ദൈവത്തിന്റെ സ്വന്തം നാടാണ് കേരളമെന്ന ഖ്യാതി കേരം തിങ്ങും കേരളനാടിന് സ്വന്തം. അത് അറിഞ്ഞവര്‍ അറിയാത്തവരോട് പറയുന്നു. അറിയാത്തവര്‍ അതറിയാന്‍ പരിശ്രമിക്കുന്നു. ദൈവത്തെ പണ്ട് വിവേകാനന്ദന് കണ്ടുവെന്ന് പറയുന്നതല്ലാതെ പിന്നെ ആരും അത്തരമൊരു അവകാശവാദം ഉന്നയിച്ചിട്ടില്ല. എന്നാലും, പരസ്യക്കാരന്റെ തെളിബുദ്ധിയില് ഉദിച്ച ഗോഡ്സ് ഓണ്‍ കണ്ട്രി അതിന്റെ അഭിമാനം വാനോളം ഉയര്‍ത്തുകയാണ്. വിനോദസഞ്ചാരത്തിന് ഉപയുക്തമാക്കാന്‍ രചിച്ച ആ വാചകത്തില്‍ പക്ഷേ, യാഥാര്‍ഥ്യങ്ങള്‍ ഒട്ടേറെയുണ്ട്. അതിന്റെ ഗരിമയും മഹിമയും ഓര്‍ത്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക് പറന്നിറങ്ങിയത്. മുഖ്യമന്ത്രിയായ കാലത്തും അല്ലാതെയും കേരളത്തില്‍ എത്തിയ അനുഭവത്തിന്റെ കയ്പുനീര് അദ്ദേഹത്തിന്റെ മനോമുകുരത്തില്‍ പച്ച പിടിച്ചു കിടക്കുന്നതുകൊണ്ട് അമിത പ്രതീക്ഷയൊന്നും ഉണ്ടായില്ല.
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് മോദി വരുന്നതിനു മുമ്പുതന്നെ രാഷ്ട്രീയ ചെകുത്താന്മാര് ദൈവത്തെ ഇവിടെനിന്ന് ഓടിച്ചിരുന്നു. അതിന് ആളും അര്‍ഥവും കൊടുക്കാന്‍ പിണറായിയിലെ നേതാവു മുതല്‍ തൃത്താലയിലെ പൂച്ചാലിയും ചെന്നിത്തലയിലെ പൂങ്കോഴിയും ഉള്‍പ്പെടെയുള്ള വന്‍ സംഘം ദത്തശ്രദ്ധരായിരുന്നു. എസ്എന്‍ഡിപി, എസ്.എന്‍ ട്രസ്റ്റ് വക നടത്താനിരുന്ന പ്രതിമാ അനാച്ഛാദനത്തിന്റെ പേരിലായിരുന്നു സര്‍വ ചെകുത്താന്മാരും നാവും നീട്ടി അലറിത്തുള്ളി നാലുപാടും മണ്ടിപ്പാഞ്ഞത്. ആര്. ശങ്കര്‍ എന്ന മഹാനായ ഭാരതപുത്രന് ആരാണെന്നു കൂടി അറിയാത്തവര്‍ വരെ അദ്ദേഹത്തിന്റെ പാവന സ്മരണക്കുമുമ്പില്‍ വിതുമ്പിനിന്നു. ആയകാലത്ത് അധികാരസ്ഥാനങ്ങളില്‍ നിന്ന് ആട്ടിപ്പായിച്ചവര്‍ക്ക് ആര്. ശങ്കര്‍ മഹാനായ നേതാവായി.ഒറ്റക്കാരണമേ അതിനുള്ളു. ആര്. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നത് ഭാരതം കണ്ട എക്കാലത്തെയും ഊര്‍ജസ്രോതസ്സായ നരേന്ദ്രമോദിയാണെന്നത്. എല്ലാത്തിന്റെയും അട്ടിപ്പേറ് തങ്ങള്‍ക്കാണെന്ന പേശീബല രാഷ്ട്രീയത്തിന്റെ വൈറസുകള്‍ പേറുന്ന ഖദറുകാര്‍ നട്ടാല്‍ പൊടിക്കാത്ത പെരും നുണകളും അതിന്റെ അകമ്പടി വിഭവങ്ങളുമായാണ് ഉറഞ്ഞുതുള്ളിയത്.
നാട്ടുമ്പുറത്ത് പണ്ട് ഗര്‍ഭിണികള്‍ക്ക് ആറാം മാസത്തിനൊടുവില്‍ നടത്തുന്ന ഒരു ചടങ്ങുണ്ട്. ഉത്തരമലബാറില്‍ ബലിക്കള എന്നാണതറിയപ്പെടുന്നത്. ഈ ചടങ്ങിനെക്കുറിച്ചറിയാവുന്ന സമുദായത്തിലെ പ്രായമായ രണ്ടുമൂന്നുപേര് അതിന് നേതൃത്വം നല്‍കും. കാരമുള്ളിന്റെയും ഇലഞ്ഞിയുടെയും ഇല കുമ്പിള് കുത്തി അതില്‍ എണ്ണയൊഴിച്ച് തിരിയിട്ട്, അരിപ്പൊടി, കരിപ്പൊടി, മഞ്ഞപ്പൊടി തുടങ്ങിയവകൊണ്ട് കളം വരച്ച് ഗര്‍ഭിണിയെ അതിനരികിലിരുത്തും. ശേഷം മന്ത്രങ്ങളും മറ്റും ചൊല്ലും. അതങ്ങനെ തുടരുമ്പോള്‍ ഗര്‍ഭിണിയുടെ ശരീരത്തില്‍ കയറിക്കൂടിയ ദുരാത്മാക്കളൊക്കെ ഇറങ്ങിവരും.
ഗര്‍ഭിണി തലചുഴറ്റി, കൈകാലിട്ടടിക്കും. ഒടുവില്‍ തളര്‍ന്ന് കളത്തിലേക്കുവീഴും. പിറവി കൊതിക്കുന്ന കുഞ്ഞിന്റെ തലച്ചോറ് പാകപ്പെടുന്നത് ആറാം മാസത്തിലാകയാല് ഈ ചടങ്ങ് കുഞ്ഞിനും നല്ലതാണെന്നാണ് വിശ്വാസം. പുരാണത്തിലേക്കുപോയാല് അഭിമന്യു അമ്മയുടെ വയറ്റില്‍ ആറാം മാസം പൂര്ത്തിയാക്കിയപ്പോഴായിരുന്നുവത്രെ കൃഷ്ണന് യുദ്ധതന്ത്രങ്ങള്‍ അര്ജുനന് ഉപദേശിച്ചത്. എല്ലാം മൂളിക്കേട്ട അര്ജുനന് ഉറങ്ങിപ്പോയപ്പോള്‍ മൂളിക്കേട്ടത് വയറിനുള്ളില്‍ നിന്ന് അഭിമന്യുവായിരുന്നു. അപകടം മണത്തറിഞ്ഞ കൃഷ്ണന് വിവരണം നിര്‍ത്തി. ഫലമോ? ചക്രവ്യൂഹം ഭേദിക്കാന്‍ അഭിമന്യുവിനായി. പുറത്തുകടക്കാന്‍ സാധിച്ചില്ല. കാരണം കൃഷ്ണന് അത് പറഞ്ഞിരുന്നില്ലല്ലോ.
ഇവിടെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിവരുന്ന മോദിയെയും അദ്ദേഹത്തിന്റെ ഊര്‍ജദായകവും പ്രസന്നാത്മകവുമായ സ്വഭാവ വിശേഷവും കണ്ട് തല്പരകക്ഷിരാഷ്ട്രീയക്കാരില് കുടികൊണ്ടിരുന്ന സകലമാന ദുരാത്മാക്കളും കൂടൊഴിയുകയായിരുന്നു. അതാണ് കുറേ ദിവസങ്ങളായി കേരളം കണ്ടത്, കണ്ടുകൊണ്ടിരിക്കുന്നത്. ഈ ദുരാത്മാക്കള്‍ കേരളത്തിലങ്ങിങ്ങോളം കുറെകാലം അലറിത്തുള്ളി നടക്കും. പക്ഷേ, അതിന് അധികകാലം ആയുസ്സുണ്ടാവുമെന്ന് തോന്നുന്നില്ല. മോദിപ്പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ഇടതും വലതും ഒന്നിച്ചുചേര്‍ന്നിട്ടും രക്ഷയുണ്ടായില്ലെന്ന് പല തദ്ദേശ സ്ഥാപനങ്ങളിലേയും കക്ഷി നില കാണിക്കുന്നില്ലേ? ആയതിനാല്‍ ദുരാത്മാക്കള്‍ അതേ ശരീരത്തിലേക്ക് തന്നെ തിരിച്ചുപോകും. ഇനിയുള്ള ചവിട്ടുനാടകങ്ങളൊക്കെ അതാത് സമയത്ത് നമുക്ക് കണ്ട് രസിക്കാം.
ഃഃഃഃഃഃഃഃഃ ഃഃഃഃഃഃഃഃഃഃഃഃ ഃഃഃഃഃഃഃഃഃഃ
നിയമസഭയും ദോശയും തമ്മിലെന്ത്….. എന്നാണ് മലയാളമനോരമ (ഡിസം: 17) ചോദിക്കുന്നത്. കാര്യം നിയമസഭാവലോകനമാണ്. അവര്‍ക്കത് നടുത്തളം. അതിന്റെ ഉള്ളറകളിലേക്കൊന്നും നമുക്ക് തല്ക്കാലം പോകണ്ട. എന്നുവെച്ചാല്‍ പോകാന്‍ മാത്രമുള്ള വഹകള്‍ നഹി. മലയാളം പറഞ്ഞ് പറഞ്ഞ് ഇടയ്ക്കൊരു ഹിന്ദി വാക്കുപറയാനും കേള്‍ക്കാനും സാധിച്ചാല്‍ ബഹുത് ഖുശി ഹെ. ഓ നിയമസഭാ കാര്യമാണല്ലോ പറഞ്ഞുവന്നത്. ഒരുമാതിരിപ്പെട്ട കാര്യങ്ങളൊക്കെ പലരും അവതരിപ്പിച്ചിട്ടുണ്ട്. ഏതായാലും മോദിപ്പാര്‍ട്ടി എന്തുപറഞ്ഞാലും ചാടിക്കടിക്കാന്‍ വരുന്ന ഒരു ടിയാനുണ്ടല്ലോ നമ്മുടെ പറവൂരോ മറ്റോ. അദ്ദേഹം നിയമസഭയില്‍ പറഞ്ഞതില്‍ നിന്ന് നാലുവരി എടുത്തുകൊടുത്തിരിക്കുന്നു ഇതിനൊപ്പം. അതിങ്ങനെ: അസഹിഷ്ണുത ഒരു രോഗമാണ്. ഈ രോഗലക്ഷണങ്ങളാണ് സ്വാമി ആദിത്യനാഥ് മുതല്‍ വെള്ളാപ്പള്ളി നടേശന് വരെ പ്രകടിപ്പിക്കുന്നത്. അസഹിഷ്ണുത ഇന്നു നമ്മുടെ രാഷ്ട്രശരീരത്തില്‍ മാരകമായ വ്രണങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
ടിയാന്റെ കക്ഷിക്കാര്‍ തന്നെയാണ് ഇമ്മാതിരി വ്രണമുണ്ടാക്കുന്നതെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാരഹണമാണല്ലോ നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനവും അതോടനുബന്ധിച്ചുണ്ടായ ആര്. ശങ്കര്‍ പ്രതിമാ അനാച്ഛാദന വിവാദവും. മാന്യതയുണ്ടെന്ന് കരുതുന്ന ഒരു എം.പി. ബിജെപി നേതാവിനെ ചാനലിലൂടെ സ്റ്റാന്റേര്ഡില്ല എന്നു വിളിച്ചുപറഞ്ഞ് സ്വന്തം സ്റ്റാന്റേര്‍ഡ് വ്യക്തമാക്കിയില്ലേ? തങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടതാണ് ഇന്ത്യാ മഹാരാജ്യത്തിലെ ജംഗമവസ്തു വകകളൊക്കെയെന്ന ധാര്‍ഷ്ട്യത്തിന്റെ പേരാണ് നേരത്തെ പറഞ്ഞ അസഹിഷ്ണുത. അത് പല തരത്തില്‍ സമൂഹത്തില്‍ പടര്‍ത്താന്‍ ഇടവെക്കുന്നതും നേരത്തെ സൂചിപ്പിച്ച പറവൂരുകാരനുള്പ്പെടെയുള്ളവര് തന്നെ. അത്തരക്കാര്‍ എന്നും തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് വിശ്വസിക്കുന്നു നമ്മുടെ ചില ചാനല്കുട്ടിരാമന്മാര്. അത്തരം ഒരു ചാനലിലെ ഇല്ലില്ല, ഇല്ലില്ല ഫെയിം കുട്ടിരാമന് ബിജെപി നേതാവ് എം.ടി രമേശിനെ പറന്നുകടിക്കുകയായിരുന്നു. എന്നിട്ട് ഇടക്കിടെ ഇങ്ങനെ ഒരു ഡയലോഗും; നിങ്ങളുടെ പ്രധാനമന്ത്രി ചെയ്തത് ശരിയോ, നിങ്ങളുടെ പ്രധാനമന്ത്രി നടപടി എടുക്കേണ്ടിയിരുന്നില്ലേ? അപ്പോള്‍ നമുക്ക് പല തരത്തിലുള്ള സംശയവും ഉണ്ടാവും.
മേപ്പടി കുട്ടിരാമന് സംസാരിക്കുന്നത് ഇസ്ലാമാബാദില് നിന്നോ, ന്യൂയോര്‍ക്കില്‍ നിന്നോ ആണോ? കാരണം നരേന്ദ്രമോദി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അതായത് ഈ കുട്ടിരാമന് ഉള്‍പ്പെടെ കുടികൊള്ളുന്ന ഇന്ത്യയുടെ. എന്നിട്ട് ടിയാന് ചോദിക്കുന്നത് നമ്മുടെ പ്രധാനമന്ത്രി എന്നല്ല, നിങ്ങളുടെ പ്രധാനമന്ത്രി എന്ന്. അപ്പോ, കുട്ടിരാമന്റെ പ്രധാനമന്ത്രി ആരാണ്? ഇമ്മാതിരി വിവരക്കേടിന്റെ പേരും അസഹിഷ്ണുത എന്നു തന്നെയല്ലേ? ഏതായാലും ഗോഡ്സ് ഓണ്‍ കണ്ട്രി ഡോഗ്സ് ഓണ്‍ കണ്ട്രി ആയ സ്ഥിതിക്ക് ഇതും ഇതിലപ്പുറവും നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്. സമയവും കാലവും അന്തരീക്ഷവും എന്നും ഇതുപോലെ ആയിരിക്കില്ലെന്ന ശുഭാപ്തിവിശ്വാസത്തോടെ നന്ദി, നമസ്കാരം.
നേര്‍മുറി
പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
ഹൈക്കമാന്റിന് ചെന്നിത്തലയുടെ കത്ത്
അക്ഷരക്കുത്തും ഒരു രസം
പ്രതികരിക്കാൻ ഇവിടെ എഴുതുക: