കാസര്‍കോട്: ഉപ്പളയില്‍ പീഡനത്തിനിരയായ ഊമ പെണ്‍കുട്ടിയുടെ കുടുംബത്തിന് മാനുഷിക പരിഗണന നല്കി സ്ഥിരം വരുമാനത്തിന് സാഹചര്യം ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. മനുഷ്യാവകാശ കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ കാസര്‍കോട് ഗവ:ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങില്‍ പെണ്‍കുട്ടിയുടെ മാതാവ് നല്കിയ പരാതി പരിഗണിച്ചാണ് കമ്മീഷന് അംഗം സര്‍ക്കാരിനോട് ഉത്തരവിട്ടത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു കൊടുക്കണം. സംഭവത്തില്‍ കേസെടുക്കാന്‍ കാലതാമസം വരുത്തിയെന്ന ആരോപണമുയര്‍ന്ന കുമ്പള സി.ഐ, മഞ്ചേശ്വരം എസ്.ഐ എന്നിവരെ ലോ ആന്റ് ഓര്‍ഡര്‍ ചുമതലയില്‍ നിന്ന് മാറ്റാന്‍ കമ്മീഷന് ഡി.ജി.പി യോട് ആവശ്യപ്പെട്ടു. സംഭവം നടന്ന് ദിവസങ്ങല് കഴിഞ്ഞിട്ടു പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല. ആദ്യം പോലീസ് നിസ്സാരമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡോക്ടര്‍ പീഡനം നടന്നതായി റിപ്പോര്‍ട്ട് നല്‍കിയിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായ ശക്തമായ ഇടപെടലുകളെ തുടര്‍ന്നാണ് ഉന്നതമായ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ലീഗും സിപിഎമ്മും ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായത്. പ്രതിയെ നാട്ടുകാര്‍ ചൂണ്ടികാണിച്ച കൊടുത്തിട്ടും ആദ്യ ഘട്ടത്തില്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പീഡനം നടന്നിട്ടില്ലായെന്ന തരത്തിലായിരുന്നു ആദ്യഘട്ടത്തില്‍ പോലീസ് അന്വേഷണം മുന്നോട്ട് പോയത്. പെണ്‍കുട്ടിയുടെ സഹോദരന്മാരും അമ്മയും ഭിന്നശേഷിക്കാരാണ്. മത്സ്യ തൊഴിലാളിയായ രോഗിയായ അച്ഛന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നത്.
ഉജാറുള്‍വാര്‍ ജി.എല്‍.പി സ്കൂള്‍ യു.പി.സ്കൂളായി ഉയര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പിനോടും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ റാമ്പ് സൗകര്യമേര്‍പ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പിനോടും കമ്മീഷന് ഉത്തരവിട്ടു. സിറ്റിങ്ങില്‍ 23 പുതിയ പരാതികളടക്കം 76 പരാതികള്‍ പരിഗണിച്ചു. ഒന്‍പത് പരാതികള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. ജനുവരി 28 ന് കാസര്‍കോട് ഗവ:ഗസ്റ്റ് ഹൗസില്‍ കമ്മീഷന് വീണ്ടും സിറ്റിങ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: