കടലിന്നലകള്‍ പോലെ ഭാവന അലകള്‍ തീര്‍ത്തപ്പോള്‍ അതു മനോഹര കവിതകളായി മാറി. രാഷ്ട്രഭാഷയായ ഹിന്ദിയോടുള്ള അദമ്യമായ അഭിനിവേശവും കൂടിയായപ്പോള്‍ ‘പഹലാ കദം’ അഥവാ ആദ്യ ചുവട്വെയ്പ്പ് ലക്ഷദ്വീപിന്റെ ചരിത്രത്തിലേക്കുള്ള രജതരേഖയുമായി. കവരത്തിയില്‍ നിന്നുള്ള ജസിം ഷെറിന് എന്ന പത്താംക്ലാസുകാരിയുടെ കവിതാസമാഹാരമാണ് ‘പഹലാ കദം’. ജസിം ഷെറിന്റെ ആദ്യ കവിതാസമാഹാരവും ലക്ഷദ്വീപില്‍ പ്രസിദ്ധീകരിക്കുന്ന ആദ്യ പുസ്തകവുമാണിത്.
ഭാരതത്തിന്റെ ഹൃദയഭാഷയായ ഹിന്ദിയിലെഴുതിയ കവിതകളടങ്ങിയതാണ് ഈ സമാഹാരം. കടലിലെ അലകളും കൂറ്റന്‍ അലകളും കാറ്റും കൊടുങ്കാറ്റും അഴകും ആഴവും സര്‍വോപരി അതിന്റെ സൗന്ദര്യാത്മകയെ അക്ഷരാര്‍ത്ഥത്തില്‍ സ്വമനസ്സിലേക്ക് സ്വാംശീകരിക്കുന്നതിനിടെയാണ് ഈ കവിതകള്‍ ജന്മം കൊണ്ടത്.
കവരത്തിയിലിരുന്ന് അഥവാ ‘പ്രകൃതിരമണീയതയുടെ ദ്വീപിലിരുന്ന്’ ജസിം എഴുതുകയാണ്. അല്ലെങ്കില്‍ ബാല്യത്തിന്റെ സ്പര്‍ശമുള്ള വരികള്‍ ഉതിര്‍ന്നു വീഴുകയാണ്. ആഞ്ഞുവീശുന്ന കാറ്റിനോട്, മഴയോട്, കുട്ടുകാരോട്, ദൈവത്തോട്, തന്നോട് തന്നെയുമുള്ള ചോദ്യങ്ങളാണതില്‍. ചില വരികളിലൂടെ സ്നേഹവും സന്ദേഹവും പകരുന്നു. ചിലപ്പോള്‍ അത് ഇരുട്ടും നക്ഷത്രവും ഭയവുമാകുന്നുണ്ട്. ഭാഷയുടെ ഹൃദ്യതയും ലാളിത്യവും പ്രകടമാകുന്ന വരികള്‍ ജസിം ഷെറിനിലെ കവയിത്രിയെ ശ്രദ്ധേയമാക്കുന്നുവെന്ന് സാഹിത്യ പ്രതിഭകള്‍ അഭിപ്രായപ്പെടുന്നതും അതുകൊണ്ടു തന്നെ.
പ്രസാദാത്മകമായ ജീവിതവീക്ഷണത്തിന്റെ നേര്‍ക്കാഴ്ചയാണ് പഹലാ കദം നമുക്ക് നല്‍കുന്നതെന്ന് ഈ ഗ്രന്ഥം വിശകലനം ചെയ്ത ഡോ. ആര്‍സു അഭിപ്രായപ്പെട്ടു.
നമുക്ക് ഒരുമയോടെ പുലര്ന്നുകൂടെ, നമുക്ക് ഒരുമിച്ചു ചുവടുവെച്ചുകൂടെ, നമുക്ക് സമന്മാരായി ജീവിച്ചുകൂടേ എന്നീ ചോദ്യങ്ങളാണ് ഈ ബാലകവയിത്രി ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറയുന്നു. ഭേദഭാവങ്ങളും പക്ഷപാതങ്ങളും തേര്‍വാഴ്ച തകര്‍ക്കുന്ന സമൂഹത്തോടുള്ള ഈ കുട്ടിയുടെ വലിയ മനസ്സിലെ ചോദ്യം അര്‍ത്ഥഗര്‍ഭമാണെന്ന് ഭാഷാസമന്വയ വേദിയുടെ പ്രസിഡന്റ് കൂടിയായ അദ്ദേഹം പറയുന്നു.
വെള്ളവും വെളിച്ചവും കാറ്റും ഒക്കെ വിത്തിന് കിളിര്ത്തുവരാനുള്ള അനുകൂല ഘടകങ്ങള്‍ സൃഷ്ടിക്കുമെന്നും അതോടൊപ്പം വിത്തിന് കരുത്തുകൂടി അനിവാര്യമാകുമെന്നുമുള്ള സ്വാമി വിവേകാനന്ദന്റെ വാക്കു കണക്കെ ഭാസുരഭാവനകളും ആശയങ്ങളും ഭാഷാ നൈപുണിയും കാവ്യപഥത്തില്‍ മുന്നേറാന്‍ ഈ കവയിത്രിക്ക് കരുത്തു പകരുമെന്ന് എഴുത്തുകാരും വായനക്കാരും അഭിപ്രായപ്പെടുന്നു. ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റായ ജാഫര്‍ ഷായുടെയും ഡോ. സൗദാബിയുടെയും മകളാണ് ജസിം ഷെറിന്. ജാസ്മിന്ഷെറിന് സഹോദരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: