ന്യൂദല്‍ഹി: അമൃത് നഗരം പദ്ധതിയുടെ ആദ്യഗഡുവായി 13 സംസ്ഥാനങ്ങള്‍ക്ക് 1,062 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്തു. കേരളത്തിലെ നഗരങ്ങള്‍ക്ക് 57.60 കോടി രൂപ ലഭിച്ചു. ആദ്യഗഡുവായി പത്തുശതമാനം തുകയാണ് കേരളത്തിന് വിതരണം ചെയ്തത്.
പതിമൂന്ന് സംസ്ഥാനങ്ങളിലെ 286 നഗരങ്ങളില്‍ അമൃത് പദ്ധതി നടപ്പാക്കുന്നതിനായി 11,671.76 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 5311.36 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്.
തമിഴ്നാടിന് 274 കോടിരൂപ, മധ്യപ്രദേശിന് 134കോടിരൂപ, ഗുജറാത്തിന് 113 കോടിരൂപ, പശ്ചിമബംഗാളിന് 110 കോടി, രാജസ്ഥാന് 92കോടി, ആന്ധ്രാപ്രദേശ് 60കോടി എന്നിങ്ങനെയാണ് തുക വിതരണം ചെയ്തത്.
ഈ വര്‍ഷം ജൂണിലാരംഭിച്ച അടല്‍ ദൗത്യത്തിലൂടെ 500 തെരഞ്ഞെടുത്ത നഗരങ്ങളിലെ എല്ലാ കുടുംബങ്ങള്‍ക്കും ജലവിതരണ സംവിധാനം ലഭ്യമാക്കാനും മലിനജലച്ചാലുകള് നിര്‍മിക്കാനും ലക്ഷ്യമിടുന്നു. വെള്ളക്കെട്ടുകള്‍ തടയുന്നതിനുള്ള സംവിധാനം, മോട്ടോര്രഹിത ഗതാഗത സംവിധാനം, പാര്‍ക്കുകള്‍, ഹരിതയിടങ്ങള്‍ എന്നിവയുടെ നിര്‍മാണം മുതലായവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
കേരളത്തിലെ നഗരങ്ങള്‍ക്ക് 587.99 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാനാണ് കേന്ദ്രാനുമതി ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തെ നിര്‍മ്മാണ പുരോഗതിയുടെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ട തുക വിതരണം ചെയ്യുക. ബിജെപി ഭരണ സംസ്ഥാനങ്ങളായ ഛത്തീസ്ഗട്ട്, ഹരിയാന, ഝാര്‍ഖണ്ഢ് തുടങ്ങിവയ്ക്ക് നല്‍കിയതിലും കൂടുതല്‍ തുകയാണ് കേരളത്തിലെ നഗരവികസന പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയതെന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: