ശിവാകൈലാസ്
കാട്ടാക്കട: നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും തുടര്‍ച്ചയായി തുറന്നിടാന്‍ തുടങ്ങിയിട്ട് ആറുമാസം പിന്നിടുന്നു. ചരിത്രത്തിലാധ്യമായാണ് നെയ്യാറിലെ ഷട്ടറുകള്‍ ഇത്രയേറെക്കാലം അടയ്ക്കാതിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ എട്ടാം തീയതിയാണ് കനത്ത മഴയെ തുടര്‍ന്ന് പരമാവധി സംഭരണ ശേഷിയായ 84.750 അടിയോളം അടുത്തപ്പോള്‍ തുറന്നിട്ടത്. പിന്നെയിങ്ങോട്ടു നിരവധി തവണ അളവുകളില്‍ വ്യത്യാസം വന്നെങ്കിലും ഷട്ടറുകള്‍ അടച്ചിട്ടില്ല. 1954 ല്‍ തറക്കല്ലിടുകയും 1958 ല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്ത നെയ്യാര്‍ അണക്കെട്ടില്‍ മുന്‍പ് തുടര്‍ച്ചയായി ഒരു മാസത്തോളം ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്. അപ്രതീക്ഷിതാമയി വൃഷ്ടി പ്രദേശത്ത് മഴ കനക്കുകയോ തോരാതെ പെയ്യുകയോ ചെയ്യുമ്പോഴാണ് ഷട്ടറുകള്‍ സാധാരണ ഗതിയില്‍ ഉയര്‍ത്തുന്നത്. എന്നാല്‍ കഴിഞ്ഞ ആറു മാസമായി സംഭരണിയില്‍ 84 അടിക്കു താഴേക്കു ജലനിരപ്പ് താഴാതിരുന്നതാണ് ഷട്ടര്‍ പിന്നീട് അടക്കാതിരുന്നത്. ഈ ആറുമാസത്തിനിടയില്‍ ക്രമാതീതാമായി ജല നിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ആറു തവണ ഷട്ടറുകള്‍ ഉയര്‍ത്തുകയും നെയ്യാര്‍ തീരം വെള്ളത്തിനടിയിലാവുകയും ലക്ഷകണക്കിന് രൂപയുടെ നാശ നഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
പതിനഞ്ചു വര്‍ഷം മുന്‍പ് കനത്ത മഴയില്‍ എട്ടടിയോളവും ശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് ആറടിയോളവും ആണ് പരമാവധി നാലു ഷട്ടറുകളും ഉയര്‍ത്തിയിട്ടുള്ളത്. ഇതേ തുടര്‍ന്ന് നെയ്യാര്‍ കരകവിഞ്ഞൊഴുകി. പാലത്തിനു സമീപം നദി തുടങ്ങുന്ന ഭാഗത്ത് ഇരു വശങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായി. ക്യച്ച്മെന്റ്റ് ഏരിയയിലും ആറുകളുടെ തീരത്തും താമസിക്കുന്ന വീടുകളില്‍ വെള്ളം കയറിയും കൃഷിയിടങ്ങള്‍ വെള്ളതിനടിയിലാവുകയും വ്യാപക നാശം സംഭവിക്കുകയും ചെയ്തിരുന്നു. അതേസമയം റിസര്‍വോയര്‍ തീരത്തെ കയ്യേറ്റവും കരയിടിച്ചിലും ഡാമിന്റെ സംഭരണ ശേഷിയില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. മുന്‍പ് കെഇആര്‍ ഐ നടത്തിയ പഠനത്തില്‍ ഡാമിന്റെ നാല്പതു ശതമാനത്തോളം സംഭരണ ശേഷിയില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഇതേ സംഘം രണ്ടു മാസത്തിനു മുന്‍പ് ഇത് സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ അറിവാകും. ഈ റിപ്പോര്‍ട്ടിലും മുന്പത്തേക്കാള് സംഭരണ ശേഷിയില്‍ കുറവ് വരാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ദിവസങ്ങളായി തോരാതെ പെയ്യുന്ന മഴയില്‍ വൃഷ്ടി പ്രദേശത്തെ നീരൊഴുക്ക് ഇപ്പോഴും ശക്തമാണ്. പരമാവധി സംഭരണ ശേഷിയോട് അടുത്ത് 84.50 അടിയില്‍ ആണ് ഇപ്പോഴത്തെ ജലനിരപ്പ്. ഒരടിയോളം ഇപ്പോള്‍ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. മഴ നിലയ്ക്കാത്തതിനാല്‍ നീരൊഴുക്കും ശക്തമാണ്. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും സ്ഥിതി തുടര്‍ന്നാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: