മുംബൈ: മുംബൈയില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി മലയാളി മരിച്ചു. പാലക്കാട് സ്വദേശിയും എയര്‍ ഇന്ത്യയിലെ ടെക്‌നീഷ്യനുമായിരുന്ന രവി സുബ്രഹ്മണ്യം ആണ് മരിച്ചത്. ഹൈദരാബാദിലേക്ക് പോകാനിരുന്ന എഐ 619 വിമാനത്തിന്റെ എന്‍ജിനിലാണ് ജീവനക്കാരന്‍ കുടുങ്ങിയത്. ഇന്നലെ രാത്രി 8.30 ഓടെയാണ് മുംബൈ വിമാനത്താവളത്തിലാണ്
ദാരുണമായ സംഭവം നടന്നത്.
എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍ ആയിരുന്നു രവി സുബ്രഹ്മണ്യം. ഹൈദരാബാദിലേക്ക് പോകാന്‍ റണ്‍വേയിലേക്ക് വിമാനം തള്ളിയിറക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ചെറിയ വാഹനം ഉപയോഗിച്ച് വിമാനം പിന്നോട്ട് നീക്കുന്നതിനിടെ സിഗ്‌നല്‍ കണ്ട് തെറ്റിദ്ധരിച്ച കോ പൈലറ്റ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചതാണ് അപകടത്തിന് ഇടയാക്കിയത്.
എന്‍ജിന്റെ ശക്തമായ കറക്കം മൂലമുണ്ടായ കാറ്റില്‍ വിമാനത്തിന് സമീപം നില്‍ക്കുകയായിരുന്ന രവി സുബ്രഹ്മണ്യം എന്‍ജിന് ഉള്ളിലേക്ക് വലിച്ചെടുക്കപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ ശരീരം ചിന്നിച്ചിതറിയ നിലയില്‍ ആയിരുന്നു.
സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശ്വിനി ലൊഹാനി അന്വേഷണത്തിന് ഉത്തരവിട്ടു. പൈലറ്റിന് ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ടോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും. എയര്‍ ഇന്ത്യയുടെ 1983 ബാച്ച് ടെക്്‌നീഷ്യന്‍ ആണ് രവി സുബ്രഹ്മണ്യം.
















