ന്യൂദല്‍ഹി: രണ്ടായിരം സിസിക്കുമുകളിലുള്ള പുതിയ ഡീസല്‍ വാഹനങ്ങള്‍ക്ക് അടുത്ത മാര്‍ച്ച് 31 വരെ സുപ്രീം കോടതി ദല്‍ഹിയില്‍ വിലക്കേര്‍പ്പെടുത്തി. പുതിയ ആഡംബര കാറുകള്‍ക്കും യൂട്ടിലിറ്റി വെഹിക്കിളുകള്‍ക്കും ട്രക്കുകള്‍ക്കുമാണ് കോടതി നിരോധനം ഏര്‍പ്പെടുത്തിയത്. അന്തരീക്ഷ മലിനീകരണം കുറയ്‌ക്കാനും നിലവിലുള്ള അവസ്ഥ മെച്ചപ്പെടുത്താനുമാണിത്.
നിലവില്‍ രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല. ഇന്നോവ, സ്‌ക്കോര്‍പ്പിയോ, ടാറ്റാ സഫാരി, സുമോ, പജീരോ തുടങ്ങിയവ ഒന്നും ഇനി ദല്‍ഹിയില്‍ വില്ക്കാനോ പുതുതായി രജിസ്റ്റര്‍ ചെയ്യാനോ കഴിയില്ല. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ല. സുപ്രീം കോടതി വ്യക്തമാക്കി. നിര്‍ണ്ണായകമായ വിധിയാണിത്.
ദല്‍ഹിയിലേക്കുള്ളതല്ലാത്ത ട്രക്കുകള്‍ ദേശീയ പാത ഒന്ന്, എട്ട് എന്നിവ വഴി തലസ്ഥാനത്ത് കടക്കുന്നതും സുപ്രീം കോടതി വിലക്കി.
ദല്‍ഹിയില്‍ ചരക്കിറക്കാന്‍ വരുന്ന ട്രക്കുകള്‍ ഇനി മേല്‍ നഷ്ടപരിഹാരമായി 2600 രൂപ അടയ്‌ക്കണം. ചെറിയ ചരക്ക് വാഹനങ്ങള്‍ നല്‍കേണ്ടത് 1400 രൂപയാണ്. ദല്‍ഹിയിലോടുന്ന വലിയ സ്വകാര്യകാറുകള്‍ ഒരുവര്‍ഷത്തിനകം ഡീസലില്‍ നിന്ന് സിഎന്‍ജി(ദ്രവീകൃത പ്രകൃതി വാതകം)യിലേക്ക് മാറണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ചെറിയ കാറുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.വായൂമലിനീകരണം മൂലം ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത് ട്രാഫിക് പോലീസാണ്. അതിനാല്‍ ട്രാഫിക് പോലീസിന് പ്രത്യേകതരം മാസ്‌ക്കുകള്‍ (മുഖംമൂടി) നല്‍കാനും കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മാലിന്യം കത്തിക്കുന്നത് നിര്‍ത്താന്‍ ദല്‍ഹി സര്‍ക്കാരിനോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ഉത്തരവിട്ട കോടതി നിര്‍മ്മാണച്ചട്ടങ്ങള്‍ ശക്തമായി നടപ്പാക്കാനും കെട്ടിട നിര്‍മ്മാണം വഴിയുള്ള മലിനീകരണം തടയാനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ദല്‍ഹി മലിനീകരണ നിയന്ത്രണസമിതിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ വഴിയിലും പൊതുസ്ഥലങ്ങളിലും അടക്കം കൂട്ടിയിടുന്നത് തടയാനാണ് കോടതി ഉത്തരവ്. ഗ്രീന്‍ ട്രിബ്യൂണല്‍ അടക്കം മറ്റ് സകല ഫോറങ്ങളും ഇട്ടിട്ടുള്ള ഉത്തരവുകള്‍ ഇതോടെ റദ്ദായതായും സുപ്രീം കോടതി വ്യക്തമാക്കി. ഇന്നലത്തെ സുപ്രീം കോടതി ഉത്തരവായിരിക്കും ഇനി ബാധകം.
ദല്‍ഹിയില്‍ ഇപ്പോള്‍ 85 ലക്ഷം വാഹനങ്ങളാണ് ഉള്ളത്. പ്രതിദിനം 1400 പുതിയ കാറുകളാണ് റോഡിലിറങ്ങുന്നത്.
















