വര്‍ക്കല: ടൂറിസം സീസണ്, തീര്‍ഥാടനം, ന്യൂ ഇയര്‍ എന്നിവ മുന്നില്‍ കണ്ട് വര്‍ക്കലയിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് ലോബികള്‍ പിടിമുറുക്കുന്നതായി സൂചന.
കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകള്‍ വന്‍തോതില്‍ വര്‍ക്കലയില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് ഇതുസംബന്ധിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ്, എക്സൈസ് അധികൃതര്‍ മേഖലയില്‍ പരിശോധന ഊര്‍ജിതപ്പെടുത്തി. ഷാഡോ പോലീസിന്റൈ നിരീക്ഷണം ശക്തമാക്കുവാനും നടപടി ആവിഷ്കരിച്ചു.
തീരദേശമേഖലയിലും കോളനി പ്രദേശങ്ങളിലുമാണ് വിപണനം കേന്ദ്രീകരിച്ചിട്ടുള്ളത്. ആവശ്യക്കാരില്‍ ഏറെയും വിദ്യാര്‍ഥികളും നിര്‍മാണതൊഴിലാളികളുമാണ്. പാപനാശം തീരത്തെത്തുന്ന നല്ലൊരുപങ്ക് വിദേശികളും ലഹരിവസ്തുക്കളുടെ ഉപഭോക്താക്കളാണ്. ആര്‍ഭാടജീവിതം നയിക്കുന്ന ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കും ഇവ ഒഴിച്ചുകൂടാന്‍ കഴിയാത്ത ദുരവസ്ഥയാണ് ഉള്ളത്.
എട്ടാംതരം മുതല്‍, പ്ലസ്ടു, ഡിഗ്രി തലംവരെയുള്ള വിദ്യാര്‍ഥികളില്‍ കഞ്ചാവിന്റെ ഉപയോഗം വര്‍ധിച്ചിട്ടുള്ളതായും ഏറിയും കുറഞ്ഞും ചിലയിടങ്ങളില്‍ പെണ്‍കുട്ടികളും ഇതിന് പിന്നാലെ പരക്കം പായുന്നതായും നിരീക്ഷിച്ചറിഞ്ഞതായി ആറ്റിങ്ങല്‍ ഡിവൈഎസ്പി ആര്. പ്രതാപന്‍നായര്‍ വെളിപ്പെടുത്തി. ലഹരിക്കായി ചില സെഡേഷന്‍ ടാബ്ലറ്റുകളും ഉപയോഗിക്കുന്ന വിദ്യാര്‍ഥിനികളും ഉണ്ടത്രേ.
നിയമത്തിന്റെ പഴുത് അറിയാവുന്ന ലോബികള്‍ വിതരണക്കാരുടെ കൈവശം നൂറുഗ്രാമില്‍ താഴെ മാത്രമേ കഞ്ചാവ് നല്കി വിടാറുള്ളു. പിടിക്കപ്പെട്ടാലും ജാമ്യത്തിലിറങ്ങാന്‍ കഴിയുമെന്നതിനാലാണ് അളവില്‍ കുറവ് കരുതുന്നത്. ഇക്കഴിഞ്ഞ 24ന് എക്സൈസ് വര്‍ക്കല റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ താഴെ വെട്ടൂര്‍ സ്വദേശി നിസാറിനെ 28 പൊതി കഞ്ചാവുമായാണ് പിടികൂടിയത്.
വിദേശ മദ്യശാലകള്‍ അടച്ചുപൂട്ടിയതോടെ മദ്യപാനത്തിന് സാഹചര്യമില്ലാത്ത ചിലരെങ്കിലും ലഹരിവസ്തുക്കള്‍ക്ക് പതിയെ അടിമപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: