ശബരിമല യാത്രയിലെ അയ്യപ്പന്മാരുടെ മാഹാത്മ്യമേറിയ ഇരുമുടിക്കെട്ട് അഥവാ പള്ളിക്കെട്ട് സുപ്രധാന പങ്കുവഹിക്കുന്നു. സുകൃത ദുഷ്‌കൃതങ്ങളുടെ സഞ്ചിതമായ ഈ ഇരുമുടിക്കെട്ട് ഒരു പ്രത്യേക മുദ്രയാണ്. ശബരിമലയാത്രയില്‍ മാത്രമേ ഈവിധത്തിലുള്ള കെട്ടുകാണുകയുള്ളൂ.
ഇരുമുടിക്കെട്ടിന്റെ തത്വം
മനുഷ്യജീവിതം വിവിധതരം കര്‍മങ്ങള്‍ നിറഞ്ഞതാണ്. കര്‍മങ്ങള്‍ക്കെല്ലാം കര്‍മഫലങ്ങളും ഉണ്ട്. അതുപോലെ ഏതു കര്‍മത്തിനും പ്രതികര്‍മവും സുനിശ്ചിതമായുണ്ട്. മൂന്നെണ്ണമാണ് കര്‍മപദ്ധതിയില്‍ കാണുന്നത്. കര്‍മം, ഫലം, ഭോഗം. ജീവിതത്തില്‍ എന്തുനേടണമെങ്കിലും അതിനനുസൃതമായ പ്രവര്‍ത്തി ആവശ്യമാണ്. നേടുന്നതും നഷ്ടപ്പെടുന്നതും പ്രവൃത്തിഫലങ്ങള്‍ തന്നെ.
കര്‍മം ചെയ്താലുടന്‍ നമുക്കുകിട്ടുന്ന കര്‍മഫലത്തെയല്ലെ, മറിച്ച് ഏതെങ്കിലും അനുഭവം പിന്നീടുണ്ടാകുമ്പോള്‍ ആ അവസ്ഥയെ പുണ്യം-പാപം, ധര്‍മം-അധര്‍മം, ഗുണം-ദോഷം എന്നിങ്ങനെ രേഖപ്പെടുത്തി വിലയിരുത്തുന്നു. ഇങ്ങനെ ചിന്തിക്കുമ്പോള്‍ ഒരു വ്യക്തി അനുഭവിക്കുന്ന സുഖദുഃഖങ്ങളെ കര്‍മഭോഗങ്ങളെന്നു വിശേഷിപ്പിക്കുന്നു. ഓരോ മനുഷ്യന്റെയും കര്‍മവും അതില്‍നിന്നുണ്ടാകുന്ന കര്‍മഫലങ്ങളും അവയില്‍നിന്നും സംജാതമാകുന്ന ഭോഗങ്ങളുമാണ് മനുഷ്യനെ ഈശ്വരപ്രാപ്തിയില്‍നിന്നും അകറ്റി പ്രപഞ്ചത്തിന്റെ സൃഷ്ടിപ്രക്രിയയില്‍ ഒരു ഘടകമാക്കി നിത്യദുഃഖത്തിനു വിധിക്കപ്പെടുന്നത്.
കര്‍മഫലഭോഗങ്ങളില്‍നിന്നും മോചിച്ച് പരമമായ മുക്തിയെന്ന ലക്ഷ്യത്തില്‍ ഒരുവനെ കൊണ്ടെത്തിക്കുമ്പോള്‍ മാത്രമേ ദുരിതമോചനം സാധ്യമാകുന്നുള്ളൂ.
കര്‍മങ്ങളെ ത്യജിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ കര്‍മത്തില്‍നിന്നും ഉണ്ടാകുന്ന ഫലങ്ങളെ ത്യജിക്കുക. അത് പാപമാകാം. പുണ്യമാകാം. ഇരുമുടിക്കെട്ട് ഈ പാപപുണ്യങ്ങളുടെ കെട്ടാണ്. ഇവ ഈശ്വരാര്‍പ്പിതമായി സമര്‍പ്പിക്കുന്ന അതിശ്രേഷ്ഠമായ ഒരു ചുമടാണ് ഇരുമുടിക്കെട്ടുമായുള്ള യാത്ര ”ഓരോരുത്തരും ചെയ്യുന്ന സര്‍വവിധമായ കര്‍മങ്ങളുടെയും ഫലമായ പുണ്യപാപങ്ങളെ ഞാന്‍ രണ്ടു കെട്ടുകളാക്കി ഫലചിന്തയെ ത്യജിക്കുന്ന സ്ഥാനമായ ശിരസ്സില്‍ വെച്ചുകൊണ്ട് ഫലങ്ങളെ പ്രദാനം ചെയ്യുന്നവനായ പരബ്രഹ്മത്തിന്റെ സമക്ഷം എത്തുകയാണ് എന്ന് വിളംബരം ചെയ്യുന്ന പുണ്യകര്‍മമാണ് പള്ളിക്കെട്ടുമായുള്ള യാത്ര.
അയ്യപ്പന്‍
അയ്യാ എന്നത് തമിഴ്പദമാണ്. അര്‍ത്ഥം വലിയവന്‍ എന്നാണ്. ജടാവല്‍ക്കലങ്ങള്‍ ധരിച്ച് യോഗപട്ടവും ചിന്‍മുദ്രയുമായി ഇരിക്കുന്ന അയ്യപ്പന്‍ മലയാളത്തിലേക്ക് കുടിയേറിപ്പാര്‍ത്ത ശബ്ദമാണ്.
ധര്‍മശാസ്താവ്
ഈ പദം സംസ്‌കൃതമാണ്. പൂര്‍ണ, പുഷ്‌ക്കല എന്നീ പത്‌നിമാരോടൊപ്പം രാജഭാവത്തില്‍ ധര്‍മശാസ്താവ് വിരാജിക്കുന്നു. പൂജകള്‍ നടത്തുന്നത് ധര്‍മശാസ്താ സങ്കല്‍പ്പത്തിലാണ്. ശൈവാംശമായി ദേവസങ്കല്‍പ്പം കാണുന്നു. കുതിരയെ വാഹനമാക്കിയവനും വനത്തില്‍ വേട്ട നടത്തി ആനന്ദിച്ചിരിക്കുന്നവനാണ്.
ഓം ഭൂതാധിപായ വിദ്മഹേ
മഹാദേവായ ധീമഹി
തന്നഃ ശാസ്താപ്രചോദയാത്ര എന്ന്
ശാസ്താ ഗായത്രി ചൊല്ലുന്നു.
ഹരിഹരസുതന്‍, ശ്രീഭൂതനാഥന്‍, മണികണ്ഠന്‍, സ്വാമി അയ്യപ്പന്‍, ശ്രീ ശബരീശന്‍ എന്നെല്ലാം ഭഗവാനെ സ്തുതിക്കുന്നു.














