മലയാളികളുടെ കലാരസികതയുടെ മികച്ച ഉദാഹരണമാണ് ഓട്ടന്‍ തുള്ളല്‍. സാധാരണക്കാര്‍ക്കുവരെ ആസ്വദിയ്‌ക്കാവുന്ന ഒന്നാണിത് ഒരിടത്തും ഇതുപോലെ മറ്റൊരുകലയെ ചൂണ്ടിക്കാണിയ്‌ക്കാനില്ല. ആക്ഷേപഹാസ്യത്തിന്റെ കാതല്‍കാണാവുന്ന ഈക്ഷേത്രകല കവിത്വം നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ്. കുട്ടികള്‍ തുഞ്ചന്റേയും കുഞ്ചന്റേയും കൃതികള്‍ വായിച്ചു പഠിയ്‌ക്കണം എന്ന് കുഞ്ഞുണ്ണി മാഷ് പറയാറുണ്ട്. അതിലെ പദഘടന, പ്രാസം എന്നിവയാല്‍ മികച്ചുനില്‍ക്കുന്ന കാവ്യമാണ്തുള്ളലിലേത്. അതിനാല്‍ കവിഹൃദയമുള്ളവര്‍ക്ക് ഉപകാരപ്രദമാവുന്നതാണ്.
കുഞ്ചന്‍ നമ്പ്യാര്‍ സംവിധാനം ചെയ്‌തെടുത്ത ഓട്ടന്‍ തുള്ളല്‍ ഏവരേയും ചിരിപ്പിയ്‌ക്കുകയും ചിന്തിപ്പിയ്‌ക്കുകയും ചെയ്യുന്ന ഒരു ക്ഷേത്രകലയാണ്. സാമൂഹ്യ പ്രതിബദ്ധതയോടെ അതിനെ വളര്‍ത്തിയെടുക്കാന്‍ നമ്പ്യാര്‍ക്കുകഴിഞ്ഞു. വിവിധരീതിയില്‍ ഓട്ടന്‍ തുള്ളല്‍ നിലവിലുണ്ട്. ഓട്ടന്‍തുള്ളല്‍, പറയന്‍തുള്ളല്‍, ശീതങ്കന്‍തുള്ളല്‍ എന്നിവയാണവ.
ഓട്ടന്‍തുള്ളല്‍
ദ്രുതഗതിയിലുള്ള പാട്ടും അഭിനയുമാണ് ഓട്ടന്‍ തുള്ളലിന്റെ പ്രത്യേകത. മുഖത്ത് പച്ചതേച്ച് കണ്ണും പുരികവും എഴുതി ഉടുത്തകെട്ട്, തോള്‍വള, ഹസ്തകടകം, കാല്‍ ചിലങ്ക എന്നിവയാണ് അലങ്കാരം. തലയില്‍ കൊണ്ടകെട്ടി അലങ്കരിയ്‌ക്കുന്നു. ഗണപതി പടിവട്ടം, കലാശം, മൂന്നരങ്ങ് എന്നീ കലാശങ്ങള്‍ക്കുശേഷം കഥയിലേയ്‌ക്ക് പ്രവേശിക്കും. തുള്ളല്‍ക്കാരന്‍ കഥചൊല്ലുമ്പോള്‍ മൃദംഗക്കാരനും, താളക്കാരനും അതേറ്റുപാടുന്നു. ഇഷ്ടദേവതാ വന്ദനം, ഗുരുക്കന്മാരെ സ്തുതിയ്‌ക്കുക, ഇങ്ങനെയാണ് ഓട്ടന്‍തുള്ളലിന്റെ രീതി.
പറയന്‍തുള്ളല്‍
വേഷവും വൃത്തഭേദവും നൃത്തഭേദവുമാണ് വിവിധതരം തുള്ളലിനുതന്നെ കാരണം. പാക്കനാരുടെ വംശത്തില്‍ പിറന്ന ശിവഭക്തനായ പറയന്റെ വേഷമാണ് പറയന്‍ തുള്ളലില്‍. മുഖത്ത് പഴുക്ക(ചുവപ്പു കലര്‍ന്നമഞ്ഞ)നിറത്തില്‍തേച്ചിരിയ്‌ക്കും. കണ്ണും പുരികവുമെഴുതികിരീടം വച്ചുള്ള സംവിധാനമാണ് പറയന്റേത്. ശിവരൂപത്തിനൊത്തവണ്ണം നാഗഫണാലംകൃതമാണ് കിരീടം. വെള്ളവസ്ത്രം ധരിച്ച് അതിന് മീതേ പട്ടുചുറ്റിയാണ് പറയന്‍ തുള്ളലിലെ വേഷം.
ശീതങ്കന്‍ തുള്ളല്‍
ശീതങ്കന്‍ (വിഷ്ണു)വില്‍ നിന്നുണ്ടായതാണ്. കുട്ടനാട്ടിലെ പുലയ വിഭാഗക്കാരില്‍ ശീതങ്കന്‍ എന്നപേര് സര്‍വ്വ സാധാരണമാണ്. അവരുടെ കലാരൂപമായി പറയന്‍ തുള്ളലിന് താദാത്മ്യ മുണ്ടാകണമെന്നും പറയപ്പെടുന്നു. പടയണിയിലെ ശീതങ്കന്‍ വേഷമാണ് തുള്ളലിലേതത്രേ. കുരുത്തോലയാണ് വേഷസാമഗ്രി. മുടിയും കങ്കണവും കുരുത്തോലതന്നെ. മുഖത്ത് മഞ്ഞതേയ്‌ക്കും വാലിട്ടു കണ്ണെഴുതും ചുണ്ട് ചുമപ്പിയ്‌ക്കും കളഭമാണ്ശരീരത്തില്‍ തേയ്‌ക്കുക. വെളുത്തമുണ്ട്ചുറ്റും തലയില്‍ കറുത്തതുണികെട്ടും.













