ന്യൂദല്‍ഹി: ദല്‍ഹി കൂട്ടബലാല്‍സംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ശിക്ഷാ കാലാവധി അവസാനിച്ചു. പ്രതിയുടെ മോചനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ നാളെ ഇയാളെ മോചിപ്പിക്കാനാണ് സാധ്യത. പ്രതിയുടെ പുനരധിവാസം സംബന്ധിച്ച് ബാലനീതി ബോര്‍ഡ് തീരുമാനിക്കണമെന്നും ശിക്ഷ പൂര്‍ത്തിയാക്കിയ പ്രതിയെ തുടര്‍ന്ന് തടവില്‍ വെയ്‌ക്കുന്നത് ബാലനീതി നിയമത്തിന്റെ ലംഘനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതി വിധിയില്‍ രാജ്യമൊട്ടാകെ നിരാശ ഉയര്‍ന്നിട്ടുണ്ട്.
ഡിസംബര്‍ 20നാണ് പ്രതിയുടെ മൂന്ന് വര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നത്. പ്രതിയുടെ മോചനം തടയണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ഡോ.സുബ്രഹ്മണ്യംസ്വാമിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച കോടതി മോചനം തടയാനാവില്ലെന്ന് വ്യക്തമാക്കി. വളരെ ഗൗരവകരമായ വിഷയമാണിതെന്നും, എന്നാല്‍ നിയമപ്രകാരം ശിക്ഷാ കാലാവധിക്കു ശേഷം പ്രതിയെ തടവില്‍ വയ്‌ക്കാനാവില്ലെന്നും കോടതി പറഞ്ഞു.
പ്രതിയുടെ പുനരധിവാസം സംബന്ധിച്ച് ദല്‍ഹി സര്‍ക്കാരും ബാലനീതി ബോര്‍ഡും പ്രതിയുടെ രക്ഷിതാക്കളും ചേര്‍ന്ന് തീരുമാനിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പോലീസ് സംരക്ഷണയോടെ പ്രതിയെ സ്വന്തം ഗ്രാമത്തിലെത്തിക്കാനാണ് ആലോചന. തുടര്‍ന്ന് ഏതെങ്കിലും എന്‍ജിഒയുടെ സംരക്ഷണയിലേക്ക് പ്രതിയെ മാറ്റാം. അല്ലെങ്കില്‍ മോചനം ആവശ്യമില്ലെന്ന് പ്രതിയില്‍ നിന്നും കരാര്‍ എഴുതിവാങ്ങി ജയിലില്‍ തന്നെ തുടര്‍ന്ന് താമസിപ്പിക്കാനും ആലോചിക്കുന്നുണ്ട്. ജയിലിന് പുറത്ത് ജീവന് ഭീഷണിയുണ്ടെന്ന് പ്രതി നേരത്തെ പരാതിപ്പെട്ടിരുന്നു.
കോടതി വിധിയില്‍ നിരാശയുണ്ടെന്ന് ജ്യോതിസിങിന്റെ അമ്മ പ്രതികരിച്ചു. പ്രതിയെ ഉടന്‍ മോചിപ്പിക്കരുതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെയും നിലപാട്. എന്നാല്‍ രാജ്യത്തെ നിലവിലുള്ള നിയമം അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ പരമാവധി ശിക്ഷയാണ് നല്‍കിയത്. ജുവനൈല്‍ കേസുകളിലെ പ്രതികള്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷ നല്‍കുന്നതിനുള്ള നിയമം പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് രാജ്യസഭയില്‍ കിടക്കുകയാണ്.
















