ആലപ്പുഴ: ശരണ്യ സ്വയംതൊഴില്‍ പദ്ധതി പ്രകാരം 2014-15 സാമ്പത്തിക വര്‍ഷം 428 അപേക്ഷകര്‍ക്ക് 2,05,37,000 രൂപയുടെ വായ്‌പ വിതരണം ചെയ്തതായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി.ആര്‍. ആസാദ് പറഞ്ഞു. പദ്ധതിയുടെ ജില്ലാതല കമ്മിറ്റിയില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ വിധവകള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, ഭര്‍ത്താവിനെ കാണാതായവര്‍, നിയമാനുസൃതം വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, 30 വയസ്സിനുമുകളില്‍ അവിവാഹിതര്‍, പട്ടികവര്‍ഗ വിഭാഗത്തിലെ അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കാണ് സ്വയംതൊഴിലിന് വായ്‌പ നല്‍കുന്നത്.
അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപ വരെ പലിശരഹിതവായ്‌പയും ഒരു ലക്ഷം രൂപവരെ മൂന്നു ശതമാനം പലിശയ്‌ക്കുമാണ് വായ്‌പ അനുവദിക്കുക. അഞ്ചു വര്‍ഷമാണ് തിരിച്ചടവ് കാലാവധി. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പ്രായം 18-55.
കമ്മിറ്റിയംഗങ്ങളായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, ജില്ലാ വ്യവസായ ഓഫീസര്‍ സി. ശോഭന കുമാരി, സെല്‍ഫ് എംപ്ലോയ്‌മെന്റ് ഓഫീസര്‍ വി. സന്തോഷ് കുമാര്‍, പ്ലേസ്‌മെന്റ് ഓഫീസര്‍ കെ.ജെ.ഡബ്യൂ. സന്തോഷ്, കുടുംബശ്രീ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ കെ.കെ. കവിത തുടങ്ങിയവര്‍ പങ്കെടുത്തു. 120 അപേക്ഷകള്‍ പരിഗണിച്ചു.
അപേക്ഷകള്‍ പരിഗണിക്കുന്നതിനുള്ള അടുത്ത യോഗം നാലിന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
















