പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്റ്റാന്റിംഗ് കമ്മറ്റി തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് ഉണ്ടായ വീഴ്ചയുടെ പേരില്‍ പഞ്ചായത്ത് ഭരണസമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങളും പാര്‍ട്ടി മണ്ഡലം കമ്മറ്റിയും 2 ചേരികളായി തിരിഞ്ഞ് പരസ്പരം കുറ്റപ്പെടുത്തുന്നു. പഞ്ചായത്ത് പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും സ്റ്റാന്റിംഗ് കമ്മറ്റി തിരഞ്ഞെടുപ്പിന് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുള്ളന്‍കൊല്ലി മണ്ഡലം കമ്മറ്റി ചുമതലപ്പെടുത്തിയതാണെന്നും ഇവര്‍ക്കുണ്ടായ വീഴ്ചയാണ് സ്റ്റാന്റിംഗ് കമ്മറ്റികള്‍ ഇടത് പക്ഷത്തിന് ലഭിക്കാനിടയായതെന്നും പാര്‍ട്ടി നേതാക്കള്‍ ചൊവ്വാഴ്ച നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. എന്നാല്‍ ത്രിതല പഞ്ചായത്ത് സമിതിയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കും സ്റ്റാന്റിംഗ് കമ്മറ്റി തിരഞ്ഞെടുപ്പുകളുടെ നടപടി ക്രമത്തെക്കുറിച്ച് ധാരണയില്ലാതെ പോയതാണ് പരാജയകാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണനും വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴിയും മെമ്പര്‍മാരായ മോളി ജോസ്, ജീനാ ഷാജിയും ബുധനാഴ്ച നടന്ന പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ത്രിതല പഞ്ചായത്ത് പാര്‍ലിമെന്ററി നടപടി ക്രമങ്ങളെക്കുറിച്ച് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടിയംഗങ്ങള്‍ക്ക് ആവശ്യമായ പരിശീലനം നല്കുന്നതില് പാര്‍ട്ടി മണ്ഡലം കമ്മറ്റിക്കുണ്ടായ വീഴ്ച പഞ്ചായത്ത് മെമ്പര്‍മാരുടെ തലയില്‍ കെട്ടിവച്ച് നേതാക്കള്‍ ഒളിച്ചോടുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ ആരെല്ലാം പങ്കെടുക്കണമെന്ന് കെ.പി.സി.സി വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും അവയെല്ലാം കാറ്റില്‍ പറത്തി ഇടത് മുന്നണിയെ സഹായിക്കുന്ന സമീപനമാണ് മണ്ഡലം കമ്മറ്റി നേതാക്കള്‍ സ്വീകരിച്ചതെന്ന് ഇവര്‍ പറയുന്നു.
ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തില്‍ വര്‍ഗ്ഗീസ് മുരിയന്‍കാവില്‍, ജോസഫ് പെരുവേലി, വര്‍ഗ്ഗീസ് കൊളാശ്ശേരി, സെബാസ്റ്റ്യന്‍ പുലികുത്തി, ജോയി വാഴയില്‍, സ്റ്റീഫന്‍ പുളടിയില്, എല്‍ദോസ് കരിപ്പാകുടി, ജോസ് കുന്നത്ത്, സാബു മങ്ങാട്ടുകുന്നേല്‍, ജോര്‍ജ്ജ് എടപ്പാട്ട്, ജോസ് ബെന്‍ ജോണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: