അങ്ങാടിപ്പുറം: ”ദയവ് ചെയ്ത് ഉപദ്രവിക്കരുതേ എങ്ങനെ എങ്കിലും ജീവിച്ചു പൊക്കോട്ടേ” ഇതാണ് അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷന്റെ മനോഭാവം. എന്ത് ചെയ്യാം, പരാതി പറഞ്ഞും നിവേദനങ്ങള്‍ കൊടുത്തും യാത്രക്കാര്‍ മടുത്തു.
പൊതുവെ നല്ല തിരക്ക് അനുഭവപ്പെടുന്ന ജില്ലയിലെ റെയില്‍വേ സ്‌റ്റേഷനുകളിലൊന്നാണ് അങ്ങാടിപ്പുറം. ഉത്സവ സീസണായാല്‍ തിരക്ക് ക്രമാതീതം വര്‍ദ്ധിക്കുകയും ചെയ്യും. തിരക്ക് കുറക്കാന്‍ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. ടിക്കറ്റിനും റിസര്‍വേഷനും ഇവിടെ ആകെയുള്ളത് ഓരോ കൗണ്ടറുകള്‍ വീതവും. റിസര്‍വേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത് രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് രണ്ടുവരെ മാത്രമാണ്. ഈ സമയത്ത് ടിക്കറ്റ് എടുക്കാന്‍ ചെന്നാലോ മറ്റ് ടിക്കറ്റ് എടുക്കാനുള്ളവരുടെ ഊഴം കഴിഞ്ഞെ കിട്ടാറുള്ളു. അപ്പോഴേക്കും വെയിറ്റിംഗ് ലിസ്റ്റില്‍ ഏറെ താഴെയാകും സ്ഥാനം. ഓണ്‍ലൈനായി ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്യുന്നവര്‍ അങ്ങാടിപ്പുറത്ത് തീരെ കുറവാണ്. നേരിട്ട് വരുന്നവര്‍ക്കാകട്ടേ, ഒരു ദിവസത്തെ ജോലിയാണ് ടിക്കറ്റ് റിസര്‍വേഷന്‍. ഇപ്പോള്‍ തന്നെ നിലമ്പൂര്‍ റോഡ്-തിരുവനന്തപുരം രാജ്യറാണി എക്‌സ്പ്രസില്‍ വരുന്ന ദിവസങ്ങളില്‍ എല്ലാം സീറ്റുകളും ബുക്ക്ഡാണ്. റെയില്‍വേ സ്‌റ്റേഷനില്‍ വന്നിട്ടാണ് പലരും വിവരം അറിയുന്നത് തന്നെ. ഏറെ പേരും തിരുവനന്തപുരം ആര്‍സിസിയിലേക്ക് പോകാനുള്ള രോഗികളും അവരുടെ ബന്ധുക്കളും.
കോച്ചുകള്‍ കൂട്ടാനുള്ള നടപടിയും റെയില്‍വേയുടെ ഭാഗത്ത് നിന്നില്ല. റിസേര്‍വ്ഡ് കൗണ്ടറില്‍ ടിക്കറ്റ് കൊടുക്കുന്നതാകട്ടേ, ട്രെയിന്‍ വരുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രവും. അങ്ങാടിപ്പുറത്തെ അതിരൂക്ഷമായ കുരുക്കും കടന്ന് റെയില്‍വേ സ്‌റ്റേഷനിലെത്തുമ്പോഴേക്ക് നീണ്ടവരി ഉണ്ടാകും കൗണ്ടറിന് മുമ്പില്‍. വരിയില്‍ നിന്ന് ടിക്കറ്റ് എടുക്കുമ്പോഴേക്ക് ട്രെയിന്‍ തൊട്ടടുത്ത സ്‌റ്റോപ്പില്‍ എത്തിയിട്ടുണ്ടാകും. പലരും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാനും നിര്‍ബന്ധിതരാകുന്നു. അതേസമയം , അങ്ങാടിപ്പുറത്ത് ടിക്കറ്റ് കൗണ്ടര്‍ വര്‍ദ്ധിപ്പിക്കാന്‍ ഉത്സാഹം കാണിക്കാത്ത അധികൃതര്‍ ഒരു കാര്യം ചെയ്തിട്ടുണ്ട്. മിക്ക ദിവസങ്ങളിലും ടിക്കറ്റ് പരിശോധിക്കാന്‍ ഒരു ടിടിആറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് ചെറുകര കഴിയുമ്പോഴേക്ക് ഇദ്ദേഹം രംഗപ്രവേശം ചെയ്യും. ടിക്കറ്റ് ഇല്ലാത്തവരെ കയ്യോടെ പിടിക്കാന്‍ വിരുത് കാണിക്കുന്ന ഇദ്ദേഹം നല്ലൊരു തുക റെയില്‍വേക്ക് വരുമാന ഇനത്തില്‍ നല്‍കി കഴിഞ്ഞു. 10 രൂപയുടെ സ്ഥാനത്ത് 280 രൂപ പിഴ. എന്തായാലും അങ്ങാടിപ്പുറം എന്ന് കേട്ടാലേ പൊതുജനങ്ങള്‍ക്ക് ഇപ്പോള്‍ പേടിയാണ്. അതിപ്പോള്‍ റെയില്‍വേ സ്‌റ്റേഷനായാലും സ്‌റ്റേഷനിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ആയാലും മേല്‍പ്പാലം ബ്ലോക്ക് ആയാലും. നാടോടുമ്പോള്‍ ‘നടുവൊടിഞ്ഞ് ‘ ഓടാനാണ് നാട്ടുകാരുടെ വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: