ആലപ്പുഴ: നഗരത്തിലും പരിസരപ്രദേശങ്ങളിലും വാഹനങ്ങളുടെ പുകപരിശോധനാകേന്ദ്രങ്ങള്‍ പലതും അനധികൃതമെന്ന ആക്ഷേപമുയരുന്നു. ചില സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെ പരിശോധന നടത്തുന്നതിനിടെയാണ് അനധികൃത സ്ഥാപനങ്ങളും വര്‍ദ്ധിക്കുന്നത്. പരിസരമലിനീകരണം ഒഴിവാക്കുന്നതിനും ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനുമായാണ് സര്‍ക്കാര്‍ വാഹനങ്ങളുടെ പുക പരിശോധന കര്‍ശനമാക്കിയത്.
അനുവദനീയ അളവില്‍ക്കൂടുതലുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്‍പ്പെടെയുള്ള വാതകങ്ങള്‍ വാഹനങ്ങളില്‍ നിന്നും പുറന്തള്ളുന്നത് അതീവഗുരുതരമാണ്. പുകപരിശോധിച്ച് സര്‍ട്ടിഫിക്കറ്റുള്ള വാഹനങ്ങള്‍ മാത്രമേ നിരത്തിലിറക്കാവൂയെന്നാണ് ചട്ടം. പല വാഹനങ്ങളുടെയും നില പരിതാപകരമാണെങ്കിലും കൂടുതല്‍ പണം കൊടുത്താല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ദുരവസഥയാണുള്ളത്.
അതിനാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കുന്ന പുക പരിശോധനാ കേന്ദ്രങ്ങള്‍ പലതും നോക്കുകുത്തിയായി മാറുന്ന അവസ്ഥയാണുള്ളത്. ഡീസല്‍ വാഹനങ്ങളിലെ പുക പരിശോധനയിലാണ് കൂടുതലും തട്ടിപ്പു നടക്കുന്നത്. നഗരത്തില്‍തന്നെ കാര്യമായ പരിശോധന നടത്താതെ സര്‍ട്ടിഫിക്കറ്റു നല്‍കുന്ന ഒന്നിലധികം സ്ഥാപനങ്ങളുണ്ട്. ഡ്രൈവിങ് സ്‌കൂളുകാരും ഇടനിലക്കാരും വാഹനങ്ങള്‍ ഹാജരാക്കാതെ തന്നെ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കുന്നതായി ആക്ഷേപമുണ്ട്.
മോട്ടോര്‍ വാഹന വകുപ്പും പോലീസും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തണമെന്ന ആവശ്യമുയരുന്നു.
















