രഞ്ജിത്ത് വടക്കേക്കരയത്ത്
മലപ്പുറം: ഒരു ഇടവേളക്ക് ശേഷം കഞ്ചാവിന്റെയും നിരോധിത പാന്‍മസാലകളുടെയും വില്‍പ്പനയും ഉപയോഗവും നാടെങ്ങും വ്യാപകമാകുന്നു. ഇതിനായി ലഹരി മാഫിയ അന്യസംസ്ഥാന തൊഴിലാളികളെ ഇടനിലക്കാരാക്കി ഉപയോഗിക്കുന്നതായാണ് വിവരം. പ്രധാനമായും ട്രെയിന്‍ യാത്രകളിലാണ് ഇത്തരം ‘മരുന്ന് ‘ കടത്ത് വ്യാപകമായി നടക്കുന്നതും.
മണ്ഡലകാലത്തെ തിരക്ക് ഇത്തരക്കാര്‍ക്ക് സൗകര്യമായി മാറിയിട്ടുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി വിദ്യാര്‍ത്ഥികളെയാണ് ‘കഞ്ചാവ് ‘ ഉപയോഗിച്ചതിന് മങ്കട പോലീസ് പിടികൂടിയത്. മലബാര്‍ മേഖലയില്‍ കഞ്ചാവ് വിതരണത്തിന്റെ ഇടത്താവളമായി പെരിന്തല്‍മണ്ണ മാറുന്നതായാണ് വിവരം. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ റെക്കോര്‍ഡ് കഞ്ചാവ് വേട്ടയാണ് പെരിന്തല്‍മണ്ണ പോലീസ് നടത്തിയത്. കഞ്ചാവ് വില്‍പ്പനയിലെ തര്‍ക്കത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ ഒരു കൊലപാതകം നടന്നതും അടുത്ത സമയത്താണ്. പോലീസ് സ്വീകരിച്ച ഊര്‍ജ്ജ്വസ്വലമായ ചില നടപടികളെ തുടര്‍ന്ന് ലഹരി വില്‍പ്പനയിലും ഉപയോഗത്തിലും ഗണ്യമായ കുറവ് വന്നിരുന്നു.
എന്നാല്‍ പൂര്‍വ്വാധികം ശക്തിയോടെ ലഹരി മരുന്ന് മാഫിയ വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നു. ചെറിയ ചെറിയ പൊതികളിലായി വില്‍പ്പനക്ക് കൊണ്ടുവരുന്ന കഞ്ചാവിന് ലഹരിയുടെ തോത് അനുസരിച്ച് പല വിളിപ്പേരുകളുമുണ്ട്. അതാകട്ടേ, അടുത്ത കാലത്ത് ഇറങ്ങിയ ചില മലയാള സിനിമകളിലെ കഥാപാത്രങ്ങളുടെ പേരും. മൊയ്തീന്, ജോര്‍ജ്ജ്, നാരായണന്‍കുട്ടി, കാഞ്ചന, മലര് ഇങ്ങനെ പോകുന്നു കഞ്ചാവിന്റെ വിളിപ്പേരുകള്‍. കൂട്ടത്തില്‍ ഏറ്റവും ലഹരി കൂടിയ സാധനം മൊയ്തീനാണ്. വില 500 കടക്കും കഞ്ചാവ് വലിയിലെ തുടക്കാര്‍ക്ക് ‘ജോര്‍ജ്ജിനെയാണ് നല്‍കുന്നത്. പിന്നെയും പിന്നെയും ഉപയോഗിക്കാനുള്ള പ്രവണത കൂടും എന്നതാണ് ഇതിന്റെ പ്രത്യേകത. ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ക്കുള്ളതാണ് ‘നാരായണന്‍കുട്ടി’. കൂടുതല്‍നേരം ‘ലഹരി പിടിച്ചു നിര്‍ത്താന്‍ ‘കാഞ്ചന’. വിലയോ തുച്ഛം ലഹരിയോ മെച്ചം എന്നതാണ് മലരിന്റെ പരസ്യ വാചകം. പ്രധാനമായും യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കുന്നതിനാണ് ഇത്തരം സിനിമാ കഥാപാത്രങ്ങളുടെ പേര് നല്‍കുന്നതെന്ന് കരുതുന്നു. അടുത്ത് തന്നെ മറ്റൊരു സിനിമ ഹിറ്റായാല്‍ പേരുകള്‍ വീണ്ടും മാറിയേക്കാം. കഞ്ചാവ് വിതരണത്തിന് ‘വാട്സ് ആപ്പ്’ ഗ്രൂപ്പുകള്‍ വരെ ഉണ്ടെന്നാണ് ഞെട്ടിക്കുന്ന മറ്റൊരു വിവരം. മെസേജുകള്‍ കൈമാറാന്‍ ഇത്തരം സിനിമ പേരുകളും കോഡ് ഭാഷകളു ഉപയോഗിക്കുന്നതിനാല്‍ മൊബൈല്‍ മറ്റൊരാള്‍ കണ്ടാലും പിടിക്കപ്പെടുകയില്ലെന്ന് സാരം. സിനിമയില്‍ മോഹന്‍ലാല്‍ ചോദിച്ചതുപോലെ ”സാധനം കൈയിലുണ്ടോ” എന്നൊന്നും ചോദിച്ച് ‘പണി മേടിക്കാന്‍ ‘ ഇന്നത്തെ ‘ ന്യൂജനെ കിട്ടില്ല.
അതേസമയം നിരോധിത പാന്‍മസാലകളുടെ വില്‍പ്പന ജില്ലയിലെ പല കടകളിലും നടക്കുന്നതായാണ് വിവരം. കസ്റ്റമര്‍ക്ക് കാണാവുന്ന തരത്തില്‍ പായ്ക്കറ്റുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. പോരാത്തതിന് ഒരു രൂപക്ക് മുതല്‍ ലഭിക്കുന്ന സിഗരറ്റുകളും സുലഭം. തങ്ങള്‍ നടത്തുന്നത് നിയമലംഘനമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് പലരുടെയും ഇത്തരം പരിപാടികള്‍. പോലീസ് ഒരു മിന്നല്‍ റെയ്ഡ് നടത്തിയാല്‍ ഇത്തരം നിരവധി ആളുകള്‍ കുടുങ്ങുമെന്ന കാര്യത്തി യാതൊരു സംശയവുമില്ല. എന്തായാലും ലഹരിയുടെ മയക്കത്തില്‍ നിന്ന് സമൂഹത്തെ ഉണര്‍ത്തിയില്ലെങ്കില്‍ വലിയ വില തന്നെ നല്‍കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: