അനശ്വര പദ്ധതിയില്‍ ഊഞ്ഞാല്ക്കൂടില് വളര്‍ത്തുന്ന കാടകള്‍
കല്‍പ്പറ്റ:കാടവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനു അനശ്വര പദ്ധതിയുമായി കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് 10 മുട്ടക്കാടകളെയും അവയെ വളര്‍ത്തുന്നതിനു ഊഞ്ഞാല്ക്കൂടും സര്‍വകലാശാല നല്‍കും. മുട്ടയുല്പാദനത്തിലെ സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന പദ്ധതിയുടെ ആദ്യഘട്ടം സര്‍വകലാശാലയുടെ പൗള്‍ട്രി സയന്‍സ് ഫാക്കല്‍റ്റിക്ക് കീഴിലുള്ള തിരുവാഴാംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്മെന്റ് മുഖേനയാണ് നടപ്പിലാക്കുന്നത്. പിന്നീട് ഘട്ടങ്ങളായി എല്ലാ ജില്ലകളിലും നഗര-ഗ്രാമ ഭേദമില്ലാതെ വ്യാപിപ്പിക്കും.
ആറാഴ്ച പ്രായത്തില്‍ മുട്ടയിട്ടുതുടങ്ങുന്ന അത്യുത്പാദനക്ഷമതയുള്ള കാടകളെയാണ് പദ്ധതിയില്‍ വിതരണം ചെയ്യുന്നതെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. സമീകൃത ആഹാരം നല്കി കാടകളെ വളര്ത്തുന്നവിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അടുക്കളമുറ്റത്തെ കോഴിവളര്‍ത്തലിനെ അപേക്ഷിച്ച് ചെലവേറുമെങ്കിലും ഉയര്‍ന്ന ഉല്പാദനവും പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതുമൂലമുള്ള ജോലി ലഘൂകരണവും എല്ലാ വിഭാഗം ജനങ്ങള്‍ക്കും പദ്ധതി സ്വീകാര്യമാക്കുമെന്ന വിലയിരുത്തലിലാണ് സര്‍വകലാശാല. പ്രത്യേകം രൂപകല്പനചെയ്ത ഊഞ്ഞാല്ക്കൂടുകള് ഫ്ലാറ്റുകളിലും കാടവളര്‍ത്തല്‍ സാധ്യമാക്കുന്നതാണ്. ഗുണനിലവാരമുള്ള തീറ്റ നല്കി കാടകളെ വളര്‍ത്തിയാല്‍ ഓരോ വീട്ടിലും വര്‍ഷം 3000ലേറെ മുട്ട ഉല്പാദിപ്പിക്കാനാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കാടവളര്ത്തലില് ഗുണഭോക്താക്കള്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ പ്രാദേശികമായി സാങ്കേതിക സഹായം ലഭ്യമാക്കും. മുട്ട വിപണനത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും സ്വയംസഹായ സംഘങ്ങളുടെ പിന്തുണ ഉറപ്പുവരുത്തും. ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ഔഷധമായും ഉപയോഗപ്പെടുത്താവുന്നതാണ് കാടമുട്ടയെന്ന് തെളിഞ്ഞിട്ടുണ്ട്. മുട്ടയ്ക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യം അനശ്വര പദ്ധതി കേരളത്തിലൂടനീളം നടപ്പിലാകുന്നതോടെ ഒഴിവാകുമെന്നാണ് സര്‍വകലാശാല അധികൃതരുടെ അനുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: