എല്ലും തോലുമായ ശരീരം, മുഷിഞ്ഞ് ജീര്‍ണ്ണിച്ച വേഷം, കഷണ്ടി കയറിയ തല, കൈയില്‍ തകര്‍ന്നു ദ്രവിച്ച ഓലക്കുട, കക്ഷത്തില്‍ ഒരു പൊതി, കൂനിക്കൂടിയുള്ള നടത്തം- ഇത്രയുമായാല്‍ കുചേലനായി. സ്കൂള്‍ യുവജനോത്സവങ്ങളിലെ പ്രച്ഛന്ന വേഷമത്സരത്തില്‍ മാത്രമല്ല, സാംസ്കാരിക ഘേഷയാത്രകളിലും ടിവി- സിനിമാ രംഗങ്ങളിലും എന്നുവേണ്ട, ഭാഗവത സപ്താഹ വേദികളിലും ഈ ബ്രാഹ്മണദാരിദ്ര്യത്തെ കാണാം. മലയാളിയ്ക്ക് രാമപുരത്തു വാര്യര്‍ രചിച്ച കുചേലവൃത്തം വഞ്ചിപ്പാട്ടിലെ ഈ കുചേലനെ മാത്രമേ പരിചയമുള്ളു.
പക്ഷേ, ഭഗവാന് ശ്രീകൃഷ്ണന്, ഒപ്പം പഠിച്ച ചങ്ങാതിയെ ഒപ്പത്തിനൊപ്പം ഗണിച്ച്, വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍ മാറോടണച്ച്, തന്റെ ലക്ഷ്മീതല്‍പ്പത്തില്‍ കൂടെയിരുത്തിയ ആ സുദാമാവിനെ എത്രപേര്‍ക്കു പരിചയമുണ്ട്? കുചേലനപ്പുറം സുദാമാവിനെ കണ്ടറിയണമെങ്കില്‍ കുറച്ച് അകലെ പോകണം. അവിടെ ക്കണ്ട സുദാമാവ് വെറും ദരിദ്ര ബ്രാഹ്മണനല്ല, അതിനെല്ലാമുപരി, സാമൂഹ്യ പരിവര്‍ത്തനത്തിനു കാരണക്കാരനായ ആരാധ്യനാണ്, അതുകൊണ്ടുതന്നെയാണ് ഗുജറാത്തില്‍ സുദാമാവിന് ക്ഷേത്രമുള്ളത്, സുദാമാവിനെ ആരാധിക്കുന്നത്. കുചേലനെ സുദാമാവായി കണ്ടറിയാനും കുചേല ജീവിതത്തിന്റെ അഗാധ യാഥാര്‍ത്ഥ്യങ്ങളിലേക്ക് സഞ്ചരിക്കാനും ഈ ഡിസംബര്‍ 23-ന് പുതിയൊരു വേദിയൊരുങ്ങുന്നു, അമ്പലപ്പുഴയില്‍.
”കണ്ടാലെത്രകഷ്ടമെത്ര-
യും മുഷിഞ്ഞ ജീര്‍ണ്ണ വസ്ത്രം
കൊണ്ടു തറ്റുടുത്തിട്ടുത്തരീയവുമിട്ട്
മുണ്ടില്‍ പൊതിഞ്ഞപൊതിയും
മുഖ്യമായ പുസ്തകവും
രണ്ടുംകൂടി കക്ഷത്തിങ്ക-
ലിടുക്കിക്കൊണ്ട്..” ”
ഭാര്യയുടെ നിര്‍ബന്ധ പ്രകാരം ഭഗവാന് കൃഷ്ണനെ കാണുവാന്‍ ദ്വാരകാ പുരിയിലേക്ക് പുറപ്പെട്ട സുദാമാവിന്റെ രൂപമാണ് രാമപുരത്തുവാര്യര്‍ വരച്ചിട്ടത്. സുദാമാവ് ഭഗവാന് കൃഷ്ണന്റെ, സാന്ദീപനിമഹര്‍ഷിയുടെ ഗുരുകുലത്തിലെ ബാല്യകാല സഹപാഠി. വിദ്യാഭ്യാസത്തിനു ശേഷം രണ്ടുപേരും വഴിപിരിയുകയും ഭഗവാന് പിന്നീട് ദ്വാരകയിലെ രാജാവും സുദാമാവ് പോര്‍ബന്തറിലെ ഏറ്റവും ദരിദ്രനായ ഗൃഹസ്ഥനുമായിത്തീര്‍ന്നു.
ദ്വാരകയിലെത്തിയ സുദാമാവിനെ ഗോപുരവാതില്ക്കല് കണ്ടമാത്രയില്‍തന്നെ ഭഗവാന് മാളികപ്പുറത്തുനിന്ന് ഇറങ്ങിവന്ന് എതിരേറ്റ് ലക്ഷ്മീമഞ്ചത്തിലിരുത്തി സര്‍വ്വോപചാരങ്ങളും നല്കി സ്വീകരിയ്ക്കുന്ന വൃത്താന്തവും രാമപുരത്തു വാര്യര്‍ വിവരിക്കുന്നുണ്ട്. ദ്വാരകയില്‍ രുഗ്മിണി-സത്യഭാമമാരുടെ പരിചരണങ്ങള്‍ ഏറ്റുവാങ്ങുവാന്‍ അധികാരമുള്ള ഒരേ ഒരു വ്യക്തി ഭഗവാന് ശ്രീകൃഷ്ണന് മാത്രമാണെന്നിരിക്കെ, ഭഗവാന് തന്നെ കുചേലനെ പരിചരിക്കുന്നതിന് രുഗ്മിണീ സത്യഭാമമാരെ നിയോഗിച്ച കാര്യവും, ഭഗവാന്‍തന്നെ സുദാമാവിന്റെ കാലുകഴുകിച്ചാദരിച്ചതും മറ്റും മറ്റും കവിതയില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഇത്രയധികം ഭഗവാന് പ്രിയപ്പെട്ട ഭക്തനും പൂര്‍വ്വകാലസഹപാഠിയുമായ കുചേലന് ചരിത്രം ഇന്നും എന്തുകൊണ്ട് ഒരു തെരുവുയാചകന്റെ പരിവേഷം മാത്രം നല്കിയിരിക്കുന്നു എന്ന് മനസ്സിലാകുന്നില്ല.
സുദാമാവ് വളരെ ദരിദ്രനായിരുന്നിട്ടും ആകാരഭംഗിയില്ലാതിരുന്നിട്ടും ബാല്യകാലസഖാവ് എന്ന നിലയില്‍ ഭഗവാന് കുചേലന് ഹൃദ്യമായ സ്വീകരണം നല്കി എന്നും ഭഗവാന്റെ ഭക്തമാരോടുള്ള സമീപനം സദാ അപ്രകാരമായിരിക്കും എന്ന് ഉദ്ഘോഷിച്ചുകൊണ്ട് ഭഗവാന്റെ മഹത്വം പ്രതിപാദിക്കുന്നതിനിടയില്‍ ചില കവികളും കഥാകാരന്മാരും പ്രഭാഷകരും സുദാമാവിന്റെ പ്രാധാന്യം കുറച്ചു കാട്ടിയില്ലേ എന്നു സംശയിക്കണം. ശ്രീ മഹാഭാഗവതത്തില്‍ സവിസ്തരം പ്രതിപാദിക്കുന്ന സുദാമാചരിതത്തിന് ഇതിനപ്പുറം താത്വികവും താന്ത്രികവുമായ വശങ്ങളിലേക്ക് കടക്കേണ്ടതുണ്ട്.
കേരളത്തിന് പുറത്ത് സുദാമ ബ്രാഹ്മണനെ ഭക്ത്യാദരപൂര്‍വ്വം കാണുന്ന ഒരു സംസ്കാരമാണുള്ളത്. ഗുജറാത്തിലെ പോര്‍ബന്തറില്‍ സുദാമാവിന്റെ പ്രധാനപ്രതിഷ്ഠയോടെയുള്ള ഒരു ക്ഷേത്രമുണ്ട് എന്നത് പലര്‍ക്കും പുതിയ അറിവായിരിക്കും. ഗാന്ധിജിയുടെ ജന്മഗൃഹത്തിന് ഏറെ അകലെയല്ലാതെ സുദാമാവ് മദ്ധ്യത്തിലും വലതുവശത്ത് ശ്രീകൃഷ്ണപരമാത്മാവും ഇടതുവശത്ത് സുദാമാപത്നി സുശീലാദേവിയും ചേര്‍ന്ന് നില്ക്കുന്ന വിഗ്രഹങ്ങളോടെയുള്ള ഒരു പ്രൗഢഗംഭീര ക്ഷേത്രം. വെണ്ണക്കല്ലില്‍തീര്‍ത്തഗോപുരത്തോടെയുള്ള ശ്രീകോവിലിലെ സുദാമാ വിഗ്രഹം കണ്ടാല്‍, ഭഗവാന് കൃഷ്ണന് കൊടുംകാലുകുത്താതെ ഓടക്കുഴലില്ലാതെ നിവര്ന്നുനിന്നാലെപ്രകാരമോ അതുതന്നെയെന്നു തോന്നും. നീണ്ടുമെലിഞ്ഞ് ഉണങ്ങിയ, കൂനിക്കൂടിയ കഷണ്ടി മനുഷ്യനല്ല അവിടെ വിഗ്രഹിച്ചിരിക്കുന്ന സുദാമാവ്,.
ഉത്തരഭാരതത്തിലെ പല ക്ഷേത്രങ്ങളിലെയും പോലെ സാക്ഷിഗോപാലന്റെ ഒരു ഉപക്ഷേത്രവും ഇവിടെയുണ്ട്. മരണാനന്തരം ഭൂമിയിലെ ജീവിതത്തില്‍ നാം ഓരോരുത്തരും ചെയ്തിട്ടുള്ള പുണ്യപാപങ്ങളെ തുലനം ചെയ്ത് നരക ജീവിതവും സ്വര്‍ഗ്ഗപ്രവേശവും വിധിക്കുന്ന ചിത്രഗുപ്തന് നാം നടത്തിയ പുണ്യസ്ഥല സന്ദര്‍ശനങ്ങളെക്കുറിച്ചുള്ള രേഖകള്‍ നല്‍കുന്നതിനും ശിക്ഷയുടെ കാഠിന്യം കുറയ്ക്കുന്നതിനുമാണ് പുണ്യധാമങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടുത്തെ സാക്ഷിഗോപാലനേയും നാം വണങ്ങുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.
സുദാമാവ് ദരിദ്രനും ദുര്‍ബലനുമായതുകൊണ്ട് ആര്‍ക്കും അവഹേളിക്കാമെന്ന ധാരണയുള്ളതുകൊണ്ട് മാത്രമാണ് കുചേലന് ഭഗവാന് കാഴ്ചവസ്തുവായി കരുതിയ അവല്‍പ്പൊതി കക്ഷത്തിലിടുക്കിയതായി പറയുന്നത്. കേരളത്തിലെവിടെയും കക്ഷത്തില്‍ വച്ച സാധനം നിവേദിക്കുന്നതിനായി ആരും നല്‍കാറില്ല, എന്നുമാത്രമല്ല. അത് അശുദ്ധമായിട്ടാണ് കണക്കാക്കുന്നതും. ഭാഗവതത്തിലൊരിടത്തും കല്ലും നെല്ലും ഉള്‍ക്കൊള്ളുന്ന അവലാണ് കുചേലന് ഭഗവാന് നല്കുവാന് കരുതിയത് എന്നും പരാമര്‍ശമുള്ളതായി കേട്ടിട്ടില്ല. ആ അവല്‍പ്പൊതിയില്‍ കല്ലും നെല്ലും ചിലര്‍ കണ്ടെത്തിയതിന്റെ പൊരുളും മനസ്സിലാകുന്നില്ല. ഇക്കാലത്ത് മലര് നിവേദ്യത്തിന്റെ കാര്യത്തില്‍ ചിലപ്പോഴത് ശരിയായിരിക്കാം. പാതിവൃത്യത്തിന്റെ കാര്യത്തിലും ഭക്തിയുടെ കാര്യത്തിലും സാവിത്രിയുടേയും ശീലാവതിയുടേയും ഗണത്തില്‍ തന്നെ പെടുത്താവുന്ന സുശീലാദേവി തീരെ അശ്രദ്ധമായിട്ടാണ് അവല് പൊതി കൊടുത്തുവിട്ടതെന്ന് കരുതുന്നതും യുക്തിപ്രകാരം നോക്കിയാല്‍ കടന്ന കൈയാണ്. വ്രജഭാഷയില്‍ സുദാമാ എന്ന വാക്കിന്റെ അര്‍ത്ഥം സ്വപ്രയത്നംകൊണ്ട് സാമര്‍ത്ഥ്യം തെളിയിച്ച വ്യക്തി എന്നാണ്. ഭഗവാന് കൃഷ്ണനോടൊപ്പം കുറച്ചുനാള്‍ ഭൂമിയില്‍ മനുഷ്യരൂപത്തില്‍ ജീവിക്കണമെന്ന ആഗ്രഹത്തോടെ നാരദമഹര്‍ഷി സുദാമാവായി പിറന്നതാണെന്നും ഐതിഹ്യമുണ്ട്. ഇത്തരത്തിലൊരു കഥാപാത്രത്തെയാണ് നാം ‘എങ്ങനെയോ ദാരിദ്ര്യദൈന്യത്തിന്റെ മൂര്‍ത്തിയാക്കിയത്.
ഭഗവാന് ശ്രീകൃഷ്ണന്റെ ഉറ്റസതീര്‍ത്ഥ്യന്റെ പ്രാധാന്യം യഥാതഥമായി അടുത്ത തലമുറയില്‍പ്പെട്ടവരെയെങ്കിലും അറിയിക്കുവാന്‍ നമുക്കെന്തെങ്കിലും ചെയ്യേണ്ടതില്ലേ. ബാല്യകാലസുഹൃത്തുക്കള്‍ ജീവിതസായാഹ്നത്തില്‍ ഒത്തുചേരുന്ന ചരിത്രാതീതസംഭവം എന്ന നിലയില്‍ കുചേലദിനം സൗഹൃദദിനമായോ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമദിനമായോ ആചരിക്കുന്നതിന് ഭാരതീയ സംസ്കാരത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കുന്ന ഏവര്‍ക്കും പ്രചോദനമരുളേണ്ടതാണെന്ന് ബാലഗോകുലത്തിന്റെ ആചാര്യന് എംഎ സാര്‍ എന്ന എം. എ. കൃഷ്ണന് അഭിപ്രായപ്പെടുന്നു.
കൂടുതല്‍ കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് കഥകളി വേഷങ്ങളില്‍ കുചേലന് ഒരു ശക്തനായ കഥാപ്രാത്രമാണെന്നും അടുത്തകാലത്താണ് കുചേലന്റെ വേഷത്തിന് വൈരൂപ്യം അധികരിച്ചു തുടങ്ങിയതെന്നും കേരളാ യൂണിവേഴ്സിറ്റി മലയാളവിഭാഗം മുന്‍ ഡീനും പ്രശസ്ത ആട്ടക്കഥാകൃത്തുമായ പ്രൊഫ. ഡോ. പി. വേണുഗോപാല്‍ പറയുന്നു. ഭഗവദ് കഥകളില്‍ സുദാമാബ്രാഹ്മണന് അര്‍ഹമായ പ്രാധാന്യം ലഭിച്ചിട്ടുണ്ടോ എന്ന് സാഹിത്യ ലോകവും സാംസ്കാരിക കേരളവും ഗവേഷണങ്ങളും പഠനങ്ങളും നടത്തേണ്ട വിഷയമാണെന്നുമുള്ള അഭിപ്രായത്തോട് അദ്ദേഹവും യോജിച്ചു. ‘ശ്രീകൃഷ്ണലീല’ എന്ന അദ്ദേഹത്തിന്റെ ആട്ടക്കഥ ലോകത്തെമ്പാടുമുള്ള നൂറുകണക്കിന് വേദികളില്‍ ആടിത്തീര്ന്നിട്ടുള്ള കാര്യം നമുക്കറിയാം. ഭഗവാന്റെ ബാല്യകാലലീലകള്‍ നേരിട്ട് ബോധ്യപ്പെട്ട് കഥകളിയിലൂടെ പ്രേക്ഷകലക്ഷങ്ങളിലെത്തിക്കാന് ഭാഗ്യം ലഭിച്ച അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമല്ലാതാകാന് വഴിയില്ല.
ഗുജറാത്തില്‍ സുദാമാ ബ്രാഹ്മണന് ക്ഷേത്രങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ പേരു കേള്‍ക്കുമ്പോള്‍തന്നെ ഭക്ത്യാദരപൂര്‍വ്വം വാചാലരാകുന്ന ഗുജറാത്തി സുമനസ്സുകളുണ്ടെന്നും വിശദീകരിച്ചത് മലയാളിയും ബറോഡാ യൂണിവേഴ്സിറ്റിയിലെ ഫിലോസഫി പ്രൊഫസറുമായ ഡോ. ഗിരീഷാണ്. കുചേലന്റെ ജന്മനാട്ടില് അദ്ദേഹത്തിന് അര്‍ഹമായ ആദരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ കേരളത്തിലുള്ളവരുടെ മനസ്സിലും അപ്രകാരമൊരു സ്മരണ എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. ഹനുമദ് പ്രീതികൊണ്ട് ശ്രീരാമചന്ദ്രന്റെ അനുഗ്രഹം ലഭിക്കുമെങ്കില്‍, നന്ദികേശപ്രീതികൊണ്ട് കൈലാസനാഥനില്നിന്നും കാര്യസിദ്ധി ലഭിക്കുമെങ്കില്‍, സുദാമാവിനെ പ്രീതിപ്പെടുത്തിയാല്‍ ദ്വാരകാപതിയുടെ അനുഗ്രഹം തീര്‍ച്ചയായും ലഭിക്കുമെന്ന വിശ്വാസവും അദ്ദേഹം പങ്കുവെച്ചു.
കേരളത്തിലെ കുചേല വിഗ്രഹസ്ഥാനത്ത് സുദാമാവ് പ്രതിഷ്ഠിക്കപ്പെടേണ്ടതുണ്ട്. അതിന് സാഹിത്യനായകന്മാരും ശ്രീകൃഷ്ണഭക്തന്മാരും മുന്‍വിധി കൂടാതെയും ഗൗരവത്തോടുകൂടിയതുമായ ഒരു പഠനം നടത്തി തിരുത്തലുകള്‍ക്ക് തയ്യാറാകേണ്ടതുണ്ട്. അതിന് സുദാമാപുരിയില് നിന്നും ദ്വാരകാപുരിവരെയുള്ള പരശ്ശതം കിലോമീറ്ററുകള്‍ സഞ്ചരിച്ചേ മതിയാകൂ.ഭഗവാന് സുദാമാവിനോടുള്ള ഗാഢസ്നേഹം മനസ്സിലാക്കുന്നതിന് സംസ്കൃതം-മലയാളം ഭാഗവതത്തില്‍ ഇല്ലാത്തതും അന്യഭാഷാഭാഗവതത്തിലുള്ളതുമായ ഒരു സംഭവം ഇങ്ങനെയാണ്:
സുദാമാവ് ദ്വാരകയിലെത്തിയ ദിവസം ഭഗവാന് ഉടുക്കുന്നതിന് ഒരു പട്ടുവസ്ത്രം നല്കുകയുണ്ടായി. സുദാമാവിന് അതൊരു പുതിയ അനുഭവമായിരുന്നു. സുശീല പറഞ്ഞയച്ചപോലെ ഭഗവാനോട് യാതൊരു ദ്രവ്യവും ചോദിക്കുവാന്‍ പറ്റാത്ത സ്ഥിതിക്ക് ഭഗവാന് തനിക്കിത് നല്കിയ ദാനമാണെങ്കില്‍ അതിരിക്കട്ടെ എന്ന സന്തോഷത്തോടെ അന്നദ്ദേഹം കൊട്ടാരത്തില്‍ അന്തിയുറങ്ങി. പിറ്റേദിവസം മടക്കയാത്രയ്ക്ക് ഒരുങ്ങിയപ്പോള്‍ ഭഗവാന് കുചേലന് നല്കിയ പട്ടുവസ്ത്രം തിരികെ നല്കുവാന് ആവശ്യപ്പെട്ടപ്പോള്‍ കുചേലനുണ്ടായ ജാള്യത തെല്ലൊന്നുമല്ല. സുദാമാവ് അഴിച്ചുനല്‍കിയ വസ്ത്രം മടക്കി തന്റെ മാറോടണച്ച് ഭഗവാന് സുദാമാവിനോടിങ്ങനെ പറയുന്നു. ”അല്ലയോ സുദാമാവേ എത്ര വര്‍ഷങ്ങള്‍ക്കുശേഷമാണ് നാം ഇപ്പോള്‍ കണ്ടുമുട്ടുന്നത്. ഇനി എന്ന് തമ്മില്‍ കാണാനാവുമെന്ന് നിശ്ചയമില്ല. അതുകൊണ്ട് അങ്ങ് ഇവിടെ വന്ന് സൗഹൃദസ്മരണകള്‍ പുതുക്കിയതിന്റെ മധുരിക്കുന്ന ഓര്‍മ്മകളെ താലോലിക്കുന്നതിനുവേണ്ടി എന്നെന്നും സൂക്ഷിക്കുന്നതിനായിട്ടാണ് അങ്ങ് ധരിച്ച്, അങ്ങയുടെ ശരീര സ്പര്‍ശമേറ്റ ഈ വസ്ത്രം ഞാന്‍ തിരിച്ചുവാങ്ങുന്നത്”. ഭഗവാന്റെ ഈ പ്രസ്താവന കേട്ട മാത്രയില്‍ ഭഗവാന് തന്നോടുള്ള സ്നേഹാദരങ്ങളെപ്പറ്റി ബോദ്ധ്യമാകുകയും സുദാമാവ് സന്തോഷാശ്രുക്കള്‍ ചൊരിഞ്ഞു എന്നും തുടര്‍ന്ന് പറയുന്നു.
പ്രാഥമികവിദ്യാഭ്യാസകാലത്തുണ്ടായിരുന്ന സുഹൃദ്ബന്ധം പലപതിറ്റാണ്ടു കഴിഞ്ഞും മറക്കാതെ നിലനിര്‍ത്തിയ കൃഷ്ണ-കുചേല സംഗമം പല കാരണങ്ങളാല്‍ ഏറെ പ്രസക്തമാണ്.
ആദ്യത്തെപൂര്വവിദ്യാര്ത്ഥിസംഗമം
കുചേലന് എന്ന് ഏറെ അറിയപ്പെട്ട സുദാമാവ് ആരായിരുന്നു. സുദാമാവ് ഭഗവാന് ശ്രീകൃഷ്ണന് സഹപാഠി മാത്രമായിരുന്നോ. കുചേലന് ദാരിദ്ര്യത്തിന്റെ പ്രതീകമോ പരമ ഭക്തിയുടെ പ്രതിപരുഷനോ. കുചേല-ശ്രീകൃഷ്ണ സൗഹാര്‍ദ്ദത്തിന്റെ അകം പൊരുളെന്തായിരുന്നു?
നാരദമുനിയെ വെറും ഏഷണിക്കാരനായി കാണുന്ന-കാണിക്കുന്ന, 99 യാഗങ്ങള്‍ നടത്തി ദേവപദത്തിനടുത്തെത്തിയ മഹാബലിയെ വെറും കുടവയറനായി ചിത്രീകരിക്കുന്ന- പ്രചരിപ്പിക്കുന്ന മലയാളത്തിന്റെ മനസ്സിലെവിടെയോ എങ്ങനെയോ കയറിക്കൂടിയ തെറ്റായ ചിത്രമാണ് കുചേലനെന്ന ദൈന്യ രൂപം.
അതിനപ്പുറം കുചേലനെ അറിയാന്‍, സുദാമാവിനെ മനസിലാക്കാന്‍, ആ ജീവിതത്തിന്റെ സന്ദേശം സൂക്ഷ്മമായി വ്യക്തമാക്കാനാണ് അമ്പലപ്പുഴ കേന്ദ്രീകരിച്ചുള്ള കുചേല ദിനാഘോഷക്കമ്മിറ്റിയുടെ പരിശ്രമം. ഈ വര്‍ഷം ഡിസംബര്‍ 23-ന് അമ്പലപ്പുഴയില്‍ ശ്രീകൃഷ്ണ-സുദാമാ സംഗമ ആഘോഷിക്കുമ്പോള്‍ അത് പുതിയൊരു തുടക്കമാകും.
ഒരുപക്ഷേ, ഇന്ന് ഏറെ പ്രചാരത്തിലുള്ള പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ പൂര്വരൂപമെന്നോ ആദിരൂപമെന്നോപോലും വിശേഷിപ്പിക്കാവുന്ന ഈ ദിനാഘോഷത്തിലൂടെ സൗഹാര്‍ദ്ദത്തിലെ സഹായവും സേവനമനസ്സും പരസ്പര ധാരണ വളര്‍ത്തലും സഹകരണ മനസ്സുണ്ടാക്കലും തുടങ്ങി ഒട്ടേറെ സാമൂഹ്യ നന്മയുടെ സന്ദേശമായിരിക്കും പ്രചരിപ്പിക്കപ്പെടുക. ഡിസംബര്‍ 23-ന് അമ്പലപ്പുഴയില്‍ നടക്കുന്ന സിമ്പോസിയം വിഷയമാകുന്നത് ആ നന്മകളാണ്. ആഘോഷക്കമ്മിറ്റി രക്ഷാധികാരി ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ജന്മഭൂമി എഡിറ്റര്‍ ലീലാ മോനോന്, പ്രൊഫ. ടോണിമാത്യു, എം. എ. കൃഷ്ണന്, വൈക്കം ഗോപകുമാര്‍ തുടങ്ങിയവര്‍ സിമ്പോസിയത്തില്‍ പങ്കെടുക്കും
. ടി. ആര്. രാജീവാണ് സമിതി ചെയര്മാന്. ജനറല്‍ കണ്‍വീനര്‍ പി. പ്രേംകുമാറും.
ഒരുപക്ഷേ, കേരളം കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത, യഥാര്‍ത്ഥ സുദാമാവിനെ അമ്പലപ്പുഴയില്‍ കാണാം. ഭക്തിയുടെ പര്യായമായിരുന്ന, വിശ്വാസത്തിന്റെ ആള്‍രൂപമായിരുന്ന, വിപ്ലവത്തിന്റെ വീരപുത്രനായിരുന്ന സുദാമാവിനെ, ചരിത്രത്തിന്റെയും തെളിവുകളുടെയും വെളിച്ചത്തില്‍ അന്ന് മലയാളത്തിന് തിരിച്ചറിയാം.
പ്രേമകുമാര്‍: 9388463613
പ്രതികരിക്കാൻ ഇവിടെ എഴുതുക: