ശബരിമല: വരുന്ന ദിവസങ്ങളിലുണ്ടാകുന്ന തിരക്കും അതിലൂടെയുണ്ടാകുന്ന ആരോഗ്യപ്രതിസന്ധികളെ നേരിടാന്‍ സന്നിധാനത്ത് പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കി ആരോഗ്യവിഭാഗം. മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനീത് രാജഗോപാലിന്റെ നേതൃത്വത്തിലുള്ള ഏഴ് ഡോക്ടര്‍മാര്‍, അഞ്ച് സ്റ്റാഫ് നേഴ്സ്, നാല് ഫാര്‍മസിസ്റ്റ്, നാല് നേഴ്സിംഗ് അസിസ്റ്റന്റ്, ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരുള്‍പ്പെടെ 33 ജീവനക്കാരാണ് ഇവിടെയുള്ളത്.
എല്ലാ ദിവസവും രാവിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും മൂന്ന് സംഘമായി തിരിഞ്ഞ് ശുചീകരണ തൊഴിലാളികളുടെ സഹായത്താല്‍ മരക്കൂട്ടം മുതല്‍ സന്നിധാനം വരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കും.
ക്ലോറിനേഷന്, കൊതുകിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ ഉറവിട നശീകരണം, വൈകിട്ട് പുകയ്ക്കല്‍ എന്നിവ നടത്തും.
കൂടുതല്‍ കൊതുകുകളുണ്ടെന്ന് ബോധ്യമാകുന്ന സ്ഥലങ്ങളില്‍ അബൈറ്റ് തളിക്കും. ഹോട്ടലുകളില്‍ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
തീര്‍ത്ഥാടനകാലം ആരംഭിച്ച ശേഷം 25,097പേര് സന്നിധാനം ആശുപത്രിയില്‍ ചികിത്സ തേടി. പതിനായിരം തീര്‍ത്ഥാടകര്‍ പമ്പ ആശുപത്രിയിലും അപ്പാച്ചിമേട്ടിലെ ആശുപത്രിയില്‍ 2793, നീലിമല ആശുപത്രിയില്‍ 3655, എരുമേലിയില്‍ 5795, നിലയ്ക്കലില്‍ 4183 പേരും പമ്പയിലെയും നിലയ്ക്കലിലെയും മൈാബൈല്‍ യൂണിറ്റുകളില്‍ 2500 തീര്‍ത്ഥാടകരും ചികിത്സ തേടി.
എന്നാല്‍ സന്നിധാനം ആശുപത്രിയില്‍ കിടത്തി ചികിത്സാ സംവിധാനം ഏര്‍പ്പെടുത്താത്തതും വിദഗ്ധ പരിശോധന സംവിധാനങ്ങള്‍ ഇല്ലാത്തതും ഗുരുതര രോഗം ബാധിച്ചെത്തുന്നവരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പിന്നീട് ഇവരെ സ്ട്രെച്ചറില്‍ പമ്പയിലും അവിടെനിന്നും വാഹനത്തില്‍ പത്തനംതിട്ടയിലോ കോട്ടയത്തോ എത്തിച്ച് മാത്രമാണ് തുടര്‍ ചികിത്സ നടത്താന്‍ സാധിക്കുന്നത്. ഇത്തവണ അഞ്ഞൂറോളം പേരെയാണ് ഇത്തരത്തില്‍ വിവിധ ആശുപത്രികളിലേക്ക് അയച്ചത്. ഇതില്‍ അഞ്ചുപേര്‍ മരണപ്പെട്ടു.
പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള തീര്‍ത്ഥാടന പാതയിലെ ഓക്സിജന്‍ പാര്‍ലറുകളിലും അപ്പാച്ചിമേട്ടിലെയും നീലിമലയിലെയും അടിയന്തര മെഡിക്കല്‍ സഹായകേന്ദ്രത്തിലും നിയോഗിച്ച ജൂനിയര്‍ ഹൗസ് സര്ജ്ജന്മാര് തിരികെ പോയതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
ദേവസ്വം ബോര്‍ഡ് താമസ സൗകര്യം ഒരുക്കിയതിലെ അപാകതയാണ് ഇവര്‍ തിരികെ പോകാന്‍ കാരണമെന്നും ആക്ഷേപമുണ്ട്. ഇവര്‍ക്ക് പകരം ഇതുവരെ ജോലിക്ക് ആരും എത്തിയിട്ടില്ല. ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപ്പായില്ല.
പെരുനാട് കേന്ദ്രീകരിച്ച് ദേവസ്വം ബോര്‍ഡ് ശ്രീ അയ്യപ്പ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ നീക്കം നടത്തുമ്പോള്‍ പ്രഥമ പരിഗണന നല്‍കേണ്ടത് തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും പ്രയോജനകരമാകേണ്ട സന്നിധാനം ആശുപത്രിയുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ആയിരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: