ചേര്‍ത്തല: മതില്‍ മറിഞ്ഞു വീണുണ്ടായ അപകടത്തില്‍പ്പെട്ട് അരമണിക്കൂറോളം പരിശ്രമിച്ച് അഗ്‌നിശമന സേന പുറത്തെടുത്തയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എക്‌സ്‌റേ എടുത്തത് വീട്ടുകാരെ വിളിച്ചുവരുത്തി പണം അടച്ചതിന് ശേഷം.
നഗരത്തില്‍ ഇന്നലെ വൈകിട്ടുണ്ടായ അപകടത്തില്‍പ്പെട്ട വാരനാട് മറ്റത്തില്‍ മനോഹരന് നെഞ്ചിന്റെ എക്‌സ്‌റേ എടുക്കുന്നതിനാണ് പണം അടയ്‌ക്കുന്നതിനാണ് വീട്ടുകാരെ വിളിച്ചു വരുത്തേണ്ടിവന്നത്. ആശുപത്രിയില്‍ എത്തിച്ച ഉടനെ കൈയുടെയും കാലിന്റെയും എക്‌സ്‌റേ ഇവിടെ തന്നെ എടുത്തു.
എന്നാല്‍ പിന്നീട് നെഞ്ചിന് ക്ഷതമുണ്ടെന്ന സംശയത്തിലാണ് ഡോക്ടര്‍ നെഞ്ചിന്റെ ഭാഗത്തെ എക്‌സ്‌റേ എടുക്കുവാന്‍ പറഞ്ഞത്. എന്നാല്‍ ആശുപത്രിയില്‍ എക്‌സ്‌റേ ഫിലിം തീര്‍ന്നതിനാല്‍ പുറത്ത് സ്വകാര്യ ലാബില്‍ പോയി എക്‌സ്‌റേ എടുക്കണമെന്ന് നഴ്‌സുമാര്‍ പറഞ്ഞു. പരിക്കേറ്റ് അവശനിലയിലായിരുന്നതിനാല്‍ മനോഹരന്റെ കൈവശം പണം ഉണ്ടായിരുന്നില്ല.
പിന്നീട് മറ്റൊരാളുടെ ഫോണില്‍ വീട്ടിലേക്ക് വിളിക്കുകയും ഭാര്യ സലിലയും മകന്‍ അഖിലും ആശുപത്രിയില്‍ എത്തിയതിനുശേഷമാണ് പുറത്തുകൊണ്ടുപോയി എക്‌സ്‌റേ എടുത്തത്.
















