ആലപ്പുഴ: കാലിത്തീറ്റയിലുണ്ടായ വന്‍ വിലവര്‍ദ്ധനവ് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കി. സ്വകാര്യ മേഖലയെ സഹായിക്കാനാണ് യാതൊരു മാനദണ്ഡവും പാലിക്കാതെയുള്ള വിലവര്‍ദ്ധനവെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഒന്നരമാസത്തിനിടെ കാലിത്തീറ്റ വിലയിലുണ്ടായത് 125 രൂപയുടെ വര്‍ധനവാണ്. അന്‍പത് കിലോഗ്രാമിന്റെ ഒരു ചാക്ക് കാലത്തീറ്റയ്ക്ക് 960 രൂപയായാണ് വില കുതിച്ചുകയറിയത്.
ഇതോടെ ഒരു ലിറ്റര്‍ പാലിന്റെ ശരാശരി ഉത്പാദനച്ചെലവ് 40 രൂപയായായി കേരള അഗ്രസീവ് ഡയറി ഫാര്‍മേഴ്സ് അസോസിയേഷന്പറഞ്ഞു. എന്നാല്‍ മില്‍മ നല്‍കുന്നത് 29 രൂപയാണ്. സര്‍ക്കാര്‍ മേഖലയില്‍ നാല് കാലിത്തീറ്റ നിര്‍മാണശാലകളും സ്വകാര്യമേഖലയില്‍ ഒരെണ്ണവുമാണുള്ളത്. എന്നാല്‍, ഏറ്റവും കൂടുതല്‍ കാലിത്തീറ്റ ഉത്പാദനം നടത്തുന്നത് സ്വകാര്യ കമ്പനിയാണ്. ഇത് ഒത്തുകളിയുടെ പ്രകടമായ തെളിവാണെന്നും ഈ കമ്പനിക്കുവേണ്ടിയാണ് കാലിത്തീറ്റവില അടിക്കടി വര്‍ധിപ്പിക്കുന്നതെന്നും അസോസിയേഷന് കുറ്റപ്പെടുത്തി.
അന്യസംസ്ഥാനങ്ങളില്‍നിന്ന് ഗുണനിലവാരം കുറഞ്ഞ പാല്കൊണ്ടുവന്നാണ് പലരും വിപണനം നടത്തുന്നത്. കൃത്രിമമായി നിര്‍മിക്കുന്ന പാലും വില്പനയ്ക്ക് എത്തുന്നുണ്ട്. ഇവ പിടികൂടാന്‍ ഗുണനിലവാര പരിശോധനകള്‍ നടക്കുന്നില്ലെന്നാണ് മറ്റൊരു പരാതി. പരമാവധി 48 മണിക്കൂറാണ് പാല് കേട് കൂടാതെ സൂക്ഷിക്കാന്‍ കഴിയുന്നത്. എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വരുന്ന കൃത്രിമപാല് നിരവധി ദിവസങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കാന്‍ കഴിയുന്നു. ഇതില്‍ ചേര്‍ക്കുന്ന ഫോര്‍മാലിന്‍ അടക്കമുള്ള കെമിക്കലുകള്‍ അത്യന്തം ഹാനികരമാണ്.
കന്നുകാലി ഇന്‍ഷുറന്‍സ് പ്രീമിയം 400 രൂപയില്‍നിന്ന് 1,600 രൂപയായി ഉയര്‍ത്തി. ഒരു പശുവിന്റെ പരമാവധി ഇന്‍ഷുറന്‍സ് തുക 35,000 രൂപയാണ്. എന്നാല്‍, ഒരു പശുവിന്റെ ശരാശരി മാര്‍ക്കറ്റ് വില 50,000 രൂപയാണെന്നും കര്‍ഷകര്‍ പറയുന്നു. പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടും കുളമ്പുരോഗം പിടിപെട്ട് പശുക്കള്‍ ചത്തുപോകുന്നതായും കഴിഞ്ഞ സീസണിലുണ്ടായ വന്നഷ്ടത്തിന് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: