ന്യൂദല്‍ഹി: മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനെതിരെ നടന്ന സിബിഐ റെയ്ഡ് അരവിന്ദ് കേജ്‌രിവാളിനും ആംആദ്മി പാര്‍ട്ടിക്കും നാണക്കേടായി മാറി. സിബിഐ റെയ്ഡ് രാഷ്‌ട്രീയ പ്രേരിതമാണെന്നും പ്രധാനമന്ത്രി ഭീരുവും മനോരോഗിയുമാണെന്നുമുള്ള കേജ്‌രിവാളിന്റെ പ്രസ്താവനകളും അഴിമതിക്കാരെ സംരക്ഷിക്കാനെന്ന് തെളിഞ്ഞു. ഉദ്യോഗസ്ഥനെതിരെ എന്തെങ്കിലും തെളിവുണ്ടായിരുന്നെങ്കില്‍ തനിക്ക് നല്‍കണമായിരുന്നെന്നും താന്‍ നടപടി സ്വീകരിക്കുമെന്നുള്ള വാദങ്ങളുമായി പിന്നീട് കെജ്‌രിവാള്‍ രംഗത്തെത്തിയെങ്കിലും നാണക്കേടില്‍ നിന്നും രക്ഷപെടല്‍ അസാധ്യമായി.
കംപ്യൂട്ടര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണത്തിന് വിധേയനായ രജീന്ദ്രകുമാറിനെ സംരക്ഷിക്കാനുള്ള കേജ്‌രിവാളിന്റെ ശ്രമങ്ങള്‍ക്ക് സിബിഐ റെയ്ഡ് തിരിച്ചടിയായി. രജീന്ദ്രകുമാറിന്റെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥലങ്ങളില്‍ നിന്നായി വിദേശ കറന്‍സി ഉള്‍പ്പെടെ കണ്ടെത്തിയതും കേജ്‌രിവാളിനും കൂട്ടര്‍ക്കും നാണക്കേടായിത്തീര്‍ന്നു. ഇന്നലെ രാവിലെ 9മണിയോടെ ആരംഭിച്ച സിബിഐ റെയ്ഡ് മണിക്കൂറുകളോളം നീണ്ടുനിന്നു.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ യോഗം ചേര്‍ന്ന കേജ്‌രിവാളും എഎപിയുടെ മുതിര്‍ന്ന നേതാക്കളും സ്ഥിതിഗതികള്‍ വിലയിരുത്തി. എന്നാല്‍ പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ള മുന്‍ എഎപി നേതാക്കള്‍ അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിച്ച കേജ്‌രിവാളിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അഴിമതിക്കാര്യത്തില്‍ ഇരട്ടത്താപ്പാണ് കേജ്‌രിവാള്‍ സ്വീകരിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
















