഷം തികച്ചുവേണ്ടിവന്നില്ല. ജനാധിപത്യത്തിന് അതിന്റെ അധഃപതനം പൂര്‍ണ്ണമാക്കാന്‍. ജനാധിപത്യത്തിന്റെ സൗധത്തിന് താഴെ കുറ്റവാളികളും നുണയന്മാരും വഞ്ചകന്മാരും ചതിയന്മാരും വ്യഭിചാരികളും ജനദ്രോഹികളും വന്ന് താമസംതുടങ്ങി. സത്തുക്കളായ മനുഷ്യര്‍ക്ക് പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയാണ്. സംസ്കൃതചിത്തന്മാരായ ആളുകളെ കാണാനില്ലെന്ന് വന്നിരിക്കുന്നു. രാജ്യത്തെയും സംസ്കാരത്തെയും ജനങ്ങളെയും സ്നേഹിക്കുന്നവര്‍ക്ക് ഒളിവില്പ്പോകേണ്ട സ്ഥിതി വന്നിരിക്കുന്നു. കേരളചരിത്രത്തിലും ഭാരതചരിത്രത്തിലും ലോകചരിത്രത്തിലും ഇത്തരം ജീര്‍ണ്ണതയുടെ സന്ദര്‍ഭങ്ങള്‍ പലപ്പോഴും ആവിര്‍ഭവിച്ചിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതുപോലെയുള്ള നിര്‍ലജ്ജവും പരിഹാസ്യവുമായ സംഭവങ്ങള്‍ ഇതിനുമുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല.
ധനാസക്തി മൂത്ത ചിലര്‍ രാജ്യത്തിന്റെ നിക്ഷേപങ്ങള്‍ കൊള്ളയടിക്കുന്നു. പ്രശസ്തിഭ്രാന്തുമൂത്തവര്‍ സ്ഥാനലബ്ധിക്കുവേണ്ടി അധികാരികള്‍ക്ക് വിടുവേല ചെയ്യുന്നു. ധനം ചെലവഴിക്കുന്നു. ചിലര്‍ രാജ്യത്തിന്റെ മണ്ണുകവര്‍ന്നെടുക്കുന്നു. പെണ്ണുങ്ങളെ വില്‍പ്പനച്ചരക്കാക്കുന്നു. അമൂല്യങ്ങളായ എല്ലാം വില്പനക്കുവച്ചിരിക്കുന്നു. അധികാരത്തിനും പ്രശസ്തിക്കും പണത്തിനും വേണ്ടി എന്തും ബലികഴിക്കുമെന്നുവന്നിരിക്കുന്നു. പ്രായോഗികരാഷ്ട്രീയത്തില്‍ ധര്‍മ്മാചരണം ശിക്ഷാര്‍ഹമാണെന്നതുപോലെയാണ് അധികാരം കയ്യാളുന്നവരുടെ പെരുമാറ്റം. മുപ്പത് വെള്ളിക്കാശിന് കര്‍ത്താവിനെ ഒറ്റിക്കൊടുത്തവന്റെയും കര്‍ത്താവിനെ തള്ളിപ്പറഞ്ഞ ശിഷ്യന്മാരുടെയും സന്തതിപരമ്പരയാണോ രാജ്യം ഭരിക്കുന്നതെന്ന് തോന്നിപ്പോകുന്നു. വിവേകരാഹിത്യത്തിന്റെ ഈ രാഷ്ട്രീയോന്മാദം ഭേദപ്പെടണമെങ്കില്‍ സാഹിത്യവും കലയും സംസ്കാരവുംകൊണ്ടുള്ള നിരന്തരമായ ചികിത്സ ആവശ്യമാണ്.
തത്ത്വദര്‍ശികളായ ഋഷിമാരും വാല്മീകിയും വ്യാസനും പിന്നെ എഴുത്തച്ഛനും പൂന്താനവും ഈ ഉന്മാദത്തെക്കുറിച്ച് പാടിയിട്ടുണ്ട്. എങ്കിലും ഭാരതത്തിന്റെ സംസ്കൃതി ലോകഹന്താക്കളായ യൂറോപ്യന്‍ ശക്തികള്‍ തമസ്കരിച്ചുകളഞ്ഞു. ഭാരതത്തെ മാത്രമല്ല തെക്കേ അമേരിക്കയിലേയും വടക്കേ അമേരിക്കയിലേയും ആദിമനിവാസികളെയും അവരുടെ സംസ്കാരത്തെയും ഇവര്‍ തകര്‍ത്തു. കൊളംബസ്സും വെസ്പൂച്ചിയും അമേരിക്ക കണ്ടുപിടിച്ചുവെന്ന് ചരിത്രത്തില്‍ സങ്കീര്ത്തനമെഴുതി. അമേരിന്ത്യന്മാര് സുഖമായി ജീവിച്ചുകൊണ്ടിരുന്ന അവരുടെ രാജ്യം കൊളംബസ് ചെന്ന് കണ്ടുപിടിച്ചുവെന്ന് പറയുന്നതിന് എന്തര്‍ത്ഥമാണുള്ളത്? അവിടത്തെ ജനങ്ങളെ അവരുടെ സംസ്കാരം അപരികൃഷ്തമാണെന്ന് പഠിപ്പിച്ചു. അവരെ അടിമകളാക്കി. അവരുടെ മനോഹരമായ ശില്പങ്ങളും നാടോടിപ്പാട്ടുകളും കഥകളും സാഹിത്യവും നൃത്തരൂപങ്ങളും നശിപ്പിച്ചു. ഇതുതന്നെയാണ് ഭാരതത്തിലും നടപ്പാക്കാന്‍ യൂറോപ്യന്‍ ശക്തികള്‍ ശ്രമിച്ചത്. കൊള്ളയടിക്കാനുള്ള മത്സരത്തില്‍ പിടിച്ചുനിന്നത് ഇംഗ്ലീഷുകാരാണ്. ഭാരത സംസ്കാരത്തിന്റെ അതിജീവനശക്തി അമ്പരപ്പിക്കുന്നതായിരുന്നു. എങ്കിലും നമ്മുടെ ജീവിതരീതിയും ആചാരാനുഷ്ഠാനങ്ങളും പെരുമാറ്റങ്ങളും ഒരുപരിധിവരെ മാറ്റിയെടുക്കാന്‍ അവര്‍ക്കുകഴിഞ്ഞു.
നമ്മുടെ ഭാഷയുടെമേല്‍ അവര്‍ പരിക്കേല്‍പ്പിച്ചു. സംസ്കാരത്തില്‍ മാറ്റങ്ങള്‍ വരുത്തി, വിദ്യാഭ്യാസത്തെ തകര്‍ത്തു. ജീവിതം മൊത്തത്തില്‍ യാന്ത്രികമായിത്തീര്ത്തു. ഭൂമിയുടെ വില കാപ്പിത്തോട്ടത്തിന്റെയും തേയിലത്തോട്ടത്തിന്റെയും വിലയിലേക്ക് തരംതാഴ്ത്തി. വൃക്ഷങ്ങളുടെ വില അതിന്റെ തടിവിലയാക്കി മാറ്റി. മൃഗങ്ങളുടെ വില ഇറച്ചിവിലയായി നിശ്ചയിച്ചു. ഭൂമി അമ്മയാണെന്നും ഭാഷ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ജീവരക്തമാണെന്നും സ്വസംസ്കാരം നമ്മുടെ വ്യക്തിത്വത്തിന്റെയും രാജ്യത്തിന്റെയും തനിമയാണെന്നും മറന്നു. ഈ മറവി പാരതന്ത്ര്യത്തിന്റെ മയക്കുമരുന്നാണ്. അടിമത്തത്തിലേക്ക് തള്ളിയിടുന്ന വിനാശകരമായ വിസ്തൃതിയാണ്. സാമ്രാജ്യശക്തികള്‍ സൈനികാക്രമണമല്ല ഇപ്പോള്‍ നടത്തുന്നത്; സാംസ്കാരികാക്രമണമാണ്. ഇത് നമ്മെ സ്വന്തം നാട്ടില്‍ വിദേശശക്തികളാക്കിത്തീര്ക്കും. കൊളോണിയലിസത്തിന്റെ ആനുകാലികരൂപമാണിത്. വാണിജ്യത്തേക്കാളും വ്യവസായത്തേക്കാളും മൂല്യവത്തല്ല ഒന്നും. ഈ അന്യവത്കരണത്തില്‍നിന്ന് ആത്യന്തികമായി വിമുക്തി നേടാന്‍ സംസ്കാരത്തിന്റെ നാരായവേരു കണ്ടെത്തണം. അതിനുള്ള ശ്രമമാണ് തപസ്യയുടെ സാംസ്കാരിക തീര്‍ത്ഥയാത്ര.
തീര്‍ത്ഥയാത്ര പില്‍ഗ്രിമേജല്ല. തീര്‍ത്ഥങ്ങളിലൂടെയുള്ള യാത്രയാണ്. ജീവിതത്തെ സുഗമമായി തരണംചെയ്യാന്‍ സഹായിക്കുന്നതാണ് തീര്‍ത്ഥം. അത് പുണ്യാഹമോ നദീസ്നാനമോ അല്ല. അതിന് ജലമെന്ന് അര്‍ത്ഥവുമില്ല. ജീവിതത്തെ സുഗമമായി തരണംചെയ്യുന്നതിന് നിസ്സംഗമായ സമസൃഷ്ടിസ്നേഹം ആവശ്യമാണ്. സാഹിത്യവും കലകളും സമസൃഷ്ടിസ്നേഹത്തിന്റെ അനിവാര്യതയാണ് സൗന്ദര്യാനുഭൂതിയിലൂടെ ജനങ്ങളിലേക്ക് വിനിമയം ചെയ്യുന്നത്. ജര്‍മ്മന്‍ കവിയായ റില്ക്കേയെക്കുറിച്ച് വിമര്‍ശകര്‍ പറയുന്നത് അദ്ദേഹം കവിയാണെന്നല്ല; അദ്ദേഹം കവിതയാണെന്നാണ്. ചെറുശ്ശേരിയും തുഞ്ചനും കുഞ്ചനും പൂന്താനവും മേല്‍പ്പുത്തൂരും നമുക്ക് സംസ്കാരത്തിന്റെ കവിതകളാണ്. നമ്മുടെ കവികളും കലാകാരന്മാരും യൂറോപ്യന്‍ കവികളേക്കാളും കലാകാരന്മാരേക്കാളും പ്രതിഭാശാലികളാണ്. ഷേക്സ്പിയറേയും കാളിദാസനെയും താരതമ്യപ്പെടുത്തിക്കൊണ്ട് സഞ്ജയന് എഴുതിയ ലേഖനമുണ്ട്. ഷേക്സ്പിയര് ആ ചെറിയ ദ്വീപിന്റെ വലിയ കവിയും നാടകകൃത്തുമാണ്. കാളിദാസന് ഉപമാനങ്ങളില്ലാതെ ഒറ്റക്കുനില്‍ക്കുന്ന കുലപര്വ്വതമാണ്. ഷെല്ലിയും കീറ്റ്സും വേഡ്സ്വര്‍ത്തും ചങ്ങമ്പുഴയ്ക്ക് തുല്യന്മാരല്ല. മഹത്താണ് നമ്മുടെ സാഹിത്യപാരമ്പര്യം. ലോക ദൃശ്യകലകളുടെ കൂട്ടത്തില്‍ കഥകളിക്കും കൂടിയാട്ടത്തിനും ചാക്യാര്‍കൂത്തിനും തെയ്യത്തിനും പകരംവയ്ക്കാന്‍ മറ്റൊന്നും ചൂണ്ടിക്കാണിക്കാനില്ല. സ്വജീവിതം ബലിയര്‍പ്പിച്ച് നാടിനേയും ഭാഷയേയും സംസ്കാരത്തേയും പോഷിപ്പിച്ച മഹാമനീഷികള്‍ ജീവിച്ചതും വിശ്രമംകൊള്ളുന്നതുമായ പുണ്യസ്ഥലങ്ങളിലൂടെ നടത്തുന്ന പര്യടനം ഭൂമിയേയും ഭാഷയേയും സംസ്കാരത്തേയും അനുസ്മരിപ്പിക്കാനുള്ള വിനീതമായ പരിശ്രമമാണ്. ഇതില്‍, തീര്‍ച്ചയായും ജാതിമതഭേദങ്ങളോ പ്രാദേശികമായ വേര്‍തിരിവുകളോ ഇല്ല.
മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇതുപോലെയൊരു സാംസ്കാരിക തീര്‍ത്ഥാടനം തപസ്യ നടത്തിയിരുന്നു. അന്ന് അതിന്റെ നേതൃത്വം ഏറ്റെടുത്തിരുന്നത് മഹാകവി അക്കിത്തമായിരുന്നു. അന്ന് ബേപ്പൂര്‍ സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറിനെ അഗ്നിഹോത്രിയായ അക്കിത്തം സാഷ്ടാംഗം നമസ്ക്കരിച്ചരംഗം ബഷീറിന്റെ കണ്പീലികളെ ഈറനണിയിച്ചരംഗം കണ്ടുനിന്നിരുന്ന യാത്രാംഗങ്ങളെ മുഴുവന്‍ ആര്‍ദ്രീഭൂതരാക്കി. അത് രണ്ടു മഹാത്മാക്കളുടെ സംഗമമായിരുന്നു. പ്രപഞ്ചശക്തികള്‍ ആ മുഹൂര്‍ത്തത്തിന് മൂകസാക്ഷികളായിരുന്നു.
മഹാകവി ഉബൈദിന്റെ സ്മാരകം സന്ദര്‍ശിച്ചതും സുബ്രഹ്മണ്യന് തിരുമുമ്പിന്റെ ഭവനം സന്ദര്‍ശിച്ചതും ഇതുപോലെതന്നെ അവിസ്മരണീയമായിരുന്നു.
കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ നടത്തിയ ആ സാംസ്ക്കാരിക തീര്‍ത്ഥയാത്രയില്‍ മഹാകവികള്‍ മുതല്‍ നാടന്‍ പാട്ടുപാടുന്ന ഗായകരെവരെ ആദരിക്കുകയുണ്ടായി. നോവലിസ്റ്റുകളെയും വാദ്യവാദകന്മാരെയും ഇലത്താളക്കാരേയും ആദരിച്ചിരുന്നു. തപസ്യയുടെ പാരിതോഷികം ഏറ്റുവാങ്ങിയ ചിലര്‍ അവര്‍ സമാദരിക്കപ്പെട്ടതില്‍ പൊട്ടിക്കരഞ്ഞ് മറുപടി മുഴുമിപ്പിക്കാതെ ഇടയ്ക്കുനിര്‍ത്തി. ജീവിതം മുഴുവന്‍ ഇലത്താളം കൊട്ടാന്‍ വിനിയോഗിച്ച ആ കലാകാരന്മാരെക്കുറിച്ച് ആരും ഒരുവാക്കുപോലും നന്ദിയോടെ പറഞ്ഞിരുന്നില്ല. ഇപ്രകാരം നിരവധി അനുഭവങ്ങളാണ് യാത്രാരംഗങ്ങള്‍ മനസ്സില്‍ നിറച്ചുകൊണ്ടുപോന്നത്.
ഇന്ന് പലതരം യാത്രകള്‍ എല്ലാദിവസവും നടക്കുന്നുണ്ട്. അതുപോലൊരു യാത്രയല്ല തപസ്യയുടെ സാംസ്കാരിക തീര്‍ത്ഥയാത്ര. നമ്മുടെ മണ്ണും നമ്മുടെ മൊഴിയും നമ്മുടെ സംസ്കാരവും എന്തെന്ന് നമ്മെത്തന്നെ ബോധ്യപ്പെടുത്താനാണ് ഈ യാത്ര. അധികാരത്തിനും ധനത്തിനും പ്രശസ്തിക്കുമപ്പുറത്ത് മനുഷ്യന് ഒരു സാംസ്കാരിക ജീവിതമുണ്ട്. അത് മറക്കുമ്പോഴെല്ലാം നാം വീണ്ടും ഓര്‍മ്മിച്ച് അത് ഉറപ്പിക്കേണ്ടതുണ്ട്. നമ്മുടെ സ്വത്വം നിലനിര്‍ത്തിക്കൊണ്ട് മറ്റ് സാംസ്കാരിക സ്വത്വങ്ങള്‍ നാം സ്വീകരിക്കേണ്ടതുമുണ്ട്. നമുക്ക് ഭൂമിയില്‍ അന്യരില്ല. പക്ഷേ, നമുക്ക് ലോകജനതയുടേതില് വ്യത്യസ്തമായ ഒരു ഭൂവിഭാഗമുണ്ട്, ഭാഷയുണ്ട്, സംസ്കാരമുണ്ട്. അത് കളഞ്ഞുകുളിക്കാനുള്ളതല്ല. അത് സാംസ്കാരികമായ അടിമത്തമാകും. ഇവയുടെ സംരക്ഷണം അനുസ്മരിപ്പിച്ചുകൊണ്ട് കന്യാകുമാരിയില്‍നിന്ന് ജനുവരി മൂന്നിന് പുറപ്പെടുന്നയാത്ര സാംസ്കാരിക നായകന്മാരുടെ ഭവനങ്ങളും വിശ്രമസ്ഥലങ്ങളും സന്ദര്‍ശിച്ചുകൊണ്ട് ജനുവരി 17ന് ഗോകര്‍ണ്ണത്ത് പര്യവസാനിക്കും. എല്ലാവരുടേയും അനുഗ്രഹങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
പ്രകൃതിസ്നേഹികളും അവനീഭക്തന്മാരും മാത്രമല്ല ഓരോ മനുഷ്യനും അയാള്‍ ഏതുദേശക്കാരനായാലും ഭാഷക്കാരനായാലും മനസ്സുകൊണ്ട് ജപിക്കേണ്ട ഒരു മന്ത്രമുണ്ട് യജുര്‍വേദത്തില്‍. ഇതാണ് ആ മന്ത്രം.
അശ്മാ ച മേ മൃത്തികാ ചമേ
ഗിരയശ്ചമേ പര്വ്വതാശ്ച
സികതാശ്ചമേ വനസ്പതയശ്ചമേ
യജ്ഞേന കല്പന്താം
യജു. 18.13
കല്ലും മണ്ണും കുന്നുകളും പര്‍വ്വതങ്ങളും നദീതടങ്ങളും സര്വ്വജലാശയങ്ങളും പലതരം സസ്യങ്ങളും (മൃഗങ്ങളും പക്ഷികളും) എന്റേതാണെന്ന് ഓരോ മനുഷ്യനും ഭാവന ചെയ്യണം. ഇവയെല്ലാം ഓരോ ജീവഘടനയുടെ വ്യക്തിരൂപത്തിലുള്ള അംശങ്ങളാണ്. ഇവയുടെ അഹിംസാത്മകമായ പരസ്പരബന്ധത്തിനാണ് യജ്ഞമെന്ന പദം പ്രയോഗിച്ചിരിക്കുന്നത്. നാം ഇന്ന് മനസ്സിലാക്കിവച്ചിരിക്കുന്ന അര്‍ത്ഥത്തിലല്ല.
സാഹിത്യത്തേയും മറ്റു കലകളേയും അമീബ മുതല്‍ അണ്ഡരാശികള്വരെയും വിശേഷാല്‍ മാതൃഭാഷയേയും സംസ്കാരത്തേയും സമാദരിക്കുന്നവര്ക്കെല്ലാം ഈ സാംസ്കാരിക തീര്‍ത്ഥയാത്രയില്‍ പങ്കെടുക്കാം. യാത്രയെ അതാതുസ്ഥലങ്ങളില്‍ സ്വീകരിക്കാം. അനുഗ്രഹിക്കാം. നമുക്ക് നമ്മുടെ സംസ്കാരത്തെ സമ്പുഷ്ടമാക്കിയ, ജീവിച്ചിരിക്കുന്നവരും അന്തരിച്ചുപോയവരുമായ, എല്ലാ പ്രതിഭാശാലികളേയും ബഹുമാനിക്കാം, ആദരിക്കാം. അവരുടെ സ്മൃതികളുണര്ത്താം, ഉള്‍ക്കൊള്ളാം. എല്ലാ ഈര്ഷ്യകളും മറന്ന് നമസ്കരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: