പത്തനംതിട്ട: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വ മുന്നേറ്റയാത്ര ആസുരികതയ്ക്കെതിരേയുള്ള ദൈവീകതയുടെ ശംഖനാദമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് പറഞ്ഞു. പത്തനംതിട്ടയില്‍ സമത്വ മുന്നേറ്റ യാത്രയ്ക്ക് നല്കിയ സ്വീകരണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അനീതിക്കെതിരേയുള്ള നീതിയുടെ യാത്രയാണിത്. ഈ യാത്രയിലൂടെ ഒരു പുതിയ രാഷ്ട്രീയ കേരളം ഉണ്ടാകുന്നതില്‍ വിറളിപൂണ്ടവരാണ് ആരോപണങ്ങളുമായി യാത്രനായകനെ എതിരിടുന്നത്. കേരളത്തിന്റെ ചരിത്രം ഗുരുദേവനെ മറന്നുകൊണ്ട് പഠിക്കാന്‍ സാധ്യമല്ല. ഗുരുദേവനെ നിന്ദിച്ചവര്‍ക്ക് ഒരുകാലത്തും കേരളം മാപ്പുനല്‍കില്ല. വിപ്ലവ വായാടികള്‍ ഗുരുദേവനെ നിന്ദിക്കുന്നത് ആദ്യമായല്ല. ശ്രീനാരായണ ഗുരുദേവനെ മാത്രമല്ല സമൂഹത്തിലെ സമാരാധ്യരായ ആചാര്യന്മാരെയെല്ലാം ഇവര്‍ ആക്ഷേപിച്ചിട്ടുണ്ട്. മാതാ അമൃതാനന്ദമയി ദേവിയെ ആള്‍ദൈവമെന്ന് ആക്ഷേപിക്കുന്നവര്‍ ഇതര മതസ്ഥരായവരെ വിശുദ്ധരായി വാഴ്ത്തുന്നു. 1957 മുതല്‍ ഇതുവരെയുള്ള സര്‍ക്കാരുകള്‍ ഭൂരിപക്ഷസമുദായത്തെ പീഡിപ്പിക്കുകയും ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുകയുമാണ്. രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട്, സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ട് തുടങ്ങിയവ നടപ്പാക്കാന്‍ വെമ്പുന്നവര്‍ ഭൂരിപക്ഷത്തിന് അനുകൂലമായി വന്ന ഒരു റിപ്പോര്‍ട്ടും നടപ്പാക്കാന്‍ തയ്യാറാകുന്നില്ല.സംഘടിത മനന്യൂനപക്ഷത്തിന്റെ ആരാധനാലയങ്ങള്‍ അവര്‍ ഭരിക്കുമ്പോള്‍ ഹിന്ദുക്കളുടെ ആരാധനാലയങ്ങളുടെ സമ്പത്തു കവരുകയാണ് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ചെയ്യുന്നത്. രാഷ്ട്രീയത്തില്‍ ഒന്നുമാകാതെ പോകുന്ന കടല്ക്കിഴവന്മാരെ പ്രതിഷ്ഠിക്കുവാനുള്ള താവളമായി ദേവസ്വം ബോര്‍ഡുകള്‍ മാറിയിരിക്കുന്നു. ഒരു ക്ഷേത്ര വിമോചന പ്രസ്ഥാനം ഉയര്‍ന്നുവരേണ്ട കാലം അതിക്രമിച്ചതായും അദ്ദേഹം പറഞ്ഞു.
ധര്‍മ്മ സംരക്ഷണത്തിന് വേണ്ടിയുള്ള യാത്രയാണിതെന്ന് യോഗം ഉദ്ഘാടനം ചെയ്ത യോഗക്ഷേമ സഭ സംസ്ഥാന അദ്ധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസഭട്ടതിരി പറഞ്ഞു. അധികാരത്തിലിരിക്കുന്ന ഇരു മുന്നണികളും ഹിന്ദുവിന് നിഷേധിച്ചത് നേടിയെടുക്കാനുള്ള യാത്രയാണിത്. കേരളത്തിലെ മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള ധര്മ്മയുദ്ധമാണിത്. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ജനകീയമായ പോരാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചാതുര്വണ്യമിപ്പോള് ഇടതുപക്ഷത്തിന്റേയും ഉമ്മന്‍ചാണ്ടിയുടേയും മനസ്സിലാണെന്നും കെപിഎംഎസ് സംസ്ഥാന സെക്രട്ടറി തുറവൂര്‍ സുരേഷ് പറഞ്ഞു. രണ്ടാം നവോത്ഥാന സമരമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.പിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു അദ്ധ്യക്ഷതവഹിച്ചു. മാമ്പറ്റ കൃഷ്ണന് നമ്പൂതിരി, എസ്എന്‍ഡിപിയോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ.നീലകണ്ഠന്‍മാസ്റ്റര്‍, അരയക്കണ്ടി സന്തോഷ്, സി.എസ്.നായര്‍,അഡ്വ.സുഭാഷ് നായരമ്പലം, ഐ.ബാബു, തഴവ സഹദേവന്, എം.വി.ജയപ്രകാശ്, പി.ശശികുമാര്‍, പ്രീതി നടേശന്, വാസുദേവന്‍ നമ്പൂതിരി, ഗോപകുമാര്‍, അഡ്വ.ടി.എന്‍.രാജന്, തുടങ്ങി വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് കിഴക്കുഭാഗത്ത് തയ്യാറാക്കിയ പന്തല്‍ പത്തുമണിയായപ്പോഴേക്കും നിറഞ്ഞുകവിഞ്ഞു. ജാഥാനായകനെത്തിയപ്പോഴേക്കും പന്തലിന് പുറത്തേക്കും ആള്‍ക്കൂട്ടം വ്യാപിച്ചു. യാത്രാനായകനെ പുഷ്പപാതയൊരുക്കിയാണ് വേദിയിലേക്ക് ആനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: