ന്യൂദല്‍ഹി: ചൈനയില്‍ നിന്നുള്ള ഓട് ഇറക്കുമതി നിയന്ത്രിക്കണമെന്ന് ഫെഡറേഷന് ഓഫ് ഓള്‍ഇന്ത്യ എര്‍ത്തേണ്‍ ടൈല്‍സ് മാനുഫാക്ചേഴ്സ് അസോസിയേഷന് കേന്ദ്ര വാണിജ്യമന്ത്രാലയത്തോട് നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചു. ചൈനീസ് ഇറക്കുമതി അനിയന്ത്രിതമായി തുടരുന്നതു മൂലം മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്.
പല ഓട് വ്യവസായ ശാലകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കേരളത്തിന്റെ പാരമ്പര്യ വ്യവസായമായ ഓട് വ്യവസായത്തെ നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇരുപതിനായിത്തിലധികം തൊഴിലാളികള്‍ ജോലിചെയ്യുന്ന മേഖലയാണ് കേരളത്തിലെ ഓട് വ്യവസായം. ഓട് ഇറക്കുമതി നിയന്ത്രിക്കുന്ന കാര്യം പരിശോധിക്കുമെന്ന് വാണിജ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
ഓള്‍ഇന്ത്യ എര്‍ത്തേണ്‍ ടൈല്‍സ് മാനുഫാക്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് കെ.സി തോമസ്, എം.എ മുഹമ്മദ് രാജെ, യാസില്‍ സകീര്‍, ബിജെപി വ്യവസായ സെല്‍ കണ്‍വീനര്‍ ഋഷി പല്പു എന്നിവര്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: