ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശം പദപ്രയോഗത്തിലൂടെ അധിക്ഷേപിച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ ഭീരുവെന്ന് വിളിച്ച കേജ്‌രിവാളിന്റെ നടപടി നാണംകെട്ടതും അനുചിതവുമാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയമിക്കുമ്പോള്‍ കേജ്‌രിവാള്‍ ശ്രദ്ധിച്ചില്ലെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.
കേജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രജീന്ദ്രകുമാറിനെതിരായ ആരോപണങ്ങള്‍ വളരെ ഗൗരവകരമാണ്. നിങ്ങള്‍ സെക്രട്ടറിയെ വെയ്‌ക്കുമ്പോള്‍ എല്ലാ കാര്യങ്ങളും പരിശോധിച്ചില്ല. അതുമൂലം ഒരു അഴിമതിക്കേസിന് ഇപ്പോള്‍ രാഷ്‌ട്രീയനിറം കൈവന്നിരിക്കുകയാണ്, രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.
രജീന്ദ്രകുമാറിനെതിരായ അഴിമതിക്കുറ്റങ്ങള്‍ സിബിഐ പരിശോധിച്ച ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ നിന്നും സേര്‍ച്ച് വാറണ്ട് ലഭിച്ച ശേഷമാണ് സിബിഐ റെയ്ഡ് നടത്തിയത്. നിയമപ്രകാരം, റെയ്ഡ് നടത്തുന്നതിന് മുമ്പായി സിബിഐക്ക് അനുമതി വാങ്ങേണ്ട ആവശ്യം പോലുമില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
അഴിമതിക്കാരെ സംരക്ഷിച്ചുകൊണ്ടും ഏറ്റവും മോശം രാഷ്‌ട്രീയം കളിച്ചുകൊണ്ടും മുന്നോട്ടുപോകുന്ന അരവിന്ദ് കെജ്‌രിവാളിന്റെ പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം അത്യന്തം മോശമായിപ്പോയെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പ്രതികരിച്ചു.
വിശ്വാസ്യതയുള്ള പരാതിയുടെ അടിസ്ഥാനത്തിലും പരാതിയെപ്പറ്റി നടത്തുന്ന അന്വേഷണത്തിനും ശേഷം മാത്രമേ സിബിഐ റെയ്ഡ് നടത്താറുള്ളൂ. കേജ്‌രിവാളിന്റെ ശ്രമം അഴിമതിക്കാരെ സംരക്ഷിക്കാനാണ്. സ്വന്തം ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം പ്രധാനമന്ത്രിക്കെതിരെ മോശം പദപ്രയോഗം നടത്താനാണ് ദല്‍ഹി മുഖ്യമന്ത്രി ശ്രമിച്ചത്. രാഷ്‌ട്രീയത്തിന്റെ ഏറ്റവും മോശമായ പാതയിലൂടെയാണ് കേജ്‌രിവാള്‍ മുന്നോട്ടു പോകുന്നതെന്നും പ്രകാശ് ജാവ്ദേക്കര്‍ കുറ്റപ്പെടുത്തി.
















