ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് ലോകായുക്തയായി മുന്‍ ഹൈക്കോടതി ജഡ്ജി വീരേന്ദ്ര സിങ്ങിനെ സുപ്രീം കോടതി നിയമിച്ചു. ലോകായുക്തയെ തെരഞ്ഞെടുക്കുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ അസാധാരണ ഉത്തരവ്.
ലോകായുക്തയെ തെരഞ്ഞെടുക്കുന്നതില്‍ യുപി സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ ആശ്ചര്യം
രേഖപ്പെടുത്തിയ ജസ്റ്റീസ് രഞ്ചന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആര്‍ട്ടിക്കിള്‍ 142 അനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയാണെന്ന് വ്യക്തമാക്കി. ജസ്റ്റീസ് സിങ്ങിനെ ലോകായുക്തയാക്കിയ കോടതി ഉത്തരവില്‍ പരാതി ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ 20ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ഉത്തരവായിട്ടുണ്ട്. ലോകായുക്ത നിയമനം സംബന്ധിച്ച് സുപ്രീം കോടതിയുടെ നിരവധി ഉത്തരവുകള്‍ ഭരണഘടനാ പദവികളില്‍ ഇരിക്കുന്ന മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, അലഹബാദ് ഹൈക്കടതി ചീഫ് ജസ്റ്റീസ് എന്നിവര്‍ അവഗണിച്ചതിലും ബെഞ്ച് ഖേദം രേഖപ്പെടുത്തി.
സംസ്ഥാന സര്‍ക്കാര്‍ അഞ്ച് പേരുകള്‍ തയ്യാറാക്കിയെങ്കിലും വ്യക്തമായി ഒരുപേര് നിര്‍ദ്ദേശിക്കാനായില്ല. ഉച്ചക്ക് 12.30നുള്ളില്‍ പേര് നല്‍കാന്‍ സര്‍ക്കാരിന്റെ അഭിഭാഷകനായ കപില്‍ സിബലിനോട് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ബെഞ്ച് നിര്‍ബന്ധിതമാകുമെന്നും വ്യക്തമാക്കിയിരുന്നു. യുപി സര്‍ക്കാരിനോട് ലോകായുക്തയെ നിയമിക്കാന്‍ ഉത്തരവ് നല്‍കണമെന്നാവശ്യപ്പെട്ട് മഹീന്ദര്‍ കുമാര്‍ ജെയിനും അഡ്വ. രാധാകാന്ത് ത്രിപാഠിയും നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
















